ഇവര്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നവര്‍

ഇവര്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നവര്‍

രാഷ്ട്രീയം എന്നും ചൂടേറിയ ചര്‍ച്ചകള്‍ക്കു കാരണമായി തീരാറുണ്ട്. സ്്‌പോര്‍ട്‌സും, സിനിമയും അല്ലെങ്കില്‍ മറ്റ് ഏതൊരു വിഷയത്തിലും നടക്കുന്ന ചര്‍ച്ചകളെക്കാള്‍ ശ്രദ്ധ രാഷ്ട്രീയത്തിന് ലഭിക്കാറുമുണ്ട്. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, എവിടെയും ചര്‍ച്ചകളാണ്. പ്രവചനങ്ങള്‍ക്കും കുറവൊന്നുമില്ല. തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പ്രവചനങ്ങള്‍ നടത്താന്‍ ഇന്ന് പ്രഫഷണലുകള്‍ വരെയുണ്ട്. സാങ്കേതികവിദ്യ മുതല്‍ പരമ്പരാഗത രീതികള്‍ വരെ ഉപയോഗിച്ചു പ്രവചനം നടത്തുന്ന പ്രവണത ഏറിവരികയാണ്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്നത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടാണ്. എങ്കിലും, ഇന്ന്് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന പ്രവണത ഏറി വരികയാണ്. മനുഷ്യരും, മെഷീനുകളും, മൃഗങ്ങളും വരെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രവചിക്കുന്നുണ്ട്. 2010-ലെ ഫുട്‌ബോള്‍ ലോകകപ്പിലെ ജര്‍മനിയുടെ മത്സരങ്ങളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചു കൊണ്ടു പോള്‍ എന്നു പേരുള്ള നീരാളി ശ്രദ്ധ നേടിയിരുന്നു. യുക്രൈനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 31-ാം തീയതി ഞായറാഴ്ച അരങ്ങേറുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ പെട്രോ പൊറോഷെങ്കോ വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണു ബുയാന്‍ എന്ന സൈബീരിയന്‍ കരടി. റഷ്യയിലെ റോയേവ് റുചേ മൃഗശാലയിലുള്ളതാണു ബുയാന്‍ എന്ന കരടി. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറുമെന്നു മുന്‍കൂട്ടി പ്രവചിച്ചിരുന്ന വ്യക്തിയാണു ഗൗരവ് പ്രദാന്‍. സ്ട്രാറ്റജിസ്റ്റ്, അഡൈ്വസര്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍, ഡാറ്റാ സയന്റിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണു ഗൗരവ് പ്രദാന്‍. രാഷ്ട്രീയ അടിയൊഴുക്കുകള്‍ കണ്ടെത്തുക, സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രസക്തമായ പ്രശ്‌നങ്ങള്‍ തിരിച്ചറിയുക, വോട്ടര്‍മാരുടെ മനസ് വായിക്കുക, വോട്ട് രേഖപ്പെടുത്താന്‍ ഓരോ വോട്ടറും തീരുമാനമെടുത്തതിനു പിന്നില്‍ ഒരു കാരണമുണ്ടാകും. ആ കാരണത്തെ കണ്ടെത്തുക തുടങ്ങിയ നിരവധി ഘടകങ്ങളെ വിലയിരുത്തിയും പഠിച്ചുമൊക്കെയാണു തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നത്. 2019 പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ആരായിരിക്കും ഇനി രാജ്യം ഭരിക്കുകയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. തെരഞ്ഞെടുപ്പ് പ്രവചിക്കുന്നവര്‍ പൊതുവായി ചില ഘടകങ്ങള്‍ ഇപ്പോള്‍ പരിശോധിക്കാറുണ്ടെന്നു ഗൗരവ് പ്രദാന്‍ പറയുന്നു. അതിലൊന്നാണു മൂഡ് അനലിറ്റിക്‌സ് (Mood Analytics) എന്നത്. നവമാധ്യമങ്ങളില്‍ ആളുകള്‍ എന്താണു ചര്‍ച്ച ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് മൂഡ് അനലിറ്റിക്‌സ്. ജനങ്ങളുടെ മനോഭാവവും വൈകാരികസ്ഥിതിയുമൊക്കെ മനസിലാക്കാന്‍ സഹായിക്കും മൂഡ് അനലിറ്റിക്‌സിലൂടെ. രണ്ടാമതായി ഇന്റലിജന്‍സ് ഇന്‍ഫര്‍മേഷനാണ്. രഹസ്യ അന്വേഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങളും തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ ഉപയോഗിക്കുന്നു. മൂന്നാമതായി ഭൗമ രാഷ്ട്രീയം. ഏത് നേതാവ്, അഥവാ ഏത് പാര്‍ട്ടി അധികാരത്തിലേറുന്നതിനോടാണു വിദേശരാജ്യങ്ങള്‍ക്കു താത്പര്യമെന്നത് ഭൗമ രാഷ്ട്രീയമാണ്. 2014-ല്‍ ഇന്ത്യയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് പാര്‍ട്ടിയെക്കാളുപരി നേതാവിനെയായിരുന്നു കേന്ദ്രീകരിച്ചിരുന്നതെന്നു ഗൗരവ് പ്രദാന്‍ പറയുന്നു. മുതിര്‍ന്ന വോട്ടര്‍മാരേക്കാള്‍ യുവ വോട്ടര്‍മാരാണു തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നും അദ്ദേഹം പറയുന്നു. 2014-ല്‍ തെരഞ്ഞെടുപ്പ് അരങ്ങേറുമ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി കേട്ടിരുന്നത് അഴിമതിയുടെ കഥകളായിരുന്നു. ഇതിനെതിരേ പ്രതികരിക്കണമെന്നും, ഭാവിയെ മാറ്റിമറിക്കേണ്ടതുണ്ടെന്നും യുവ വോട്ടര്‍മാര്‍ ചിന്തിച്ചു. ഈ ചിന്തയെ അനുകൂല തരംഗമാക്കി മാറ്റാന്‍ നരേന്ദ്ര മോദിക്കു സാധിച്ചു. 2019-ലും പാര്‍ട്ടിക്കല്ല, യുവ വോട്ടര്‍മാര്‍ പ്രാധാന്യം കൊടുക്കുന്നതു നേതാവിനാണ്-പ്രദാന്‍ പറയുന്നു.

2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

അമേരിക്കയില്‍ 2016-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും തമ്മിലായിരുന്നു മത്സരം. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഹിലരിയുടെ ജയം ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഹിലരിയെ അട്ടിമറിച്ച് ട്രംപ് ജയിച്ചു കയറി. എന്തായിരുന്നു ട്രംപിന്റെ വിജയ ഘടകം. എവിടെയായിരുന്നു ഹിലരിക്കു പിഴച്ചത്. ട്രംപ് സമ്പന്നനാണ്. ട്രംപുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിലരി അത്രയൊന്നും സമ്പന്നയല്ല. അവര്‍ക്കു സമ്പന്നയാകണമെങ്കില്‍ ഇനിയു സമ്പാദിക്കേണ്ടതുണ്ട്. മറുവശത്ത് ട്രംപിനാകട്ടെ, സ്വന്തമായി ഇനി സമ്പാദിക്കേണ്ടതില്ല. അമേരിക്കയ്ക്കു വേണ്ടി മാത്രം സമ്പാദിച്ചാല്‍ മതി. ഇത്തരത്തിലൊരു റിപ്പോര്‍ട്ട് അക്കാലത്ത് പ്രചരിച്ചു. മാത്രമല്ല, അപ്പോള്‍ നാഷണലിസം അഥവാ ദേശീയതാവികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമായി വരികയായിരുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമേരിക്കയിലേക്കു വരുന്നവര്‍ ജോലി കവര്‍ന്നെടുക്കുന്നതിര്‍ എല്ലാവരും അതൃപ്തരായിരുന്നു. ഈ പശ്ചാത്തലം ദേശീയ വാദത്തിനു വളര്‍ന്നുവരാന്‍ വളക്കൂറുള്ള മണ്ണായിരുന്നു. ട്രംപ് ദേശീയ വാദത്തോട് അനുകൂല സമീപനമാണ് ട്രംപിനെന്ന ധാരണ പരന്നു. ഇത് അദ്ദേഹത്തിന്റെ വിജയത്തിനും കാരണമാവുകയായിരുന്നെന്ന് പ്രദാന്‍ പറയുന്നു.

ആരായിരിക്കും 2019-ല്‍ സിംഹാസനത്തിലേറുക ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരിക്കാന്‍ പോകുന്നത് ആരായിരിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ എവിടെയും ഉയരുന്നത്. ബിജെപിക്കു പിന്തുണ നഷ്ടപ്പെട്ടെന്നു ചിന്തിക്കുന്നവര്‍ പ്രധാനമായും ചോദിക്കുന്നത് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്നാണ്. ഈ ചോദ്യം ചോദിക്കുന്നവര്‍ ഒന്നുകില്‍ മധ്യവര്‍ഗമോ അല്ലെങ്കില്‍ ചെറുകിട വ്യാപാരി സമൂഹമോ ആയിരിക്കുമെന്ന് പ്രദാന്‍ പറയുന്നു. ഡാറ്റാ സയന്‍സിന്റെ സഹായത്തോടെ പ്രദാന്‍, ഗ്രാമീണ ഇന്ത്യയുടെ ഡാറ്റ വിശകലനം ചെയ്തു. ഇതില്‍നിന്നും അദ്ദേഹത്തിനു മനസിലാക്കുവാന്‍ സാധിച്ചത് ഏകദേശം 40 മുതല്‍ 50 കോടി വരെയുള്ള കുടുംബങ്ങള്‍ക്കു പാചകവാതകം, വൈദ്യുതി, ശൗചാലയം, വിദ്യാഭ്യാസം എന്നിവ ലഭിച്ചതായിട്ടാണ്. ഇത്തരത്തില്‍ ഗുണം ലഭിച്ച 40 മുതല്‍ 50 കോടി വരെയുള്ള ജനങ്ങളുടെ പകുതി എണ്ണം എടുത്താല്‍ 20-25 കോടി വരും. 2014-ല്‍ ബിജെപി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചത് 1,.4 കോടി വോട്ടിന്റെ മാര്‍ജിനിലായിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രദാന്‍ പ്രവചിക്കുന്നത് 2019-ല്‍ മോദി അധികാരത്തിലേറുമെന്നാണ്.

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് 41-കാരനായ പ്രശാന്ത് കിഷോര്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ പൊതു ആരോഗ്യരംഗത്തെ വിദഗ്ധനായിരുന്നു. എട്ട് വര്‍ഷം അദ്ദേഹം യുഎന്നിലായിരുന്നു ജോലി ചെയ്തിരുന്നത്. 2014-ല്‍ പൊതുതെരഞ്ഞെടുപ്പില്‍ മോദി നയിച്ച ബിജെപിയെ അധികാരത്തിലേറാന്‍ സഹായിച്ചത് പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. 2012-ല്‍ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി മൂന്നാമതും മുഖ്യമന്ത്രിയാകാന്‍ മോദിയെ സഹായിച്ചത് കിഷോറായിരുന്നു. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും കൈവരിച്ച നേട്ടം പ്രശാന്ത് കിഷോറിനെ ഏറ്റവും വിശ്വസ്തനായ തന്ത്രജ്ഞന്‍ എന്ന പേരിന് അര്‍ഹനാക്കി. ചായ് പേ ചര്‍ച്ച ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ ബിജെപിക്കു വേണ്ടി രൂപപ്പെടുത്തിയത് പ്രശാന്തായിരുന്നു. സിറ്റിസണ്‍സ് ഫോര്‍ എക്കൗണ്ടബിള്‍ ഗവേണന്‍സ് (സിഎജി) എന്നൊരു ലാഭേതര സംഘടനയ്ക്ക് പ്രശാന്ത് രൂപം കൊടുത്തു. അതില്‍ മുന്‍നിര കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികളെയും മുന്‍നിര കമ്പനികളില്‍നിന്നുള്ള ജീവനക്കാരും ഉള്‍പ്പെടെ 200-ാളം യുവാക്കളെ ചേര്‍ത്തു. ഇവരായിരുന്നു 2014-ല്‍ ബിജെപിക്കു വേണ്ടി മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ പ്രചാരണം നയിച്ചത്. 2015-ല്‍ ബിജെപിയുമായി സഹകരണം അവസാനിപ്പിച്ച പ്രശാന്ത് കിഷോര്‍ സിഎജി എന്ന സംഘടനയെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പിഎസി) എന്ന പേരില്‍ പുനസംഘടിപ്പിച്ചു. 2015-ല്‍ നിതീഷ് കുമാറിനൊപ്പം ചേര്‍ന്ന് ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനു തന്ത്രം മെനഞ്ഞു. 2016-ല്‍ പഞ്ചാബില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ സഹായിക്കുകയെന്ന ലക്ഷ്യവുമായി പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് അധികാരത്തിലേറുകയും ചെയ്തു. എന്നാല്‍ യുപിയില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളൊന്നും വിജയിച്ചില്ല. അവിടെ കോണ്‍ഗ്രസിനു നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. പകരം ബിജെപി സീറ്റുകളെല്ലാം തൂത്തുവാരി. ഇപ്പോള്‍ പ്രശാന്ത് കിഷോര്‍ ജനതാദള്‍ യുണൈറ്റഡിന്റെ വൈസ് പ്രസിഡന്റാണ്. 2018-ലാണു ജനതാദളിലേക്ക് പ്രശാന്ത് തിരിച്ചെത്തിയത്.

ഗൗരവ് പ്രദാന്‍

ആഗോളതലത്തില്‍ ആദ്യ പത്ത് സോഷ്യല്‍ സിഐഒമാരുടെ പട്ടികയെടുത്താല്‍ അതില്‍ ഒരാള്‍ ഗൗരവ് പ്രദാനായിരിക്കും. സോഷ്യല്‍ മീഡിയ ആക്ടീവ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുരുക്കപ്പേരാണു സോഷ്യല്‍ സിഐഒ. ഗൗരവ് പ്രദാന്‍, സോഷ്യല്‍ സിഐഒ എന്നതിനൊപ്പം തന്ത്രജ്ഞന്‍, ഉപദേശി, പ്രഭാഷകന്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍, ഡാറ്റാ സയന്റിസ്റ്റ് തുടങ്ങിയ നിലകളിലും പ്രശസ്തനാണ്. പ്രദാനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരില്‍ ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐടി, പൊളിറ്റിക്‌സ്, മീഡിയ തുടങ്ങിയ നിരവധി രംഗങ്ങളിലുള്ളവര്‍ പ്രദാനെ ഫോളോ ചെയ്യുന്നവരാണ്. പ്രഫഷന്‍ കൊണ്ട് ഡാറ്റാ സയന്റിസ്റ്റായ പ്രദാന്‍ 2013-ലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് അദ്ദേഹം നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയം പ്രവചിച്ചു. പിന്നീട് 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും, യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ 300-ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലേറുമെന്നും പ്രവചിച്ചു. ഈ പ്രവചനങ്ങളൊക്കെ കൃത്യമായി തീരുകയും ചെയ്തു.

Categories: FK News, Slider

Related Articles