വരണ്ടുണങ്ങിയ കാലത്തെ ജലചിന്തകള്‍

വരണ്ടുണങ്ങിയ കാലത്തെ ജലചിന്തകള്‍

വെള്ളത്തിനായി ദാഹിക്കുന്ന ലോകത്തിന്റെ ദയനീയ ചിത്രങ്ങള്‍ ഭൂഖണ്ഡ ഭേദമെന്യേ കാണാനാരംഭിച്ച കാലത്താണ് നാം ജീവിക്കുന്നത്. പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും മനുഷ്യരുമെല്ലാം ഒരേപോലെ ദാഹാര്‍ത്തരായ നാടുകളും കാടുകളും ഭാവിയിലെ വലിയ പ്രതിസന്ധിയുടെ മുന്നറിയിപ്പാണ്. ജലസംരക്ഷണത്തിനും നദികളുടെ സ്രോതസായ വനങ്ങളുടെ സംരക്ഷണത്തിനുമായി ആസൂത്രിതവും പ്രകൃതിയോടിണങ്ങിയതുമായ പരിപാടികള്‍ രൂപീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ഭൂമിയില്‍ മനുഷ്യവാസം അസാധ്യമാവുമോ എന്ന ചോദ്യത്തിന് കുടിവെള്ളം സുലഭമായി കിട്ടുന്ന അത്രയും കാലം കുഴപ്പമുണ്ടാവില്ലെന്നതാണ് ഉത്തരം. കുടി വെള്ളം എന്നാല്‍ മനുഷ്യന് കുടിക്കാന്‍ മാത്രമുള്ള ജലം എന്നല്ല അര്‍ത്ഥം. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും സസ്യ ലതാദികള്‍ക്കും നിലനില്‍ക്കാനാവശ്യമായ വെള്ളം എന്നു കൂടിയാണ്. ഭൂമിയിലെ ആവാസവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ജലം അത്യന്താപേക്ഷിതമാണ്. അതി പുരാതന കാലം മുതല്‍ മനുഷ്യന്‍ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ പ്രധാന കാരണം ഭൂമിയിലെ വെള്ളത്തിന്റെ ലഭ്യതയും അനുയോജ്യമായ കാലാവസ്ഥയുമാണ്. ജല സാന്നിധ്യം ഉള്ളിടത്തോളം കാലം ഭൂമി അതിന്റെ ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കും. ജലം ഇല്ലാത്ത അവസ്ഥ വന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ജീവികളും സസ്യങ്ങളും നാമാവശേഷമാവും. ഭാവിയില്‍ ലോകത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കുന്നതിന് വേണ്ടി ദ്രുതഗതിയില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മഴയായി ലഭിക്കുന്ന ജലം ഒലിച്ച് കടലില്‍ പതിക്കുന്നതിന് അനുവദിക്കാതെ തടയണകള്‍ മറ്റും കെട്ടി ഭൂമിയുടെ ആന്തരിക പാളികളിലേക്കു ഇറക്കി വിടുക എന്നത് ഇതില്‍ സുപ്രധാനമാണ്.

ലോകത്തെ ഏറ്റവും ശുദ്ധജലം ലഭിക്കുന്ന നാടുകള്‍ ആമസോണ്‍ കാടുകളോട് ചേര്‍ന്നാണ് കിടക്കുന്നത്. ശുദ്ധജലം ഏറ്റവും സുഭിക്ഷമായി ലഭിക്കുന്ന രാജ്യം ബ്രസീലാണ്. ലോകത്തെ ജല സാന്നിധ്യത്തിന്റെ 12% ഉള്‍ക്കൊള്ളുന്നത് ഈ മേഖലയിലാണ്. പ്രദേശത്തെ 70% ജല ലഭ്യതയുടെയും മുഖ്യ സ്രോതസ് ആമസോണ്‍ കാടുകളാണ്. എന്നിട്ടുപോലും സാവോ പോളോ പോലുള്ള സ്ഥലങ്ങള്‍ ഇന്ന് വളരെയധികം ജല ദൗര്‍ലഭ്യം നേരിടുന്നു. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര പാനലിന്റെ (IPCC) കണക്കുകള്‍ പ്രകാരം 2050 ആവുമ്പോഴേക്കും ലോകത്തെ 36% നഗരങ്ങളും വെള്ളമില്ലാത്ത അവസ്ഥയിലേക്ക് കൂപ്പു കുത്തും.

ഏറ്റവുമധികം ജല സാന്നിധ്യമുള്ള മറ്റു രാജ്യങ്ങള്‍ റഷ്യ, യുഎസ്എ, കാനഡ, ചൈന എന്നിവയാണ്. ഭൂമിയിലെ ആകെ ജല ലഭ്യതയുടെ അഞ്ചില്‍ ഒന്ന് റഷ്യയില്‍ ആണ്. 4,508 കിലോമീറ്റര്‍ വ്യാപ്തിയില്‍ അവിടെ ജലം കാണപ്പെടുന്നു. അമേരിക്കയില്‍ 3,069 കിലോമീറ്ററും കാനഡയില്‍ 2,902 കിലോമീറ്ററും ചൈനയില്‍ 2,840 കിലോമീറ്ററും വ്യാപ്തിയില്‍ ശുദ്ധജലം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ആകെ 1,911 കിലോമീറ്റര്‍ വ്യാപ്തിയില്‍ മാത്രമേ ജലം ഉള്ളൂ. ലോക ജല ലഭ്യതയില്‍ ഇന്ത്യ പത്താം സ്ഥാനത്താണുള്ളത്. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ 950 കിലോമീറ്റര്‍ ജല വ്യാപ്തിയില്‍ പതിനഞ്ചാം സ്ഥാനത്തുണ്ട്. ജല ലഭ്യതക്കുറവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ആഫ്രിക്കയോട് സാവധാനം താദാത്മ്യം പ്രാപിക്കുന്നുണ്ടോ എന്ന ആശങ്കയാണ് ഇത് ഉയര്‍ത്തുന്നത്.

ലോകത്ത് ജല സാന്നിധ്യം സജീവമായി നില്‍ക്കാനുള്ള പ്രധാന കാരണങ്ങള്‍ കൃഷിയും വനങ്ങളും തടാകങ്ങളും തടയണകളും എല്ലാമായിരുന്നു. ഇന്ന് കൃഷി അപ്പാടെ തകിടം മറിഞ്ഞു. 60% കൃഷികളും വിളകളും നാമാവശേഷമായതിനാല്‍ ഇന്ത്യയില്‍ വര്‍ഷാവര്‍ഷം വേനല്‍ ചൂട് അധികരിക്കുകയും ഇന്ന് എല്ലാ സംസ്ഥാന ഗവണ്മെന്റുകളും സൂര്യതാപം മൂലം മരണമടയുന്ന ആളുകള്‍ക്ക് നഷ്ടപരിഹാരങ്ങള്‍ നല്‍കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.

ജീവികളുടേത് പോലെ തന്നെ സസ്യങ്ങള്‍ക്കും നിലനില്‍പ്പിനായി ധാരാളം ജലം ആവശ്യമാണ്. കാടുകള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങിയാല്‍ ഒരു സിനിമയിലെന്ന പോലെ ലോകത്ത് ഓക്‌സിജന്‍ ഇല്ലാതാവുകയും മഴ തന്നെ ഇല്ലാതാവുകയും കടല്‍ കരയിലേക്ക് കയറി ജീവജാലങ്ങള്‍ ഒന്നായി ചത്തൊടുങ്ങുകയും ചെയ്യും. ഭൂമിയില്‍ ജല ലഭ്യത ക്രമാതീതമായി കുറഞ്ഞ് ഒരു ബില്യണ്‍ ആളുകള്‍ക്ക് പ്രതിദിനം ശരാശരി ആറു ലിറ്റര്‍ വെള്ളം മാത്രമേ ഉപയോഗിക്കാന്‍ ഉണ്ടാവൂ എന്ന ഘട്ടത്തിലെത്തും. അതുപോലെ ആഫ്രിക്കയിലെയും ഏഷ്യയിലെയും സ്ത്രീകള്‍ ശരാശരി 3.7 മൈല്‍ ദൂരം താണ്ടി വെള്ളം ശേഖരിച്ചു കൊണ്ട് വരേണ്ടി വരും എന്നും പറയപ്പെടുന്നു.

അതിശയോക്തികള്‍ക്കും ആശങ്കകള്‍ക്കും ഇടം നല്‍കാതെ നമുക്ക് വളരെ എളുപ്പം ചെയ്യാന്‍ കഴിയുന്ന കാര്യമാണ് വര്‍ഷാവര്‍ഷം പെയ്തിറങ്ങുന്ന മഴവെള്ളം ഒലിച്ചു പോവാതെ തടയണകള്‍ കെട്ടി അതാതു സ്ഥലങ്ങളില്‍ നീരിറക്കി ഭൂമിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുക എന്നത്. വനങ്ങള്‍ക്കുള്ളിലും വര്‍ഷകാലത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി പ്രകൃതിയുടെ സ്വാഭാവിക രൂപം മാറുമ്പോള്‍ അവിടങ്ങള്‍ കണ്ടെത്തി പുനര്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയേ തീരൂ. നദികളുടെ ഉല്‍ഭവസ്ഥാനമായ കാടുകളിലെ ജലസംരക്ഷണത്തിനു പ്രാധാന്യം നല്‍കാതെ നമ്മള്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ മാത്രം തടയണകള്‍ കെട്ടിയാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുമോ എന്ന് ഉറപ്പില്ല. വനത്തിലെ നീരുറവയുടെ ഒഴുക്കിന്റെ വേഗത കുറച്ച്, സാവധാനം പുഴകളിലൂടെ ഒഴുക്കി മനുഷ്യനും കാടിനും ഒരുപോലെ പ്രയോജനം കിട്ടുന്ന പദ്ധതികള്‍ നമ്മള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. കാടുകളില്‍ എത്രമാത്രം വെള്ളത്തെ തടഞ്ഞു നിര്‍ത്താനാവുമോ, അത്രയും ജലം ശുദ്ധജലമായി നമ്മുടെ കിണറുകളിലും കുളങ്ങളിലും ലഭിക്കും.

ഭൂമിയില്‍ നിന്ന് ഏറ്റവുമധികം ജലം വലിച്ചെടുക്കുന്ന കൃഷികളാണ് നെല്ല്, പരുത്തി, കരിമ്പ്, സോയ, ഗോതമ്പ് എന്നിവ. ഒരു കിലോ അരി ഉല്‍പ്പാദിപ്പിക്കാന്‍ ഏകദേശം മൂവായിരം മുതല്‍ അയ്യായിരം വരെ ലിറ്റര്‍ വെള്ളം വേണം. ഒരു കിലോ പരുത്തിയുടെ ഉല്‍പ്പാദനത്തിന് ഏകദേശം 22,500 ലിറ്റര്‍ വെള്ളവും ആവശ്യമായി വരുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ജല ഉപയോഗവും കാര്യക്ഷമമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സാങ്കേതികവിദ്യകള്‍ ആവിഷകരിച്ച് നടപ്പാക്കിയേ പറ്റൂ. ഭൂമിയിലെ ജല സാന്നിധ്യം കുറയാന്‍ മറ്റൊരു മുഖ്യ കാരണം ഭൗമോപരിതലത്തില്‍ ഓസോണ്‍ പാളികള്‍ക്ക് ഏറ്റു കൊണ്ടിരിക്കുന്ന ക്ഷതങ്ങളാണ്. ഭൂമിയില്‍ നിന്നും ജ്വലിച്ചുയരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ആകാശത്തിലൂടെയുള്ള വിമാനങ്ങളുടെ സഞ്ചാരങ്ങളും ഭൗമോപരിതലത്തെ അപകടകരമാം വിധം കേടു വരുത്തുന്നു.

ഭൂമിയിലെ ജല സാന്നിധ്യം നിലനിര്‍ത്താനുള്ള എളുപ്പ മാര്‍ഗ്ഗങ്ങളിലൊന്നാണ് വീണുകിടക്കുന്ന മരങ്ങളില്‍ നിന്ന് വീണ ഇലകള്‍ അതേപടി കിടക്കാനനുവദിക്കുക എന്നത്. ഒരു പുതപ്പുപോലെ ഭൂമിയെ ആവരണം ചെയ്ത് ചൂടിനെ പ്രതിരോധിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും ഈ ഇലകള്‍ക്ക് സാധിക്കും. ഇലകള്‍ കത്തിക്കുമ്പോള്‍ ഭൂമിയുടെ പ്രകൃത്യായുള്ള ഈ ആവരണം നഷ്ടപ്പെടുകയും വായുമലിനീകരണം ഉണ്ടാവുകയും ചെയ്യുന്നു.

വെള്ളം ഭൂമിയില്‍ ശേഖരിച്ചു വെക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളാണ് തടാകങ്ങള്‍, കുളങ്ങള്‍, ചെറിയ അണക്കെട്ടുകള്‍ എന്നിവ ഉണ്ടാക്കല്‍. വലിയ അണക്കെട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ ഏക്കര്‍ കണക്കിന് വനങ്ങള്‍ നശിക്കുകയും അപകട സാധ്യത വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ചെറിയ അണക്കെട്ടുകള്‍ കാടിനെ മൃദുവായ ജലശേഖരം കൊണ്ട് പച്ചപ്പോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നമ്മള്‍ സൗരോര്‍ജം കൂടുതല്‍ ഉപയോഗിക്കാനാരംഭിക്കുമ്പോള്‍ വലിയ അണക്കെട്ടുകളുടെ സാധ്യതകള്‍ കുറയുകയും കൃഷിക്കും കുടിവെള്ളത്തിനും മാത്രം അവ നിര്‍മിക്കപ്പെടുന്ന കാലം വരികയും ചെയ്യും.

ജല ശേഖരണം സൂക്ഷ്മമായി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ബൃഹത്തായ അളവില്‍ ജലം ശേഖരിച്ചു വെക്കാന്‍ നമുക്ക് കാടുകളെ തന്നെ ആശ്രയിക്കാം. കാടുകളെ വീണ്ടും സോണുകള്‍ ആയി വേര്‍ തിരിച്ച് മഴ സാധ്യതാ പഠനത്തിന്റെ വിശകലനത്തില്‍ വനങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ജല ശേഖരണവും അവിടങ്ങളില്‍ തന്നെ നടപ്പിലാക്കാന്‍ പദ്ധതികള്‍ നടപ്പാക്കണം. ഡാമുകള്‍ നിര്‍മ്മിക്കുമ്പോള്‍ നദിയുടെ സ്വാഭാവിക ഒഴുക്കിന് ഒരിക്കലും വ്യതിയാനം വരാനിടയാവരുത്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ഡാമുകള്‍ ഉള്ള രാജ്യവും ഇന്ത്യ തന്നെയാണ്. ഏകദേശം അയ്യായിരത്തോളം ഡാമുകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. എങ്കിലും നമ്മുടെ ആകെ വാര്‍ഷിക ജല ശേഖരത്തിന്റെ അളവ് വെറും 225 ക്യൂബിക് മീറ്റര്‍ മാത്രമേ ഉള്ളൂ. തൊട്ടടുത്ത അയല്‍രാജ്യമായ ചൈന 1,200 ക്യൂബിക് മീറ്റര്‍ ജലം പ്രതിവര്‍ഷം ശേഖരിക്കുന്നുണ്ട്. ജല സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാധി കണ്ടുപിടിച്ച രാഷ്ട്രമാണ് ജപ്പാന്‍. അവര്‍ നിര്‍മിക്കുന്നത് മള്‍ട്ടിപ്പിള്‍ സബ്-സര്‍ഫസ് ഡാമുകളാണ്. ഭൗമോപരിതലത്തില്‍ തങ്ങി നില്‍ക്കുന്ന വെള്ളം പെട്ടെന്ന് ആവിയായി പോവുമ്പോള്‍ മള്‍ട്ടിപ്പിള്‍ സബ്-സര്‍ഫസ് ഡാമുകളില്‍ നീരാവിയായി ജല നഷ്ടം സംഭവിക്കുന്നില്ല എന്നതാണ് ഇതിന്റെ മെച്ചം.

നദികള്‍ കൊണ്ട് നിറഞ്ഞ കേരളം വരണ്ടുണങ്ങാതെ ജലലഭ്യത നിലനിര്‍ത്താന്‍ ഉതകുന്ന, ദീര്‍ഘദൃഷ്ടിയോടെയുള്ള പദ്ധതികളാണ് നമുക്ക് വേണ്ടത്. കാട്ടിലൂടെ ഒഴുകി വരുന്ന നദികളില്‍ ചെറിയ അണക്കെട്ടുകളിലൂടെ ജലം സംഭരിച്ചാല്‍ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് കുറയുകയും വേനലിലും പച്ചപ്പ് നിറഞ്ഞ കാടുകള്‍ ഭൂമിക്ക് ആവരണമാകുകയും ചെയ്യും. ഭൂമിയിലേക്കിറങ്ങുന്ന ജലം, എല്ലാ ജീവികള്‍ക്കും തുല്യമായി ലഭിക്കുന്ന രീതിയിലാണ് ദൈവം ലോകത്തെ സൃഷ്ടിച്ചിട്ടുള്ളത്. അത് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നു എന്ന് നമ്മള്‍ ഉറപ്പാക്കണം. കാടിനേയും മഴയെയും സംരക്ഷിച്ചാല്‍ പച്ചപ്പ് നിറഞ്ഞ വനങ്ങളും തണുത്ത വേനലുകളും ഇനിയും നമുക്ക് അപ്രാപ്യമല്ല.

Mobile: 85 4748 4769, 79 0224 0332

Categories: FK Special, Slider