വിജയിച്ച സംരംഭകര്‍ ഇങ്ങനെയൊക്കെയാണ് !

വിജയിച്ച സംരംഭകര്‍ ഇങ്ങനെയൊക്കെയാണ് !

ഒരു ക്‌ളാസ് മുറിക്കുള്ളില്‍ ഇരുന്നുകൊണ്ട് സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ക്ക് പിന്നാലെ പായുമ്പോള്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിഞ്ഞിരുന്നില്ല, താന്‍ ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്ന ഫേസ്ബുക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാകുമെന്ന്. തികച്ചും സാധാരണമായ ചുറ്റുപാടില്‍ നിന്നും ബിസിനസ് ആശയങ്ങള്‍ വികസിപ്പിച്ചെടുത്ത ബില്‍ഗേറ്റ്‌സിനും പറയാനുണ്ട് ഇത്തരമൊരു ചരിത്രം. എന്തിനേറെ പറയുന്നു, കേരളത്തിനും പറയാനുണ്ട് ഇത്തരം മാതൃകകള്‍. ഒറ്റമുറി കടയില്‍ നിന്നും ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയി മാറിയ വി ഗാര്‍ഡ് ഗ്രൂപ്പ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുതല്‍ ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ വരെ എത്രയെത്ര സംരംഭക വിജയികള്‍.ഒരു ദിവസം പുലര്‍ന്നു വെളുത്തപ്പോള്‍ സംരംഭകത്വത്തില്‍ വിജയികളായവരല്ല ഇവരാരും. വിജയിച്ച ഓരോ സംരംഭകര്‍ക്കും പറയാനുള്ളത് കഠിനാധ്വാനത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ഫോര്‍മുലകളാണ്.

ബിസിനസില്‍ വിജയിക്കുക എന്ന് പറഞ്ഞാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. മികച്ച ആശയം, നിക്ഷേപം, മാനേജ്‌മെന്റ് ടീം തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ടെങ്കിലും ബിസിനസില്‍ വിജയിക്കണമെങ്കില്‍ സംരംഭകന്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങുക തന്നെ വേണം. ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് വിദേശ സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ ആളുകളെ തന്റെ സ്ഥാപനത്തില്‍ ജോലിക്ക് വച്ചതുകൊണ്ട് മാത്രം സംരംഭം വിജയിക്കണമെന്നില്ല. എന്താണ് തന്‍ സംരംഭം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും. ഏതെല്ലാം രീതിയിലുള്ള വികസനമാണ് സംരംഭത്തിന് വേണ്ടത് എന്നുമുള്ള ചിന്ത സംരംഭകനുണ്ടായിരിക്കണം. ഇത്തരത്തില്‍ വിജയിച്ച സംരംഭകര്‍ പൊതുവായി പിന്തുടരുന്ന 10 വിജയമന്ത്രങ്ങള്‍ നോക്കാം. സുക്കര്‍ബര്‍ഗ് മുതല്‍ ബൈജു രവീന്ദ്രന്‍ വരെയുള്ള സംരംഭകര്‍ പിന്തുടരുന്ന വിജയത്തിന്റെ ഫോര്‍മുലകള്‍.

1 . സ്വന്തം സംരംഭത്തെ അറിയുക

സംരംഭകത്വത്തില്‍ വിജയിക്കണമെങ്കില്‍ ആദ്യം സ്വന്തം സംരംഭത്തെ അടുത്തറിയണം. എല്ലാവരും നിക്ഷേപിക്കുന്ന അതെ മേഖലയില്‍ നിക്ഷേപം നടത്തി വരുമാനമുണ്ടാക്കാം എന്ന എളുപ്പ ചിന്താഗതിയില്‍ ഒരിക്കലും നിക്ഷേപം നടത്തരുത്. നിക്ഷേപിക്കുന്ന മേഖല ഏതായാലും അതേപ്പറ്റി പൂര്‍ണമായ അറിവ് ഉണ്ടായിരിക്കണം. മാത്രമല്ല, തനിക്ക് മാനേജ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണോ അവിടെയുള്ളത് എന്ന് മനസിലാക്കണം. മാനേജ്‌മെന്റ് രംഗത്ത് എക്‌സ്പീരിയന്‍സ് ഉള്ള ഒരു വ്യക്തി സാങ്കേതിക രംഗത്ത് നിക്ഷേപം നടത്തിയാല്‍ വിജയിക്കണമെന്നില്ല. അതിനാല്‍ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞു മാത്രം സംരംഭത്തെ തെരഞ്ഞെടുക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ലാഭമാ ലഭിക്കാമെന്നുള്ള മോഹവാഗ്ദാനങ്ങള്‍ക്ക് പിന്നാലെ പായുന്ന സംരംഭകര്‍ക്ക് പിന്നീട് തിരിച്ചടി കിട്ടിയതാണ് ചരിത്രം. അതിനാല്‍ കാര്യങ്ങള്‍ നന്നായി പഠിച്ച ശേഷം മാത്രം നിക്ഷേപം നടത്തുക.

2 . SWOT അനാലിസിസ് വേണം

ഏതൊരു സംരംഭകനും തന്റെ സംരംഭത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകണം എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ SWOT അനാലിസിസ് നടത്തുക തന്നെ വേണം. പ്രസ്തുത മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് കാരണമായ കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന കാര്യത്തില്‍ സ്വയം ഒരു തിരിച്ചറിവ് വേണം. tsreangth, weakness, opportunities, threat തുടങ്ങിയ കാര്യങ്ങളാണ് SWOT അനാലിസിസ് കൊണ്ട് ഉദ്ദേശിക്കുന്നത്. സംരംഭകരംഗത്തെ ശക്തി, കുറവുകള്‍, അവസരങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയ ഇത്തരത്തില്‍ ഘട്ടം ഘട്ടമായി വിലയിരുത്തണം. വിജയിച്ച സംരംഭകര്‍ എല്ലാവരും വികസനത്തിന്റെ ഓരോ ഘട്ടത്തിലും ഇത്തരത്തില്‍ SWOT അനാലിസിസ് ചെയ്തിട്ടുണ്ട്. അങ്ങനെ കഴിവുകളും വിജയസാധ്യതകളും വിലയിരുത്താതെ നടത്തുന്ന നിക്ഷേപമാണ് പലപ്പോഴും പരാജയത്തില്‍ കലാശിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെകാലത്ത് വളര്‍ന്നു വരുന്ന സംരംഭകരും വളര്‍ച്ച പ്രാപിച്ച സംരംഭകരും ഒരുപോലെ SWOT അനാലിസിസിന് പ്രാമുഖ്യം നല്‍കുന്നു.

3 . വിജയമറിഞ്ഞു മാത്രം നിക്ഷേപം

മികച്ച ഒരു സംരംഭകത്വ ആശയം കയ്യിലുണ്ടെങ്കില്‍ ഇന്ന് ഫണ്ട് ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. ധാരാളം സര്‍ക്കാര്‍ ഏജന്‍സികളും സംരംഭകത്വ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളും നിശ്ചിത പലിശനിരക്കിന്മേല്‍ വായ്പ നല്‍കുന്നുണ്ട്. ഫണ്ട് ലഭിക്കാന്‍ പല വഴികള്‍ ഉണ്ട് എന്നതിനാല്‍ തന്നെ വലിയൊരു തുക നിക്ഷേപത്തിനായി മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നു. എന്നാല്‍ വിജയിച്ച സംരംഭകര്‍ ഒരിക്കലും ഈ രീതിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വരുമാനം കണ്ടറിഞ്ഞും സ്ഥാപനത്തിന്റെ വിജയ സാധ്യത നോക്കിയും മാത്രം ഘട്ടം ഘട്ടമായി നിക്ഷേപം നടത്തുന്നതാണ് ഉചിതം. ഇത്തരത്തില്‍ മികച്ച അവസരങ്ങള്‍ കണ്ടെത്തി നിക്ഷേപം കൊണ്ട് വന്നിട്ടുള്ള സംരംഭകര്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിക്ഷേപവും വരുമാനവും തമ്മിലുള്ള അനുപാതം കൃത്യമായി സംരക്ഷിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ എടുത്തുചാടി നിക്ഷേപം നടത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്.

4. വായിച്ചു വളരണം

വായിച്ചു വളര്‍ന്നാല്‍ വിളയും എന്നാണ് കുഞ്ഞുണ്ണിമാഷ് പറഞ്ഞിരിക്കുന്നത്. ഇത് സംരംഭകത്വത്തിലും ശരിയാണ്. മികച്ച വായനാശീലമുള്ള സംരംഭകര്‍, ബിസിനസില്‍ മികസിച്ച വിജയം കൈവരിക്കുന്നതായിട്ടാണ് കാണുന്നത്.വിജയികളായ സംരംഭകര്‍ മറ്റാരേക്കാളും വായന ശീലമുള്ളവരായിരിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന അറിവ് അവര്‍ സംരംഭകത്വത്തില്‍ വിനിയോഗിക്കുകയും ചെയ്യും. തിരക്കുള്ള ഒരു സംരംഭകന് പലവിധ ടെന്‍ഷനുകളുടെയും മധ്യത്തിലൂടെ കടന്നു പോകേണ്ടതായി വരാം. ഇതില്‍ നിന്നെല്ലാം ഒരു റിലാക്‌സേഷന്‍ ലഭിക്കുവാന്‍ വായന സഹായിക്കും. എന്ന് കരുതി ഇപ്പോഴും വായിച്ചുകൊണ്ടിരിക്കണം എന്ന് അര്‍ത്ഥമില്ല. രാത്രി ഉറങ്ങുന്നതിന് മുന്‍പ് 20 മിനിറ്റ് മുടക്കമില്ലാതെ ഇഷ്ടമുള്ള കാര്യങ്ങള്‍ ഒന്ന് വായിച്ചു നോക്കൂ. ജീവിതത്തിലുണ്ടാകുന്ന വ്യത്യസം നമുക്ക് സ്വയം കണ്ടറിയാന്‍ സാധിക്കും. അറിവ് വര്ധിക്കുന്നതിനൊപ്പം തന്നെ മാനസികോല്ലാസം ലഭിക്കാനും ഇത് സഹായിക്കും. ലോകത്തെ മികച്ച സംരംഭകരുടെ ജീവ ചരിത്രം പരിശോധിച്ചാല്‍ വായനക്കുള്ള സ്ഥാനം മനസിലാക്കാം. അതിനാല്‍ വായനക്ക് നോ പറയേണ്ട കാര്യമില്ല.

5. ഉല്ലാസത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുക

joli ഏറെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പ്രത്യേകിച്ച് സ്വന്തമായി ഒരു സംരംഭം നടത്തിക്കൊണ്ട് പോകുക എന്ന് പറയുമ്പോള്‍ ഇരട്ടി ജോലി അതിനായി ചെയ്യുക തന്നെ വേണം. വിജയം കാണുന്നത് വരെ വിശ്രമമില്ല എന്ന പോളിസി പക്ഷെ നല്ലതല്ല. ഏതൊരു കാര്യം ചെയ്യുമ്പോഴും പൂര്‍ണത ലഭിക്കണമെങ്കില്‍ മാനസികോല്ലാസവും പ്രധാനമാണ്. തുടര്‍ച്ചയായ മീറ്റിംഗുകളും ജോലികളും യാത്രയും കൊണ്ട് അവശനാകുന്ന ഒരു സംരംഭകന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിസിനസില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് വിജയികളായ സംരംഭകരെല്ലാം എന്തുവില കൊടുത്തും തിരക്കേറിയ ജീവിതത്തില്‍ ഉല്ലാസത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവിടുക, യാത്രകള്‍ പോകുക എന്നിവയെല്ലാം അനിവാര്യമാണ്. ബിസിനസില്‍ നിന്നും ഇടക്കിടക്ക് ആരോഗ്യകരമായ ഒരു ബ്രേക്ക് എടുക്കണം. ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ഇക്കാര്യത്തില്‍ ഒരു മികച്ച മാതൃകയാണ്.

6. ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക

സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന ഓരോ വ്യക്തിക്കും വ്യക്തമായ ജീവിത ലക്ഷ്യം അനിവാര്യമാണ്. അന്നന്നത്തെ അപ്പത്തിനുള്ള വഴിമാത്രം കണ്ടുകൊണ്ട് ആരും സംരംഭകത്വത്തിലേക്ക് ഇറങ്ങിത്തിരിക്കരുത്. വലിയ, വ്യക്തതയുള്ള ലക്ഷ്യങ്ങള്‍ ആണ് സംരംഭക വിജയത്തിന് അനിവാര്യം. മലയോളം ആഗ്രഹിച്ചാല്‍ മാത്രമേ കുന്നോളം കിട്ടൂ എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക. ലക്ഷ്യങ്ങളില്‍ നിന്നും വ്യക്തി ചലിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. തന്റെ ലക്ഷ്യം സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും കൂടി പ്രവര്‍ത്തന ലക്ഷ്യമായി അവതരിപ്പിക്കുക. ഇത്തരത്തില്‍ ലക്ഷ്യപ്രാപ്തിക്കായി സ്ഥാപനത്തിലെ അംഗങ്ങളെയും ബുദ്ധിപൂര്‍വം ഉപയോഗിക്കുക. ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാര്‍ഗങ്ങള്‍ യദാസമയം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്. റിക്‌സ് എടുക്കേണ്ട സാഹചര്യങ്ങളില്‍ അതിനുള്ള മനസ്സ് കാണിക്കുക. ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ നേടിയെടിക്കുമ്പോഴും അത് തന്റെ പ്രൊഫഷണല്‍ വിജയമാണ് എന്ന് സ്വയം തിരിച്ചറിയുക.

7 . മികച്ച ഫലം കിട്ടുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക

ഒരിക്കല്‍ നിങ്ങള്‍ സംരംഭകത്വത്തിലേക്ക് കടന്നാല്‍ നിങ്ങളുടെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മുന്‍ഗണന സംരംഭകത്വത്തിന് തന്നെയായിരിക്കണം. ഒരു സംരംഭകന്‍ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ് എന്ന് മനസിലാക്കുക. ഹൈ വാല്യൂ ടാസ്‌കുകള്‍ക്കു മാത്രം സമയം ചെലവഴിക്കുക. താന്‍ ചെലവഴിക്കുന്ന സമയത്തിന് തക്കതായ പ്രതിഫലം ലഭിച്ചിരിക്കണം എന്ന ചിന്ത തുടക്കം മുതലേ കൂടെ ഉണ്ടാവണം. ഓഫീസിലെ എല്ലാക്കാര്യങ്ങളിലും തന്റെ കണ്ണെത്തണം എന്ന ചിന്ത നല്ല സംരംഭകന് ചേര്‍ന്നതല്ല. സാധാരണ ജോലികള്‍ തന്റെ ടീമിന് വിഭജിച്ച് കൊടുത്ത്, ഏറ്റവും ഗുണം ചെയ്യുമെന്നുറപ്പുള്ള കാര്യങ്ങള്‍ക്കായി മാത്രം തങ്ങളുടെ സമയം നീക്കി വക്കുക. താന്‍ ജോലിക്ക് വച്ചിരിക്കുന്ന വ്യക്തികളില്‍ നിന്നും കമ്പനിയോട് ഏറ്റവും കൂടുതല്‍ കൂറ് കാണിക്കുന്ന വ്യക്തികളെ തെരഞ്ഞെടുക്കുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുക. ഒരു ബിസിനസ് പൂര്‍ണതയില്‍ എത്തുന്നതിന് മുന്‍പായി മറ്റൊരു ബിസിനസ് ആശയത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത് ഒരിക്കലും ആശാസ്യകരമായ കാര്യമല്ല.

8. നെറ്റ്‌വര്‍ക്കിംഗ് എന്ന ശക്തി മരുന്ന്

ഒരു സംരംഭകന്റെ വിജയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ ഘടകമാണ് നെറ്റ്‌വര്‍ക്കിംഗ്. ഇന്ന് സോഷ്യല്‍ മീഡിയ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ നെറ്റ്‌വര്‍ക്കിംഗ് എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായും ഉപഭോക്താക്കളുമായും മികച്ച ബന്ധം സ്ഥാപിച്ചെടുക്കാന്‍ നെറ്റ്‌വര്‍ക്കിംഗ് സഹായിക്കും. എന്നാല്‍ ഇതിനായി മുന്‍കൈ എടുക്കേണ്ടതും സമയം മാറ്റിവക്കേണ്ടതും സംരംഭകന്റെ ഉത്തരവാദിത്വമാണ്. നെറ്റ് വര്‍ക്കിംഗ് മുഖേന ഫണ്ടിംഗ് മുതല്‍ ബ്രാന്‍ഡിംഗ് വരെയുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കും. ഇന്ന് ഉപയോഗിച്ച് വരുന്ന മാര്‍ക്കറ്റിംഗ് ടൂളുകളില്‍ ഏറ്റവും ശക്തമായതും റിസോര്‍സ്ഫുള്‍ ആയതുമായ ഒന്നാണ് നെറ്റ് വര്‍ക്കിംഗ്. സ്ഥാപനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കൂടുതല്‍ ആളുകളെ തങ്ങളുടെ ശൃംഖലയിലേക്ക് ചേര്‍ക്കാന്‍ നെറ്റ്വര്‍ക്കിംഗിന് നേതൃത്വം നല്‍കുന്ന സംരംഭകന്‍ ശ്രദ്ധിക്കണം.

9. ടൈം ആന്‍ഡ് മണി മാനേജ്‌മെന്റ്

പല സംരംഭകരും തോറ്റു പോകുന്നത് ഇവിടെയാണ്. സമയം, പണം തുടങ്ങിയ കാര്യങ്ങള്‍ നോക്കി കൈകാര്യം ചെയ്തില്ല എങ്കില്‍ പരാജയമായിരിക്കും ഫലം. കാഷ് ഫ്‌ലോ ബാലന്‍സ് ചെയ്യുന്നതിലും കടക്കെണിയില്‍ പെടാതിരിക്കുന്നതിലും സംരംഭകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അത് പോലെ തന്നെ അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് സമയം കളയാതിരിക്കാനും ശ്രദ്ധ വേണം. സംരംഭകത്വത്തില്‍ ചെലവാക്കുന്ന ഓരോ രൂപയും നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട് എന്ന് ഉറപ്പാക്കണം. എന്ന് കരുതി സ്ഥാപനത്തിന് വികസനം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ പിശുക്ക് കാണിക്കരുത്. സമയവും സന്ദര്‍ഭവും നന്നായി മനസിലാക്കിയ ശേഷം നിക്ഷേപം അനിവാര്യമെങ്കില്‍ നടത്തുക. എന്നാല്‍ ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്ന ചൊല്ല് മനസ്സില്‍ സൂക്ഷിക്കുക.

10. കൃത്യമായ ദിനചര്യ അനിവാര്യം

ഊണും ഉറക്കവും കളഞ്ഞു സംരംഭം വളര്‍ത്തിയെടുത്തു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ സംരംഭം വളര്‍ന്നു വരുമ്പോഴേക്കും സംരംഭകന്‍ കിടപ്പിലായിരിക്കും. അതിനാല്‍ കൃത്യമായ ഒരു ദിനചര്യ സംരംഭകന് അനിവാര്യമാണ്. കൃത്യമായ വ്യായാമം, ഭക്ഷണം, ഉറക്കം എന്നിവ ശീലമാക്കണം. നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല ഊര്‍ജം അനിവാര്യമാണ്.അത് കൃത്യമായ ഒരു ദിനചര്യയിലൂടെ മാത്രമേ ലഭ്യമാകൂ. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസും ഉണ്ടാകൂ എന്ന ചൊല്ല് ഇവിടെ നമ്മള്‍ ഓര്‍ക്കുക.

Related Articles