29.7 മില്യണ്‍ കര്‍ഷകര്‍ക്ക് 2,000 രൂപ ലഭിച്ചു

29.7 മില്യണ്‍ കര്‍ഷകര്‍ക്ക് 2,000 രൂപ ലഭിച്ചു

ആദ്യ ഗഡുവായി 5,940 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അുവദിച്ചത്

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ സ്‌കീമിനു കീഴില്‍ ആദ്യ ഗഡുവായി സര്‍ക്കാര്‍ 5,940 കോടി രൂപയോളം അുവദിച്ചതായി റിപ്പോര്‍ട്ട്. 2,000 രൂപ വീതം രാജ്യത്തുടനീളമുള്ള 29.7 മില്യണ്‍ ചെറുകിട കര്‍ഷകര്‍ക്കാണ് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് ഊര്‍ജം പകരാന്‍ പിഎം-കിസാന്‍ സ്‌കീം സഹായിക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുതന്നെയാണ് ഇടഞ്ഞ് നില്‍ക്കുന്ന കര്‍ഷകരെ വരുതിയിലാക്കുന്നതിന് ഇടക്കാല ബജറ്റില്‍ പിഎം-കിസാന്‍ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചതും.

ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുള്ള ഗുണഭോക്താക്കളില്‍ 11.1 മില്യണ്‍ കര്‍ഷകരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. 2,220 കോടി രൂപയാണ് സംസ്ഥാനത്തെ കര്‍ഷരിലേക്കെത്തിയത്. നിലവില്‍ പിം-കിസാന്‍ സ്‌കീമിന്റെ ആനുകൂല്യം ലഭിച്ചിട്ടുള്ളതില്‍ 3.3 മില്യണ്‍ കര്‍ഷകര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളതാണ്. മൊത്തം 660 കോടി രൂപയുടെ സഹായം ഈ കര്‍ഷകരിലേക്ക് എത്തി. തമിഴ്‌നാട്ടിലെ 1.93 മില്യണ്‍ കര്‍ഷകര്‍ക്കാണ് ആദ്യ ഗഡുവിലെ വിഹിതം ലഭിച്ചത്, 386 കോടി രൂപ. തെലങ്കാനയിലെ 1.87 മില്യണ്‍ കര്‍ഷകര്‍ക്കും ഗുജറാത്തിലെ 2.7 മില്യണ്‍ കര്‍ഷകര്‍ക്കും മഹാരാഷ്ട്രയിലെ 1.7 മില്യണ്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പായി 47.6 മില്യണ്‍ കര്‍ഷകരുടെ വിവരങ്ങളാണ് സംസ്ഥാനങ്ങള്‍ പങ്കുവെച്ചിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ 40 മില്യണ്‍ കര്‍ഷകരിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കൃഷി മന്ത്രാലം അറിയിച്ചു. സംസ്ഥാനങ്ങള്‍ നല്‍കിയ കര്‍ഷകരുടെ വിവരങ്ങളിലെ പൊരുത്തക്കേട് കാരണമാണ് ബാക്കിയുള്ള 7.6 മില്യണ്‍ ആളുകളിലേക്ക് ആനുകൂല്യം എത്താഞ്ഞതെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കീഴിലാണ് കര്‍ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നത്. പദ്ധതിക്കുകീഴില്‍ ലഭിക്കേണ്ട രണ്ടാമത്തെ ഗഡു ഏപ്രില്‍ ഒന്നുമുതല്‍ വിതരണം ചെയ്ത് തുടങ്ങും. രണ്ടാമത്തെ ഗഡു കൂടി കര്‍ഷകരിലേക്ക് എത്തുന്നതോടെ പദ്ധതിക്കുകീഴില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന തുക 16,000 കോടി രൂപയാകും. മിക്ക കര്‍കര്‍ക്കും രണ്ട് ഗഡുവും ഏപ്രിലില്‍ തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് പത്തിനാണ് പൊതുതെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്നു. ഇതിനുമുന്‍പ് പട്ടികപ്പെടുത്തിയിട്ടുള്ള കര്‍ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നത് തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് വേണ്ടിയാണ് പിഎം-കിസാന്‍ സ്‌കീം അവതരിപ്പിച്ചത്. അടുത്തുള്ള പൊതു സേവന കേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതിയില്‍ പേര് ചേര്‍ക്കേണ്ടത്. തുടര്‍ന്ന് കര്‍ഷകരുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ട് ആനൂകൂല്യം എത്തും. പ്രതിവര്‍ഷം 6,000 രൂപയുടെ സഹായമാണ് ഇതുവഴി കര്‍കര്‍ക്ക് ലഭിക്കുക.

Comments

comments

Categories: FK News
Tags: farmers