ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പാ അനുപാതം മെച്ചപ്പെട്ടതായി ഫിച്ച്

ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പാ അനുപാതം മെച്ചപ്പെട്ടതായി ഫിച്ച്
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 11.5 ശതമാനമായിരുന്നു ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ വായ്പ അനുപാതം
  • നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കെടുത്താല്‍ ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പാ നിരക്ക് 10.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നിഷ്‌ക്രിയ വായ്പ (എന്‍പിഎല്‍) അനുപാതം മെച്ചപ്പെട്ടതായി ഫിച്ച് റേറ്റിംഗ്‌സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 11.5 ശതമാനമായിരുന്നു ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ വായ്പ അനുപാതം. നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തെ കണക്കെടുത്താല്‍ ഇന്ത്യന്‍ ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പാ നിരക്ക് 10.8 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് ഫിച്ച് റേറ്റിംഗ്‌സ് വ്യക്തമാക്കി.

ഇടപാടുകളുടെ ചെലവ് കുറഞ്ഞതും വായ്പ വീണ്ടെടുക്കല്‍ മെച്ചപ്പെട്ടതും നിരവധി ബാങ്കുകളില്‍ നിഷ്‌ക്രിയ വായ്പ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ആഗോള സാമ്പത്തിക ഗവേഷണ ഏജന്‍സിയായ ഫിച്ച് ചൂണ്ടിക്കാട്ടി. രാജ്യത്ത് മൊത്തം 21 പൊതുമേഖലാ ബാങ്കുകളാണ് ഉള്ളത്. ഇതില്‍ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ള പതിനാല് ബാങ്കുകള്‍ ഇപ്പോഴും കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നീക്കിയിരിപ്പുമായി ബന്ധപ്പെട്ട സമ്മര്‍ദം നേരിടുന്നുണ്ടെന്ന് ഫിച്ച് റേറ്റിംഗ്‌സ് പറയുന്നു.

ചെറുകിട, ഇടത്തരം പൊതുമേഖലാ ബാങ്കുകളെയാണ് വായ്പാ ചെലവ് പ്രധാനമായും ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 150 ബില്യണ്‍ ഡോളറിലധികമാണ് രാജ്യത്തെ ബാങ്കുകളിലെ നിഷ്‌ക്രിയ വായ്പ. സങ്കീര്‍ണമായ നിയമ നടപടികള്‍ ചില വന്‍കിട നിഷ്‌ക്രിയ വായ്പകള്‍ പരിഹരിക്കുന്നതില്‍ കാലതാമസം വരുത്തുന്നുണ്ട്. 270 ദിവസമാണ് ആര്‍ബിഐ നിര്‍ദേശ പ്രകാരം കിട്ടാക്കടം പരിഹരിക്കുന്നതിന് അനുവദിച്ച സമയം. നിയമ നടപടികളിലെ സങ്കീര്‍ണ്ണത കാരണം വായ്പാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇതിലുമധികം സമയം വേണ്ടിവരുന്നുണ്ടെന്നാണ് ഫിച്ച് പറയുന്നത്.

കാലവര്‍ഷം കുറഞ്ഞതും വായ്പ എഴുതിത്തള്ളല്‍ നടപടികളും കാരണം കാര്‍ഷിക വായ്പകളില്‍ നിന്നുള്ള സമ്മര്‍ദം വര്‍ധിക്കുന്നതായും ഫിച്ച് വ്യക്തമാക്കി. ജനുവരിയില്‍ 250 മില്യണ്‍ രൂപയില്‍ താഴെയുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പകള്‍ ഒറ്റ തവണ പുനഃസംഘടിപ്പിക്കുന്നതിന് ബാങ്കുകളെ അനുവദിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷം 7 ബില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൂലധന നിബന്ധനകള്‍ പാലിക്കുന്നതിന് ഇത് ബാങ്കുകളെ സഹായിക്കും.

എന്നാല്‍, അടുത്ത സാമ്പത്തിക വര്‍ഷത്തെ കരുതല്‍ മൂലധന അനുപാതം 0.625 ശതമാനം നിലനിര്‍ത്തേണ്ടതിനാല്‍ ബാങ്കുകള്‍ വായ്പ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യത കുറവാണെന്ന് ഫിച്ച് പറയുന്നു. 2019-2020ല്‍ ബേസല്‍-3 മൂലധന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് 23 ബില്യണ്‍ ഡോളര്‍ അധിക മൂലധനം ബാങ്കുകള്‍ക്ക് ആവശ്യമായി വരുമെന്നും ഫിച്ച് വ്യക്തമാക്കി. എങ്കിലും നടപ്പു വര്‍ഷം ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പകള്‍ വലിയ തോതില്‍ പരിഹരിക്കാനാകുമെന്നാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്.

ഉയര്‍ന്ന തോതില്‍ ഈ വര്‍ഷം കിട്ടാക്കടം വീണ്ടെടുക്കാനായേക്കുമെന്നും പരിഹാരമാകാതെ കിടക്കുന്ന വായ്പാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായേക്കുമെന്നും ഫിച്ച് വ്യക്തമാക്കി. ആര്‍ബിഐ പുറത്തിറക്കിയ ആദ്യ ലിസ്റ്റിലെ 12 എന്‍പിഎ എക്കൗണ്ടുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. നിലവില്‍ ഇന്ത്യന്‍ ബാങ്കിംഗ് രംഗം അഭിമുഖീകരിക്കുന്ന എന്‍പിഎ പ്രശ്‌നത്തില്‍ മൂന്നിലൊരു ഭാഗവും ഈ എക്കൗണ്ടുകളിലാണ്. നാല് എന്‍പിഎ എക്കൗണ്ടുകള്‍ക്ക് കഴിഞ്ഞ വര്‍ഷം പരിഹാരമായിരുന്നുവെന്നും ഫിച്ച് ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News
Tags: Fitch