500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒല

500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒല

10,000 സെല്‍ഫ് ഡ്രൈവ് വാഹനങ്ങള്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കമ്പനി നിരത്തിലിറക്കും

ബെംഗളൂരു: ആഭ്യന്തര ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ ഒല സെല്‍ഫ് ഡ്രൈവിംഗ് സേവന പദ്ധതി നടപ്പാക്കാനായി 500 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. ഓഹരി വില്‍പ്പനയിലൂടെയും ഡെറ്റ് നിക്ഷേപ സമാഹരണത്തിലൂടെയുമാകും ഇതിനായുള്ള തുക കമ്പനി കണ്ടെത്തുക. സെല്‍ഫ് ഡ്രൈവ് പദ്ധതിക്കായി വരും മാസങ്ങളില്‍ ആഢംബര വാഹനമായ സെഡാന്‍, എസ്‌യുവി വാഹനങ്ങളടക്കം 10,000 വാഹനങ്ങള്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കമ്പനി നിരത്തിലിറക്കും. വിപണിയിലെ പ്രതികരണം വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത നഗരങ്ങളില്‍ വാടക, സബ്ക്രിബ്ഷന്‍, കോര്‍പ്പറേറ്റ് ലീസിംഗ് തുടങ്ങിയ വിവിധ മാതൃകകളിലേക്ക് സെല്‍ഫ് ഡ്രൈവ് സേവനം പരീക്ഷിക്കുമെന്നും ഒല വക്താവ് അറിയിച്ചു.

നിര്‍ദിഷ്ട സേവനത്തിന്റെ വികസനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ സെല്‍ഫ് ഡ്രൈവ് കാര്‍ റെന്റല്‍ കമ്പനിയായി ഒല മാറും. നിലവില്‍ ഈ മേഖലയില്‍ മൈല്‍സ്, സെക്വോഷ്യ കാപ്പിറ്റല്‍ പിന്തുണയ്ക്കുന്ന സൂംകാര്‍, വൈ കോമ്പിനേറ്റര്‍ നിക്ഷേപകരായ ഡ്രൈവ്‌സി എന്നീ വലിയ കമ്പനികളും ചെറിയ പ്രാദേശിക കമ്പനികളുമാണ് സേവനം നല്‍കുന്നത്. സുസ്ഥിരതയും മികച്ച സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി കാബ് സേവനത്തിനപ്പുറത്തേക്ക് സ്‌കൂട്ടര്‍, ഇലക്ട്രിക് വാഹനം സേവന മേഖലയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

യുഎസ് കാബ് സേവനദാതാക്കളായ യുബറുമായി മല്‍സരിക്കുന്ന ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഈ മാസം ആദ്യം ഹ്യുണ്ടായ് മോട്ടര്‍, കിയ മോട്ടോഴ്‌സ് എന്നിവരില്‍ നിന്ന് 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിരുന്നു. നേരത്തെ ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക്, യുഎസ് നിക്ഷേപക സ്ഥാപനം ടൈഗര്‍ ഗ്ലോബല്‍ എന്നിവരുള്‍പ്പെടെ വന്‍കിട നിക്ഷേപകരില്‍ നിന്നും കമ്പനി ഇക്വിറ്റി നിക്ഷേപം സമാഹരിച്ചിട്ടുണ്ട്.

Categories: Business & Economy, Slider
Tags: Ola