സൗദിക്കെതിരായ ആയുധവിലക്ക് നീട്ടാന്‍ ജര്‍മ്മനിയുടെ തീരുമാനം

സൗദിക്കെതിരായ ആയുധവിലക്ക് നീട്ടാന്‍ ജര്‍മ്മനിയുടെ തീരുമാനം

വിലക്കിനെതിരെ ഫ്രാന്‍സില്‍ നിന്നും യുകെയില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു

റിയാദ്: സൗദി അറേബ്യയ്ക്ക് എതിരായ ആയുധ വിലക്ക് ആറുമാസത്തേക്ക് കൂടി നീട്ടാന്‍ ജര്‍മ്മനിയിലെ ഏയ്ഞ്ചല മര്‍ക്കല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 30 വരെ സൗദിയിലേക്കുള്ള ആയുധ വിaതരണം നിര്‍ത്തിവെക്കാനാണ് തീരുമാനം. യൂറോപ്പിലെ മുഴുവന്‍ ആയുധ വിപണിയെയും ബാധിച്ച പ്രശ്‌നത്തില്‍ നേരത്തെ ഏയ്ഞ്ചല സര്‍ക്കാരിന്റെ കൂട്ട്മന്ത്രിസഭയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

വിലക്ക് നിലനില്‍ക്കുന്ന സമയത്ത് പുതിയ ആയുധ കരാറുകള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വക്താവ് സ്റ്റീഫന്‍ സീബെര്‍ട്ട് അറിയിച്ചു. അതേസമയം മറ്റ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത കയറ്റുമതി പദ്ധതികളെ വിലക്കില്‍ നിന്നും ഒഴിവാക്കണമോ എന്ന കാര്യത്തില്‍ പങ്കാളി രാഷ്ട്രങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കും. ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആയുധങ്ങള്‍ സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ നടത്തുന്ന യുദ്ധത്തിനായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി സൗദി അറേബ്യ, യുഎഇ എന്നീ രാഷ്ട്രങ്ങളുമായി ചര്‍ച്ചകള്‍ നടത്താനും ജര്‍മ്മനി തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് സൗദിയിലേക്കുള്ള ആയുധ വില്‍പനയ്ക്ക് ജര്‍മ്മനി താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിന്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് ആറ് മാസത്തേക്ക് കൂട്ടി വിലക്ക് നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിലക്ക് നീട്ടുന്ന കാര്യത്തില്‍ ഏയ്ഞ്ചല മര്‍ക്കലിന്റെ കൂട്ട് മന്ത്രിസഭയില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നിരുന്നു. സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ആയുധവിലക്ക് നീട്ടണമെന്നാണ് ഏയ്ഞ്ചലയോട് ആവശ്യപ്പെട്ടത്. യെമനിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിക്ക് മേലുള്ള സമ്മര്‍ദ്ദം തുടരണമെന്ന് എസ്ഡിപിയിലെ നില്‍സ് ഷിമിഡ് ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് സൗദി അറേബ്യയിലേക്കുള്ള ആയുധ വിതരണം നിര്‍ത്തിവെക്കാന്‍ ജര്‍മ്മനി തീരുമാനിച്ചത്. ഖഷോഗ്ഗിയുടെ കൊലപാതകത്തിലെ സത്യം പുറത്ത് വരുന്നത് വരെ വിലക്ക് തുടരുമെന്നാണ് അന്ന് ഏയ്ഞ്ചല പറഞ്ഞതെങ്കിലും ഇടയ്ക്ക് നിലപാട് മയപ്പെടുത്തിയിരുന്നു. ജര്‍മ്മനിയുമായി ചേര്‍ന്നും സ്വതന്ത്രമായും സൗദിയില്‍ മിലിറ്ററി പദ്ധതികള്‍ നടപ്പാക്കുന്ന ഫ്രാന്‍സിന് ജര്‍മ്മനിയുടെ വിലക്ക് സമ്മര്‍ദ്ദം സൃഷ്ടിച്ചു. ഇത് യൂറോപ്പിലെ സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിപ്രായതര്‍ക്കത്തിന് വഴിവെച്ചു.

എയര്‍ ബസ് ഉള്‍പ്പടെയുള്ള കമ്പനികളുടെ നേരത്തെ നിശ്ചയിച്ചിരിക്കുന്ന കരാറുകളില്‍ അടക്കമുള്ള എല്ലാ ആയുധങ്ങളുടെയും വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത് യൂറോപ്പിലുടനീളമുള്ള ആയുധ കയറ്റുമതിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. യുകെ, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ വിലക്കിനെതിരായി രംഗത്ത് വരികയും ചെയ്തു.

Comments

comments

Categories: Arabia

Related Articles