ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 4% കുറഞ്ഞു

ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 4% കുറഞ്ഞു
  • തുര്‍ച്ചയായി ഏഴാമത്തെ സാമ്പത്തിക വര്‍ഷമാണ് രാജ്യത്ത് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ ഇടിവ് നേരിടുന്നത്
  • ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 31.35 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ് രാജ്യം ഉല്‍പ്പാദിപ്പിച്ചത്

ന്യൂഡെല്‍ഹി: ഫെബ്രുവരി വരെയുള്ള 11 മാസത്തിനിടെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനത്തില്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തുര്‍ച്ചയായി ഏഴാമത്തെ സാമ്പത്തിക വര്‍ഷമാണ് രാജ്യത്ത് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ ഇടിവ് നേരിടുന്നത്. ആഭ്യന്തര ആവശ്യകത നിറവേറ്റുന്നതിന് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഫെബ്രുവരി വരെയുള്ള കാലയളവില്‍ ആഭ്യന്തര എണ്ണ ആവശ്യകതയുടെ 83.8 ശതമാനവും നിറവേറ്റപ്പെട്ടത് ഇറക്കുമതിയിലൂടെയാണ്. 2011-2012 സാമ്പത്തിക വര്‍ഷം 75.9 ശതമാനം തദ്ദേശീയ എണ്ണ ആവശ്യകത ഇറക്കുമതിയിലൂടെ നിറവേറ്റപ്പെട്ട സ്ഥാനത്താണിത്.

2012-2013 സാമ്പത്തിക വര്‍ഷം മുതലാണ് ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. പഴയ എണ്ണപാടങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം നിലനിര്‍ത്തുന്നതിന് കോടികണക്കിന് നിക്ഷേപം നടത്തുകയും പുതിയ എണ്ണ സ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ടെങ്കിലും തുടര്‍ന്നിങ്ങോട്ടുള്ള ഓരോ വര്‍ഷവും തദ്ദേശീയ എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് ഇടിവ് തുടരുന്നതായാണ് കാണുന്നത്.

2015ന്റെ തുടക്കത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷ്യം മുന്നോട്ടുവെച്ചിരുന്നു. 2022ഓടെ എണ്ണ ഇറക്കുമതി 67 ശതമാനമായി കുറയ്ക്കുക എന്നതാണ് മോദിയുടെ ലക്ഷ്യം. ഇതേതുടര്‍ന്ന് തദ്ദേശീയ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും പ്രകൃതി വാതകം, ജൈവ ഇന്ധനം തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറക്കുമതി കുറയ്ക്കാനും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നു.

എന്നാല്‍, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 31.35 മില്യണ്‍ മെട്രിക് ടണ്‍ എണ്ണയാണ് രാജ്യം ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് എണ്ണ ഉല്‍പ്പാദനം നാല് ശതമാനം കുറഞ്ഞു. ഇന്തയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ ഒഎന്‍ജിസിയുടെ ഉല്‍പ്പാദനത്തില്‍ 5.4 ശതമാനത്തിന്റെയും ഓയില്‍ ഇന്ത്യയുടെ ഉല്‍പ്പാദനത്തില്‍ 2.6 ശതമാനവും ഇടിവ് രേഖപ്പെടുത്തി. സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലുള്ള എണ്ണപാടങ്ങളിലെ ഉല്‍പ്പാദനത്തില്‍ 1.3 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ഉണ്ടായത്.

വര്‍ഷങ്ങളായി പ്രധാനപ്പെട്ട എണ്ണ ഖനന കേന്ദ്രങ്ങളൊന്നും കണ്ടെത്താന്‍ കമ്പനികള്‍ക്കോ എണ്ണപാടങ്ങള്‍ക്കോ കഴിയാത്തതാണ് ആഭ്യന്തര എണ്ണ ഉല്‍പ്പാദനത്തില്‍ പ്രതിഫലിച്ചത്. റിഗുകളുടെ അഭാവവും ചില പാടങ്ങളിലെ സമുദ്രാന്തര്‍ ഭാഗങ്ങളിലുണ്ടായിട്ടുള്ള എണ്ണ ചോര്‍ച്ചയും എണ്ണ ഉല്‍പ്പാദനം കുറയാന്‍ കാരണമായിട്ടുണ്ട്. ഗുജറാത്തിലെ എണ്ണപാടങ്ങളുടെ പ്രകടനം മോശമായത് ഒഎന്‍ജിസിയുടെ ഉല്‍പ്പാദനം കുറയാന്‍ കാരണമായതായും എണ്ണ മന്ത്രാലയത്തിന്റെ പ്രതിമാസ ഉല്‍പ്പാദന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

മംഗള എണ്ണ സംസ്‌കരണ ടെര്‍മിനലിന്റെ അപ്‌ഗ്രേഡിംഗ് വൈകുന്നതും നൂറോളം എണ്ണക്കിണറുകള്‍ ഡ്രില്ലിംഗ് പ്രവര്‍ത്തനങ്ങളില്‍ കാലതമാസം നേരിടുന്നതും രാജസ്ഥാനിലെ വേദാന്തയുടെ പ്രൊലിഫിക് ബാര്‍മര്‍ ബ്ലോക്കിലെ ഉല്‍പ്പാദനത്തെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏപ്രില്‍-ഫെബ്രുവരിയില്‍ ക്രൂഡ് ഇറക്കുമതിയില്‍ 2.6 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ പെട്രോൡയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 6.5 ശതമാനം കുറഞ്ഞു. ഡീസല്‍, പെറ്റ്‌കോക് ഇറക്കുമതി കുറഞ്ഞതാണ് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ പ്രതിഫലിച്ചത്. പെട്രോള്‍, നാഫ്ത, ഡീസല്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞത് കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 9.7 ശതമാനം ഇടിവാണ് ഏപ്രില്‍-ഫെബ്രുവരിയില്‍ ഉണ്ടായത്.

Comments

comments

Categories: FK News
Tags: crude oil