മോട്ടോര്‍സൈക്കിള്‍ സിനിമയില്‍ ജോണ്‍ എബ്രഹാം നായകന്‍

മോട്ടോര്‍സൈക്കിള്‍ സിനിമയില്‍ ജോണ്‍ എബ്രഹാം നായകന്‍

മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട ചിത്രത്തിന് നടന്‍ തന്നെയാണ് പണമിറക്കുന്നത്. സിനിമ ഈ വര്‍ഷം തിയ്യറ്ററുകളിലെത്തും

ന്യൂഡെല്‍ഹി : ജോണ്‍ എബ്രഹാം നായകനായി മോട്ടോര്‍സൈക്കിള്‍ സിനിമ വരുന്നു. മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട ചിത്രത്തിന് നടന്‍ തന്നെയാണ് പണമിറക്കുന്നത്. സിനിമ ഈ വര്‍ഷം തന്നെ തിയ്യറ്ററുകളിലെത്തും. ജോണ്‍ എബ്രഹാമിന്റെ മോട്ടോര്‍സൈക്കിള്‍ പ്രേമം പണ്ടേ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ സിനിമ താന്‍ നിര്‍മ്മിക്കാമെന്ന് നടന്‍ തീരുമാനിച്ചിരിക്കണം.

സിനിമ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ റൈഡര്‍മാരും മനുഷ്യ ബന്ധങ്ങളുമാണ് സിനിമയുടെ പ്രതിപാദ്യ വിഷയമെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. മാത്രമല്ല, സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പ്രശസ്തമായ ഐല്‍ ഓഫ് മാന്‍ ടിടി സര്‍ക്യൂട്ടിലായിരിക്കും. ജോണ്‍ എബ്രഹാമിനൊപ്പം അജയ് കപൂറും ചിത്രത്തിനായി പണം മുടക്കും. റെന്‍സില്‍ ഡി’സില്‍വയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട കഥ തനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. റൈഡര്‍മാരെയും അവരുടെ മോട്ടോര്‍സൈക്കിള്‍ ഇഷ്ടങ്ങളെയും കുറിച്ച് സിനിമ ചെയ്യണമെന്ന് രണ്ട് വര്‍ഷം മുമ്പേ തീരുമാനിച്ചതാണെന്ന് നടന്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങളും നടത്തി. ഐല്‍ ഓഫ് മാന്‍ സര്‍ക്യൂട്ടില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് നടന്‍ പറഞ്ഞു. ജോണ്‍ എബ്രഹാമുമായി ചേര്‍ന്ന് ബൈക്ക് റേസിംഗ് സിനിമയെടുക്കുന്നതില്‍ സംവിധായകന്‍ റെന്‍സില്‍ ഡി’സില്‍വയും സന്തോഷം പങ്കുവെച്ചു.

റേസ് ട്രാക്കിലെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് യുകെയിലെ കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂളില്‍ ജോണ്‍ എബ്രഹാം ഈയിടെ പങ്കെടുത്തിരുന്നു. യമഹയുടെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മോട്ടോജിപി ആരാധകന്‍ കൂടിയാണ്. സുസുകി ഹയബൂസ, യമഹ വൈഇസഡ്എഫ്-ആര്‍1, യമഹ വി-മാക്‌സ്, അപ്രീലിയ ആര്‍എസ്‌വി4 തുടങ്ങിയ ബൈക്കുകളുടെ ഉടമ കൂടിയാണ് ജോണ്‍ എബ്രഹാം.

Comments

comments

Categories: Auto