മഹീന്ദ്ര വില വര്‍ധന പ്രഖ്യാപിച്ചു

മഹീന്ദ്ര വില വര്‍ധന പ്രഖ്യാപിച്ചു

0.5 മുതല്‍ 2.7 ശതമാനം വരെ വില വര്‍ധിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. അതായത് വിവിധ മോഡലുകളുടെ വില 5,000 മുതല്‍ 73,000 രൂപ വരെ വര്‍ധിക്കും

ന്യൂഡെല്‍ഹി : യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഏപ്രില്‍ ഒന്ന് മുതല്‍ 0.5 മുതല്‍ 2.7 ശതമാനം വരെ വില വര്‍ധിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതായത് 5,000 രൂപ മുതല്‍ 73,000 രൂപ വരെ വിവിധ മോഡലുകളുടെ വിലയില്‍ വര്‍ധന പ്രതീക്ഷിക്കാം. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണെന്ന് കാരണമെന്ന് കമ്പനി വിശദീകരിച്ചു.

ഈയിടെ വിപണിയിലെത്തിച്ച മഹീന്ദ്ര എക്‌സ്‌യുവി 300 എസ്‌യുവിയുടെ വില വര്‍ധിപ്പിക്കുമോയെന്ന് മഹീന്ദ്ര വ്യക്തമാക്കിയില്ല. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വില വര്‍ധന പ്രഖ്യാപിച്ച വാഹന നിര്‍മ്മാതാക്കളുടെ കൂട്ടത്തിലേക്ക് ഇതോടെ മഹീന്ദ്ര ചേര്‍ന്നു. ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, കാവസാക്കി, റെനോ എന്നീ വാഹന നിര്‍മ്മാതാക്കളെല്ലാം വില വര്‍ധന പ്രഖ്യാപിച്ചിരുന്നു.

ഏപ്രില്‍ ഒന്ന് മുതല്‍ റെനോ ക്വിഡിന്റെ വില മൂന്ന് ശതമാനം വരെ വര്‍ധിക്കും. നിലവില്‍ 2.67 ലക്ഷം മുതല്‍ 4.63 ലക്ഷം രൂപ വരെയാണ് റെനോ ക്വിഡിന് വില. ഏപ്രില്‍ ഒന്ന് മുതല്‍ ഈ വിലകളില്‍ മാറ്റം വരും. ഇന്ത്യയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. വിവിധ മോഡലുകള്‍ക്ക് 25,000 രൂപ വരെ വില വര്‍ധിക്കും. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയ ഹാരിയര്‍ എസ്‌യുവി ഉള്‍പ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും വില വര്‍ധിച്ചേക്കും. തെരഞ്ഞെടുത്ത മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് (ഐകെഎം) ഇതിനകം അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ശതമാനം വരെയാണ് വില വര്‍ധിക്കുന്നത്

Comments

comments

Categories: Auto
Tags: Mahindra