സ്മാര്‍ട്ട് വാങ്ങി സ്മാര്‍ട്ടാകാന്‍ ഗീലി

സ്മാര്‍ട്ട് വാങ്ങി സ്മാര്‍ട്ടാകാന്‍ ഗീലി

സ്മാര്‍ട്ട് ബ്രാന്‍ഡിലെ അമ്പത് ശതമാനം വരെ ഓഹരി ഡൈമ്‌ലര്‍ വില്‍ക്കും

ലണ്ടന്‍ : സ്മാര്‍ട്ട് ബ്രാന്‍ഡിലെ അമ്പത് ശതമാനം വരെ ഓഹരി വില്‍ക്കാന്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഡൈമ്‌ലര്‍ ഒരുങ്ങുന്നു. ഓഹരി വാങ്ങുന്നതിന് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗീലി ഡൈമ്‌ലറുമായി ചര്‍ച്ച നടത്തുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 16 ന് ഈ വര്‍ഷത്തെ ഷാങ്ഹായ് മോട്ടോര്‍ ഷോ ആരംഭിക്കുന്നതിന് മുമ്പ് ഓഹരി വില്‍പ്പന സംബന്ധിച്ച് ഡൈമ്‌ലര്‍ സ്ഥിരീകരിക്കുമെന്നും യുകെ ആസ്ഥാനമായ ബിസിനസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡൈമ്‌ലറിന്റെ സിറ്റി കാര്‍ ബ്രാന്‍ഡാണ് സ്മാര്‍ട്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഡൈമ്‌ലര്‍, ഗീലി വക്താക്കള്‍ പ്രതികരിച്ചില്ല. കഴിഞ്ഞ വര്‍ഷം ഡൈമ്‌ലറിന്റെ 9.7 ശതമാനം ഓഹരി ഗീലി സ്വന്തമാക്കിയിരുന്നു.

65 കാരനായ ‘സ്മാര്‍ട്ട്’ ചെയര്‍മാന്‍ ഡീറ്റെര്‍ സെറ്റ്‌ഷെ ഈ വരുന്ന മെയ് മാസത്തില്‍ തത്സ്ഥാനത്തുനിന്ന് വിരമിക്കുകയാണ്. ജര്‍മ്മന്‍ സിറ്റി കാര്‍ ബ്രാന്‍ഡിന്റെ ഭാവി സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഒരു കാരണം ഇതാണ്. പുതിയ ചെയര്‍മാന്‍ ഒല കല്ലേനിയസിനു കീഴില്‍ സ്മാര്‍ട്ട് ബ്രാന്‍ഡിന്റെ ബിസിനസ് രീതികളില്‍ മാറ്റം വരുത്താന്‍ ഡൈമ്‌ലര്‍ തയ്യാറെടുക്കുകയാണ്. സഹകരിക്കാന്‍ സാധ്യതയുള്ള നിരവധി കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഡൈമ്‌ലര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത തലമുറ മോഡലുകള്‍ ഇലക്ട്രിക് മാത്രമായിരിക്കുമെന്ന് സ്മാര്‍ട്ട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ ഫോര്‍ടു സിറ്റി കാര്‍, ഫോര്‍ടു കാബ്രിയോ, ഫോര്‍ഫോര്‍ സൂപ്പര്‍മിനി എന്നീ മൂന്ന് മോഡലുകളാണ് നഷ്ടത്തിലോടുന്ന സ്മാര്‍ട്ട് ബ്രാന്‍ഡ് വില്‍ക്കുന്നത്. 1994 ലാണ് സ്മാര്‍ട്ട് സ്ഥാപിച്ചത്. ലാഭമുണ്ടാക്കുന്നതിന് വിപണിയില്‍ നിരന്തരം പോരാടുകയാണ് സ്മാര്‍ട്ട് ബ്രാന്‍ഡ്. മെഴ്‌സേഡസ്-എഎംജി, മെഴ്‌സേഡസ്-ബെന്‍സ്, മെഴ്‌സേഡസ്-മെയ്ബാക്ക് എന്നിവയുടെയും മാതൃ കമ്പനിയാണ് ഡൈമ്‌ലര്‍. ചൈനയിലെ ഹാങ്‌ജോ ആസ്ഥാനമായി പ്രീമിയം റൈഡ് ഹെയ്‌ലിംഗ് സര്‍വീസ് ആരംഭിക്കുമെന്ന് ഡൈമ്‌ലറും ഗീലിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Geely