രൂപ കുതിക്കും; യുവാന്റെ പ്രൗഢി മങ്ങും

രൂപ കുതിക്കും; യുവാന്റെ പ്രൗഢി മങ്ങും
  • അഞ്ചാഴ്ചത്തെ ഏറ്റവും മോശം നിലയിലേക്കാണ് യുവാന്റെ മൂല്യം ഇടിഞ്ഞു 
  • രൂപ 17 മാസത്തെ മെച്ചപ്പെട്ട നിലയില്‍ 
  • ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യന്‍ രൂപയിലും ഫിലീപ്പീന്‍സ് പെസോയിലും നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യന്‍ രൂപ നടത്തുന്ന കരുത്തുറ്റ മുന്നേറ്റം തുടരുമെന്ന് റോയ്‌റ്റേഴ്‌സ് സര്‍വേ. പൊതു തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നത് രൂപയുടെ കുതിപ്പിനെ ബാധിക്കില്ലെന്നും സാമ്പത്തിക വിദഗ്ധരെ പങ്കെടുപ്പിച്ച് ഏജന്‍സി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. അതേസമയം, ചൈന-യുഎസ് വാണിജ്യ ചര്‍ച്ചകളെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയും ആഭ്യന്തര ആവശ്യകതയിലെ കുറവും ചൈനീസ് നാണയമായ യുവാന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം അഞ്ചാഴ്ചത്തെ ഏറ്റവും മോശം നിലയിലേക്കാണ് യുവാന്റെ മൂല്യം ഇടിഞ്ഞത്. 6.74 ആയിരുന്നു വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ യുവാന്റെ സ്ഥിതി. അതേസമയം കരുത്തോടെ കുതിക്കുന്ന രൂപ 17 മാസത്തെ മെച്ചപ്പെട്ട നിലയിലാണ്. വിദേശ നിക്ഷേപകര്‍ വിപണിയിലേക്ക് ആവേശത്തോടെ തിരികെയെത്തിയതും വ്യാപാര കമ്മി കുറഞ്ഞതുമാണ് രൂപയ്ക്ക് നേട്ടമുണ്ടാക്കുന്നത്.

ഒന്നര വര്‍ഷത്തിനുശേഷം ഈ മാസം ആദ്യമുണ്ടായ കുതിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ രൂപയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 12 സാമ്പത്തിക വിദഗ്ധര്‍ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മുന്നണിയും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലേറുമെന്ന പ്രതീക്ഷ, ഓഹരി വിപണിയില്‍ 5.99 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഒഴുകിയെത്താന്‍ സഹായിച്ചിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിന് ശേഷവും രൂപയുടെ സ്ഥിതി മെച്ചപ്പെടാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

അതേസമയം, വിദേശ വ്യാപാരത്തിന്റെ ആവേഗം നഷ്ടപ്പെട്ടെന്ന കണക്കുകള്‍ പുറത്തുവന്നശേഷം നിക്ഷേപകര്‍ക്ക് ചൈനീസ് യുവാന് മേലുള്ള വിശ്വാസം മങ്ങുന്നതായിട്ടാണ് കാണുന്നത്. ചൈനീസ് ആഭ്യന്തര വിപണിയിലെ ആവശ്യകത കുറഞ്ഞതും യുഎസ്-ചൈന വ്യാപാര കരാര്‍ എപ്രകാരമാവും നടപ്പാകുകയെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചൈനയും യുഎസും തമ്മില്‍ വ്യാപാര ഉടമ്പടി സംബന്ധിച്ച് ഏകദേശ ധാരണയായെന്നും എന്നാല്‍ ഏതാനും അടിസ്ഥാന വിഷയങ്ങളിലെ അഭിപ്രായ ഭിന്നത തുടരുന്നുമെന്നുമാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കരാര്‍ എന്നത്തേക്ക് ഒപ്പിടുമെന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

ആഗോള സാമ്പത്തിക മാന്ദ്യവും യുഎസ് ഫെഡറല്‍ റിസര്‍വ് ധനനയം കര്‍ശനമാക്കുന്നത് പെട്ടെന്ന് അവസാനിപ്പിച്ചതും ഏഷ്യയിലെ നിരക്ക് കുറയുമെന്ന പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യന്‍ രൂപയിലും ഫിലീപ്പീന്‍സ് പെസോയിലുമാണ് നിക്ഷേപകര്‍ ഇപ്പോള്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നത്. ആഗോള വിപണി തകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പലിശാ നിരക്ക് വര്‍ധനകളെ പിന്‍വലിക്കാന്‍ ഈ മൂന്ന് രാജ്യങ്ങളും പ്രാപ്തമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച ചേര്‍ന്ന ഫിലിപ്പീന്‍സ് കേന്ദ്ര ബാങ്ക് യോഗം നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. സിംഗപ്പൂര്‍ ഡോളര്‍ തായ്‌ലന്റിന്റെ ഭാട്ട് എന്നിവയെക്കുറിച്ചും മെച്ചപ്പെട്ട നീരീക്ഷണമാണ് വിദഗ്ധര്‍ വെച്ചുപുലര്‍ത്തുന്നത്. അതേസമയം ദക്ഷിണ കൊറിയയുടെ വോന്‍, തായ്‌വാന്‍ ഡോളര്‍ എന്നിവയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ഇടിഞ്ഞിട്ടുണ്ട്.

രൂപ

ഡോളറിനെതിരെ 68.45 വരെയാണ് രൂപയുടെ മൂല്യം ഈയാഴ്ച ഉയര്‍ന്നത്. ആഭ്യന്തര വിപണിയിലെ മെച്ചപ്പെട്ട അവസ്ഥയും ഭരണകകക്ഷി വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും രൂപക്ക് കരുത്തായി. വിദേശ വ്യാപാരത്തിലെ കമ്മി ഫെബ്രുവരിയില്‍ 9.60 ബില്യണ്‍ ഡോളറായി കുറഞ്ഞതാണ് മറ്റൊരു അനുകൂല സാഹചര്യം. മാര്‍ച്ച് 15 വരെയുള്ള രണ്ടാഴ്ച കൊണ്ട് 3.65 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കും ഒഴുകിയെത്തിയതും വന്‍ നേട്ടമായി. ആര്‍ബിഐ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച അഞ്ച് ബില്യണ്‍ ഡോളറിന്റെ രൂപ-ഡോളര്‍ സ്വാപ്പ് പരിപാടിയും രൂപയെ കരുത്തുറ്റതാക്കുമെന്ന് വിലയിരുത്തല്‍.

യുവാന്‍

ചൈനയുടെ യുവാന് കഷ്ടകാലം തുടരുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം സമ്പദ് വ്യവസ്ഥക്കേറ്റ തിരിച്ചടി യുവാനെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. അമേരിക്കയുമായി വ്യാപാര യുദ്ധം ആരംഭിച്ചതോടെ നാണയത്തിന്റെ നില കൂടുതല്‍ പരുങ്ങലിലായി. സാങ്കേതികവിദ്യാ കൈമാറ്റമടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കമുള്ളതിനാല്‍ വ്യാപാര കരാര്‍ അനിശ്ചിതാവസ്ഥയിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതും ബ്രെക്‌സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥകളും ആഗോള മാന്ദ്യത്തിന്റെ സൂചനകളെ തുടര്‍ന്ന് നിക്ഷേപകര്‍ ജാപ്പനീസ് യെന്നിനെ കൂടുതല്‍ ആശ്രയിച്ചതും യുവാന് വിനയായി.

Categories: Business & Economy, Slider
Tags: Rupee-Yuan