സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സിന് 10-15% ചെലവേറും

സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സിന് 10-15% ചെലവേറും

പുതുക്കിയ പ്രീമിയം തുകകള്‍ ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും

ന്യൂഡെല്‍ഹി: തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സിലെ പ്രീമിയം തുക വര്‍ധിപ്പിക്കുന്നതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ( ഐആര്‍ഡിഎഐ) വിസമ്മതിച്ചത് വാഹന ഉടമകള്‍ക്ക് ആശ്വാസകരമാകുമെങ്കിലും സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ തെരഞ്ഞെടുത്തിട്ടുള്ളവര്‍ക്ക് കൂടുതല്‍ പ്രീമിയം തുക അടക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.

മൂന്നാം കക്ഷി ഇടപെടല്‍ മൂലം വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകളില്‍ നിന്നും പരിരക്ഷ നല്‍കുന്ന തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സിനൊപ്പം സ്വന്തം പ്രവര്‍ത്തനം മൂലം സംഭവിക്കുന്ന കേടുപാടുകള്‍ക്ക് കൂടി പരിരക്ഷ ഉറപ്പാക്കുന്നതാണ് സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ. 10-15 ശതമാനം വരെ പ്രീമിയം വര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലൈഫ് ഇതര ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് പ്രീമിയം നിശ്ചയിക്കുന്നത് ഐആര്‍ഡിഎഐ ആണ്. വാഹന ഉടമയുടെ സ്വന്തം പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള കേടുപാടുകള്‍ക്ക് നല്‍കുന്ന പരിരക്ഷയ്ക്ക് പ്രീമിയംതുക നിശ്ചയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാകും.

വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം തുകയെ ബാധിച്ചിട്ടുണ്ട്. അതേ സമയം ക്ലൈയ്മുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പുതുക്കിയ പ്രീമിയം തുക അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. ഏപ്രില്‍ 1 മുതലാണ് പുതിയ പ്രീമിയം തുകകള്‍ പ്രാബല്യത്തില്‍ വരിക.

മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിലെ നിലവിലെ പ്രീമിയം തുക വരുന്ന സാമ്പത്തിക വര്‍ഷത്തിലും തുടരാനാണ് ഐആര്‍ഡിഎഐ ഇപ്പോള്‍ നിര്‍ദേറശിച്ചിട്ടുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രിലിലും സെപ്റ്റംബറിലും പ്രീമിയം തുകയില്‍ വര്‍ധന ഉണ്ടായിരുന്നു. മുന്നാം കക്ഷി മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് മൂന്നു വര്‍ഷ കാര്‍ ഇന്‍ഷുറന്‍സും അഞ്ചു വര്‍ഷ ബൈക്ക് ഇന്‍ഷുറന്‍സും നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയാണ് പ്രീമിയം തുകയില്‍ വലിയ വര്‍ധനയ്ക്ക് ഇടയാക്കിയത്. ഇത് വാഹനങ്ങളുടെ വില്‍പ്പനയെയും ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News