ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ തുടരുന്നതും ആഗോള വളര്‍ച്ചയിലെ ആശങ്കകളും കണക്കിലെടുത്ത് പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്

മുംബൈ: അടുത്ത മാസം ചേരുന്ന ധനനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയ്ന്റ് കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ തുടരുന്നതും ആഗോള വളര്‍ച്ചയിലെ ആശങ്കകളും കണക്കിലെടുത്ത് അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനം കുറവ് വരുത്താന്‍ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ നിരീക്ഷണം.

ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെയാണ് ധനനയ അവലോകന സമിതി ദ്വൈമാസ യോഗം ചേരുന്നത്. യോഗത്തില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ടതും പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി തുടരുന്നതും ആഗോള മാന്ദ്യവും പലിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോള്‍ഡ്മാന്‍ സാക്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രില്‍ മാസത്തെ യോഗത്തില്‍ പലിശ കുറയ്ക്കാന്‍ സാധ്യതയില്ലെന്നായിരുന്നു നേരത്തെ ഗോള്‍ഡ്മാന്‍ സാക്‌സ് പറഞ്ഞിരുന്നത്. പലിശ നിരക്ക് അതേപടി നിലനിര്‍ത്താനുള്ള സാധ്യതകളും സാക്‌സ് പങ്കുവെച്ചിരുന്നു. ഫെബ്രുവരിയിലെ യോഗത്തില്‍ ആര്‍ബിഐ പലിശ നിരക്കില്‍ 25 ബേസിസ് പോയ്ന്റ് കുറവ് വരുത്തിയിരുന്നു. ഇതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിന് ‘കാത്തിരുന്ന് കാണാം’ എന്ന സമീപനം ആര്‍ബിഐ സ്വീകരിച്ചേക്കുമെന്നായിരുന്നു നേരത്തെ ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തിയത്.

നടപ്പു വര്‍ഷം മൂന്നാം പാദത്തിലും വീണ്ടുമൊരു പലിശ കുറയ്ക്കലിന് സാധ്യതയുണ്ട്. അടുത്ത വര്‍ഷം ആദ്യ പാദത്തിലും രണ്ടാം പാദത്തിലും പലിശ നിരക്ക് 25 ബോസിസ് പോയ്ന്റ് ഉയര്‍ത്തിയേക്കുമെന്നും ഗോള്‍ജഡ്മാന്‍ സാക്‌സ് പറഞ്ഞു. 2020ല്‍ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാകുകയും പണപ്പെരുപ്പം ഉയരാന്‍ തുടങ്ങുകയും ചെയ്യും. ഇത് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്ര ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തിയേക്കും. അതേസമയം, നടപ്പു വര്‍ഷം നാലാം പാദത്തില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ ഇടയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

നടപ്പു വര്‍ഷം അവസാനിക്കുന്നതുവരെ റീട്ടെയ്ല്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യത്തില്‍ താഴെയായി നിലനിര്‍ത്താനാകുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് വിശ്വസിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ചെറിയ പുരോഗതി നിരീക്ഷിക്കാനായേക്കും. നടപ്പു സാമ്പത്തിക വര്‍ഷം 7.1 വളര്‍ച്ച രേഖപ്പെടുത്താന്‍ ഇന്ത്യക്കായേക്കും. അടുത്ത സാമ്പത്തിക വര്‍ഷം (2019-2020) ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിലെത്തുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.6 ശതമാനമായി വര്‍ധിച്ചിരുന്നു. ജനുവരിയില്‍ 1.97 ശതമാനമായിരുന്നു റീട്ടെയ്ല്‍ പണപ്പെരുപ്പം. 19 മാസത്തിനിടെ രാജ്യം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കായിരുന്നു ഇത്. 2018 ജൂലൈ മുതലാണ് റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ ഇടിവ് നിരീക്ഷിച്ച് തുടങ്ങിയത്. ഈ പ്രവണതയ്ക്ക് നേര്‍ വിപരീതമായാണ് കഴിഞ്ഞ മാസം പണപ്പെരുപ്പം ഉയര്‍ന്നത്. എങ്കിലും പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയായി തുടരുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ആശ്വാസമാണ്.

നടപ്പു സാമ്പത്തിക വര്‍ഷം റീട്ടെയ്ല്‍ പണപ്പെരുപ്പം 3.4 ശതമാനമായിരിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പുതിയ അനുമാനം. നേരത്തെ 3.6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയ സ്ഥാനത്താണിത്. ഈ വര്‍ഷം ഭക്ഷ്യ വിലയില്‍ ചെറിയ വര്‍ധനയുണ്ടാകുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നുണ്ട്. ഭക്ഷ്യ വിലക്കയറ്റം സംബന്ധിച്ച വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പലിശ നിരക്ക് നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് റീട്ടെയ്ല്‍ പണപ്പെരുപ്പമാണ്.

Comments

comments

Categories: FK News
Tags: RBI, repo rate