അബുദാബി തുറമുഖങ്ങള്‍ വഴിയുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിലധികം വര്‍ധനവ്

അബുദാബി തുറമുഖങ്ങള്‍ വഴിയുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിലധികം വര്‍ധനവ്

എണ്ണേതര സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു

അബുദാബി: അബുദാബി തുറമുഖങ്ങള്‍ വഴി നടക്കുന്ന കയറ്റുമതിയുടെ മൂല്യത്തില്‍ വര്‍ധനവ്. എമിറേറ്റിലുടനീളം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെ കയറ്റുമതി മൂല്യത്തില്‍ 36.6 ശതമാനം വര്‍ധനവാണ് 2018 അവസാന പാദത്തില്‍ ഉണ്ടായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

2018 മൂന്നാംപാദത്തില്‍ 3.8 ബില്യണ്‍ ദിര്‍ഹം ആയിരുന്ന കയറ്റുമതി മൂല്യം അവസാനപാദം ആയപ്പോഴേക്കും 17.2 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്ന് അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ആഗോളതലത്തില്‍ എണ്ണേതര ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യുഎഇ ഏഷ്യ-പസഫിക് മേഖലയിലെ പങ്കാളികള്‍ വഴി വിദേശ വ്യാപാരം വളര്‍ത്താനുള്ള ശ്രമത്തിലാണ്. 2018ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ നടന്ന യുഎയുടെ ആകെ എണ്ണേതര വ്യാപാരത്തില്‍ 42 ശതമാനവും ഏഷ്യ-പസഫിക് പങ്കാളികള്‍ മുഖേനയായിരുന്നു. ഈ കാലഘട്ടത്തില്‍ 460.6 ബില്യണ്‍ ദിര്‍ഹമായി രാജ്യത്തെ എണ്ണേതര വ്യാപാരം വളര്‍ന്നത് ഏഷ്യ-പസഫിക് മേഖലയുടെ സഹകരണം മൂലമാണെന്ന് യുഎഇയിലെ സാമ്പത്തിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുള്ള അല്‍ സാലിഹ് പറഞ്ഞു.

രാജ്യത്തെ എണ്ണേതര സമ്പദ് വ്യവസ്ഥയുടെ നിലയും അല്‍പം മെച്ചപ്പെട്ടിട്ടുണ്ട്. ഉല്‍പാദനത്തിലും പുതിയ ഓര്‍ഡറുകളിലും ഉണ്ടായ വര്‍ധനവാണ് ഇതിന് കാരണമായി കണക്കാക്കപ്പെടുന്നത്. ബിസിനസ് മേഖലയിലെ കയറ്റുമതിയില്‍ 32.6 ശതമാനം, സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഏഴിരട്ടി, വ്യക്തിഗത കയറ്റുമതിയില്‍ 43.3 ശതമാനം വര്‍ധനവാണ് 2018 അവസാന പാദത്തില്‍ എമിറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്.

വ്യക്തിഗത കയറ്റുമതിയില്‍ 91.9 ശതമാനവും പവിഴം, വിലയേറിയ കല്ലുകള്‍, വാഹനങ്ങള്‍, വിമാന, അനുബന്ധ ഗതാഗത ഉപകരണങ്ങള്‍, ജീവനുള്ള മൃഗങ്ങള്‍ എന്നിവയാണ് . ബിസിനസ് രംഗത്ത് മുഖ്യമായും വാഹനങ്ങളാണ് കൂടുതലായും കയറ്റുമതി ചെയ്യപ്പെട്ടത്. വിമാനം, അനുബന്ധ ഗതാഗത ഉപകരണങ്ങള്‍, അടിസ്ഥാന ധാതുക്കള്‍, പ്ലാസ്റ്റിക് എന്നിവയാണ് ഈ മേഖലയിലെ ആകെ കയറ്റുമതിയില്‍ 62 ശതമാനവും.

എന്നാല്‍ എമിറേറ്റിലെ തുറമുഖങ്ങള്‍ വഴിയുള്ള ഇറക്കുമതിയില്‍ 0.3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ബിസിനസ് മേഖലയിലെ ഇറക്കുമതിയില്‍ 3.3 ശതമാനം കുറവുണ്ടായി. വ്യക്തിഗത ഇറക്കുമതിയിലും 53.1 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ മേഖലയിലെ ഇറക്കുമതി 61.2 ശതമാനം വര്‍ധിച്ചു. വാഹനങ്ങള്‍, വിമാന ഉപകരണങ്ങള്‍, മൃഗ ഉല്‍പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഇറക്കുമതി ചെയ്തതില്‍ 69.6 ശതമാനവും.

Comments

comments

Categories: Arabia

Related Articles