ആണവശക്തിയാകാന്‍ സൗദിക്ക് അമേരിക്കന്‍ സഹായം

ആണവശക്തിയാകാന്‍ സൗദിക്ക് അമേരിക്കന്‍ സഹായം

സൗദി അറേബ്യയുടെ ആണവപദ്ധതികളില്‍ പങ്കാളികളാകാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ട്രംപിന്റെ അനുമതി

റിയാദ്: എതിര്‍പാര്‍ട്ടിക്കാരുടെ ആണവായുധ ആശങ്കകള്‍ വകവെക്കാതെ സൗദി അറേബ്യയ്ക്ക് ആണവ സാങ്കേതിക വിദ്യ നല്‍കാന്‍ അമേരിക്കയുടെ തീരുമാനം. സൗദിയുടെ ആണവ പദ്ധതികളില്‍ പങ്കാളികളാകുന്നതിന് അപേക്ഷ സമര്‍പ്പിച്ച കമ്പനികള്‍ക്കാണ് അമേരിക്കയുടെ പച്ചക്കൊടി. സൗദി ആണവായുധ നിര്‍മ്മാണത്തിന് ശ്രമിക്കുമെന്ന ആശങ്ക ജനപ്രതിനിധികള്‍ പങ്കുവെച്ചിട്ടും സൗദിയുടെ ആറോളം ആണവ പദ്ധതികളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കമ്പനികള്‍ക്ക് ട്രംപ് ഭരണകൂടം അനുവാദം നല്‍കുകയായിരുന്നു.

സെനറ്റ് സമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് സൗദി അറേബ്യയില്‍ ആറും ജോര്‍ദാനില്‍ രണ്ടും ആണവ പദ്ധതികളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതി തേടിയ അപേക്ഷകള്‍ അംഗീകരിച്ചതായി ഊര്‍ജ സെക്രട്ടറി റിക് പെറി അറിയിച്ചത്. 2017ന് ശേഷം ലഭിച്ച 65 അപേക്ഷകളില്‍ 37 എണ്ണത്തിന് അനുമതി നല്‍കിയതായി വ്യക്തമാക്കിയ പെറി ആയുധ നിര്‍മ്മാണത്തിനായി സൗദി ആണവ സാങ്കേതിക വിദ്യ ഉപയോഗിക്കുകയില്ലെന്ന് ഉറപ്പ് വരുത്താന്‍ അമേരിക്ക ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി.

സൗദി അറേബ്യയുടെയും ജോര്‍ദാന്റെയും ആണവ പദ്ധതികളുമായി അമേരിക്ക സഹകരിച്ചില്ലെങ്കില്‍ ആണവ സാങ്കേതിക വിദ്യ തേടി അവര്‍ ചൈനയിലോ റഷ്യയിലോ പോകുമെന്നും അത് അപകടകരമാണെന്നും പെറി പറഞ്ഞു. ‘ഈ രണ്ട് രാജ്യങ്ങളും ആണവായുധ നിര്‍മ്മാണത്തെ എതിര്‍ക്കില്ലെന്ന് തനിക്ക് ഉറപ്പാണ്. അണുവായുധം കൈവശം വയ്ക്കുന്നതിനെ എതിര്‍ക്കുന്നതില്‍ അമേരിക്കയ്ക്ക് ദീര്‍ഘകാല ചരിത്രമുണ്ട്. മറ്റാരേക്കാളും മികവില്‍ അമേരിക്ക അത് ചെയ്യും’. പെറി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ‘ദ ഡെയ്‌ലി ബീസ്റ്റ്’ എന്ന വാര്‍ത്താ വെബ്‌സൈറ്റ് അനുമതി സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. കമ്പനികള്‍ ഉടമസ്ഥാവകാശ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാലാണ് ഇക്കാര്യം നേരത്തെ പ്രഖ്യാപിക്കാതിരുന്നതെന്ന് പെറി ന്യായീകരിച്ചു.

ആണവ സാങ്കേതിക വിദ്യ സമാധാനപരമായി ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന 123ാം കരാര്‍ സംബന്ധിച്ച് സൗദി അറേബ്യ ധാരണയിലെത്താതിരുന്നിട്ട് കൂടി സൗദിക്ക് സിവില്‍ ആണവ സാങ്കേതിക വിദ്യ രഹസ്യമായി അനുവദിക്കുന്നതില്‍ ട്രംപ് ഭരണകൂടം ധൃതി കാണിക്കുകയാണെന്നാണ് ഡെമോക്രാറ്റിക് അംഗങ്ങളുടെ വാദം. 123ാം കരാറ് ഇല്ലാതെ രാജ്യങ്ങള്‍ക്ക് നിയമപരമായി ആണവ സാമഗ്രികള്‍ കൈമാറാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതിയില്ല.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിന്റെ സ്ഥിരത സംബന്ധിച്ച് അമേരിക്കയിലെ ചില ജനപ്രതിനിധികള്‍ക്ക് ഏറെ ആശങ്കയുണ്ട്. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകവും യെമന്‍ യുദ്ധവുമാണ് ഈ ആശങ്കകള്‍ക്ക് അടിസ്ഥാനം. ഇക്കാരണത്താല്‍ അതീവ ജാഗ്രത വേണ്ടുന്നതായ അമേരിക്കയുടെ ആണവ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൗദി അറേബ്യയില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ ധൃതി കാണിക്കരുതെന്ന് പലരും വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ സൗദി അറേബ്യയുമായി വളരെ അടുപ്പം കാത്ത് സൂക്ഷിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ സാങ്കേതിക വിദ്യ നല്‍കുന്നതിനെ ചൊല്ലി സൗദിയോട് ഇടയാന്‍ സാധ്യതയില്ല. സൗദിയെ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഒറ്റപ്പെടുത്തിയ ഖഷോഗ്ഗി കൊലപാതകത്തില്‍ പോലും സൗദിയിലെ കൗശലക്കാരനായ ഭരണകര്‍ത്താവ് എംബിഎസിനെതിരായി ഒരു വാക്ക് ഉരിയാടാന്‍ ട്രംപ് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല അതിന് ശേഷവും സൗദിയുമായി നിരവധി സഹകരണ കരാറുകളില്‍ അമേരിക്ക ഒപ്പുവെക്കുകയും ചെയ്തു. അമേരിക്കന്‍ ബിസിനസുകള്‍ക്ക് പറ്റിയ ഇടമാണ് സൗദി അറേബ്യയെന്ന് ട്രംപ് പ്രത്യക്ഷമായി തന്നെ പറഞ്ഞിട്ടുണ്ട്.

Comments

comments

Categories: Arabia