പുതിയ ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡ് വരുന്നു

പുതിയ ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡ് വരുന്നു

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡ് അവതരിപ്പിക്കുമെന്ന് മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡ് അവതരിപ്പിക്കുമെന്ന് മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിക്കും. ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കുമെന്ന് മൈക്രോമാക്‌സ് ബ്രാന്‍ഡ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതുമായി രാഹുല്‍ ശര്‍മയുടെ ഇപ്പോഴത്തെ പ്രഖ്യാപനത്തെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. രാഹുല്‍ ശര്‍മ്മയുടേത് മറ്റൊരു ബ്രാന്‍ഡ് നാമത്തില്‍ സ്വതന്ത്ര സംരംഭമായിരിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 45 പേരാണ് പണിയെടുത്തുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് രാഹുല്‍ ശര്‍മ അറിയിച്ചു. ഹരിയാനയിലെ മനേസറില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അസംബ്ലി പ്ലാന്റ് സ്ഥാപിക്കും. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും സെല്ലുകളും ഇറക്കുമതി ചെയ്യും. എന്നാല്‍ കണ്‍ട്രോളര്‍ യൂണിറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.

അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഗുഡ്‌സ് വിപണിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേച്ചുവേച്ചാണ് മൈക്രോമാക്‌സ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മുന്നോട്ടുപോകുന്നത്. സഹസ്ഥാപകനായ രാഹുല്‍ ശര്‍മ പുതിയ മേച്ചില്‍പ്പുറം തേടിപ്പോകുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതായിരിക്കാം. ഫ്രാഞ്ചൈസ്, ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നത്. വാഹനം നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കും.

Comments

comments

Categories: Auto