ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാന്‍ ഇയു

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാന്‍ ഇയു

ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തി. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സ്‌ട്രോകള്‍, സ്പൂണുകള്‍, കോട്ടണ്‍ ബഡ്ഡുകള്‍ തുടങ്ങിയവ സമുദ്രങ്ങളില്‍ അടിഞ്ഞു കൂടുന്നു. ഇതിനെതിരേ നടക്കുന്ന ആഗോളവ്യാപക പ്രചാരണങ്ങളുടെ ഭാഗമായാണു തീരുമാനം. അംഗരാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചകളില്‍ ഇക്കാര്യം ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് നിയമമാക്കാനാണ് നീക്കം. സ്ട്രാസ്ബര്‍ഗ്‌സമ്മേളനത്തില്‍ 35നെതിരേ 560 വോട്ടുകള്‍ക്കാണ് നിയമം പാസ്സായത്. 2021 മുതല്‍ വിലക്ക് പ്രാബല്യത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്.

യൂറോപ്പിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മുഖ്യ ഉറവിടം യൂറോപ്യന്‍ യൂണിയനല്ലെന്ന് ഇയു കമ്മീഷന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മാന്‍സ് പറഞ്ഞു. എങ്കിലും ഇത്തരം മാനദണ്ഡങ്ങള്‍ ഇപ്പോള്‍ത്തന്നെ മുമ്പോട്ടുവെക്കുന്നത് ലോകത്തിന് ഒരു മാതൃകയാകുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നമ്മുടെ തീരുമാനങ്ങളെ അതീവ താല്‍പര്യത്തോടെ ഉറ്റുനോക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണത്തില്‍ നമ്മുടെ പങ്ക് താരതമ്യേന കുറവാണെങ്കിലും സാമ്പത്തികമാതൃകയെന്ന നിലയിലുള്ള തങ്ങളുടെ മാറ്റം ആഗോള സ്വാധീനം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡസന്‍ കണക്കിന് ഡിസ്‌പോസിബിള്‍ ഉല്‍പന്നങ്ങള്‍ക്ക് ബദലുകള്‍ ഉള്ള സാഹചര്യത്തില്‍ അവ പ്രോല്‍സാഹിപ്പിക്കാനും പ്ലാസ്റ്റിക് പാക്കേജിംഗ് ഉപയോഗം കുറയ്ക്കാനും കര്‍ശനമായ ലേബലിങ് നിയമങ്ങള്‍ കൊണ്ടുവരാനും അംഗരാജ്യങ്ങളെ പ്രോല്‍സാഹിപ്പിക്കാനും യൂണിയന്‍ തീരുമാനിച്ചു. 2029 ആകുമ്പോഴേക്കും പ്ലാസ്റ്റിക് കുപ്പികളില്‍ 90 ശതമാനം പുനരുല്‍പ്പാദിപ്പിക്കുന്നതിന് ശേഖരിക്കും. 2025 ഓടെ 25 ശതമാനം പുനരുല്‍പ്പാദിപ്പിച്ച പ്ലാസ്റ്റിക് ഉപകരണങ്ങളാകും ഉപയോഗിക്കുക, 2030ല്‍ ഇത് 30 ശതമാനമാക്കി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. മലിനീകരണം നടത്തുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കാനും നിയമം കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രകാരം നിയമം മൂലം നിരോധിക്കപ്പെട്ട ഉല്‍പന്നങ്ങളില്‍ 70 ശതമാനവും ലോകത്തെ സമുദ്രത്തിലേക്കാണ് ഒഴുക്കിവിടുന്നത്. ഇത് കടല്‍ജീവികള്‍ക്കും മല്‍സ്യബന്ധനത്തിനും ഭീഷണി ഉയര്‍ത്തുന്നു.

Comments

comments

Categories: Health
Tags: Plastic