ജെറ്റില്‍ കണ്ണുവെച്ച് ടാറ്റയും ടിപിജിയും ഇത്തിഹാദും

ജെറ്റില്‍ കണ്ണുവെച്ച് ടാറ്റയും ടിപിജിയും ഇത്തിഹാദും

ന്യൂഡെല്‍ഹി: കടക്കെണിയിലകപ്പെട്ട ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പും അമേരിക്കന്‍ നിക്ഷേപക കമ്പനിയായ ടിപിജിയും സജീവമായി രംഗത്ത്. ജെറ്റിലെ പങ്കാളിത്തം പാതിയായി വെട്ടിക്കുറച്ച അബുദാബി വിമാനക്കമ്പനി ഇത്തിഹാദും താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതോടെ വിമാനക്കമ്പനിയെ സ്വന്തമാക്കാനുള്ള പോരാട്ടം കടുക്കും. പങ്കാളിത്ത ഫണ്ടോടു കൂടിയായിരിക്കും ടിപിജി ലേലം സമര്‍പ്പിക്കുക. ജെറ്റ് എയര്‍വേയ്‌സിന്റെ യാത്രാ പദ്ധതിയായ ജെറ്റ് പ്രിവിലേജില്‍ ഓഹരി പങ്കാളിത്തത്തിന് 2018 ല്‍ ടിപിജി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സജീവമായി തന്നെ മുന്നോട്ട് നീങ്ങാനാണ് വിസ്താരയും എയര്‍ഏഷ്യയും സ്വന്തമായുള്ള ടാറ്റാ ഗ്രൂപ്പിന്റെ തീരുമാനം. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസത്തോളം കാലതാമസമുണ്ടായേക്കുമെന്നാണ് സൂചന.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തെ ഇത്തിഹാദ് സമീപിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 37 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുത്ത് പങ്കാളിത്തം 49 ശതമാനമായി വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ ഇത്തിഹാദിന് 24 % ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ഭൂരിപക്ഷ ഓഹരികള്‍ വായ്പാദാതാക്കള്‍ ഏറ്റെടുക്കുന്നതോടെ ഇത് 12 ശതമാനത്തിലേക്ക് കുറയും.

ജെറ്റിന് വേണ്ടിയുള്ള ലേലം ഏപ്രില്‍ 9 വരെ ക്ഷണിക്കുമെന്നാണ് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞത്. ഏപ്രില്‍ 30 വരെയാണ് അന്തിമ ലേല അപേക്ഷകള്‍ പ്രതീക്ഷിക്കുന്നത്. 80,000 കോടി രൂപയിലധികമാണ് ജെറ്റിന്റെ കടം.

Comments

comments

Categories: FK News, Slider
Tags: Jet Airways, Tata