സമ്പന്നപട്ടികയില്‍ യുഎഇയുടെ അഭിമാനമുയര്‍ത്തി ഇന്ത്യന്‍ പ്രവാസികള്‍

സമ്പന്നപട്ടികയില്‍ യുഎഇയുടെ അഭിമാനമുയര്‍ത്തി ഇന്ത്യന്‍ പ്രവാസികള്‍

3 മലയാളികളടക്കം പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് യുഎഇയില്‍ നിന്നുള്ള അഞ്ച് ഇന്ത്യന്‍ പ്രവാസികള്‍

ദുബായ്: ഭാഗ്യം തേടി മലരാണ്യങ്ങളുടെ നാട്ടിലേക്ക് പറന്നവരാണ് പ്രവാസികള്‍. അറബിനാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ അധ്വാനിച്ചാണ് അവരില്‍ പലരും നേട്ടങ്ങള്‍ എത്തിപ്പിച്ചത്. അധ്വാനത്തിനൊപ്പം ഭാഗ്യവും കൂട്ടിനെത്തിയപ്പോള്‍ ജീവിതം തന്നെ മാറിപ്പോയ നിരവധി പ്രവാസികളുടെ കഥ നമുക്കറിയാം. ഇപ്പോഴിതാ ഇത്തവണത്തെ ഫോബസ് ശതകോടീശ്വര പട്ടികയിലും ഇന്ത്യക്കാരായ അഞ്ച് യുഎഇ പ്രവാസികള്‍ ഇടം നേടിയിരിക്കുന്നു.

മൂന്ന് മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാരാണ് യുഎഇയിലെ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ഇത്തവണ ഫോബ്‌സ് പട്ടികയിലെത്തിയത്. 1.04 ട്രില്യണ്‍ രൂപ അതായത് 15.1 ബില്യണ്‍ ഡോളര്‍ ആണ് ഈ അഞ്ച് പേരുടെയും ആസ്തിയുടെ ആകെത്തുക. മലയാളിയായ എംഎ യൂസഫലിയാണ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും മുമ്പിലെത്തിയിരിക്കുന്ന പ്രവാസി.

എം എ യൂസഫലി

യുഎഇയിലെ പ്രവാസികളില്‍ ഏറ്റവും സമ്പന്നനായ റീറ്റെയ്ല്‍ വ്യവസായ പ്രമുഖനായ എംഎ യൂസഫലി ഫോബ്‌സ് പട്ടികയില്‍ 394ാം സ്ഥാനത്താണുള്ളത്. ഏകദേശം 4.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് യൂസഫലിക്കുള്ളത്. 1973ലാണ് ചെറുകിട ബിസിനസ് പദ്ധതിയുമായി യൂസഫലി അബുദബിയിലേക്ക് ചെക്കേറുന്നത്. കഠിനാധ്വാനവും ഇച്ഛാശക്തിയും യൂസഫലിയെ ലുലു ഗ്രൂപ്പിന്റെ അധിപന്‍ സ്ഥാനത്ത് എത്തിച്ചു. ഗള്‍ഫ് യുദ്ധം കൊടുമ്പിരി കൊണ്ട 1990കളിലാണ് യൂസഫലി ആദ്യ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. ഗള്‍ഫിലും മറ്റ് രാജ്യങ്ങളിലുമായി 152 സ്റ്റോറുകളാണ് ഇന്ന് ലുലു ഗ്രൂപ്പിനുള്ളത്. ഇവയില്‍ നിന്നുള്ള വരുമാനമാകട്ടെ 8.1 ബില്യണ്‍ ഡോളറും. സ്വന്തം നാട്ടിലും യൂസഫലി നടത്തുന്ന നിക്ഷേപങ്ങള്‍ ചെറുതല്ല. ഹോട്ടലുകള്‍, മാളുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഏകദേശം 2 ബില്യണ്‍ ഡോളറാണ് യൂസഫലി ഇന്ത്യയില്‍ ചെലവഴിച്ചിരിക്കുന്നത്. കേരളത്തെ നടുക്കിയ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2.6 മില്യണ്‍ ഡോളറാണ് യൂസഫലി സംഭാവന നല്‍കിയത്. ഇന്ത്യയിലെ സമ്പന്നരില്‍ 26ാം സ്ഥാനമാണ് 63കാരനായ യൂസഫലിക്ക് ഉള്ളത്. പത്മശ്രീ ജേതാവായ യൂസഫലി തൃശ്ശൂരിലെ നാട്ടിക സ്വദേശിയാണ്.

മിക്കി ജഗതിയാനി

ദുബായ് ആസ്ഥാനമായുള്ള ലാന്‍ഡ്മാര്‍ക്ക് റീറ്റെയ്ല്‍ ഗ്രൂപ്പ് സാരഥി മിക്കി ജഗതിയാനിയാണ് ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഇടം നേടിയിരിക്കുന്ന മറ്റൊരു ഇന്ത്യന്‍ പ്രവാസി. ആകെ 4.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മിക്കി്ക്ക് ഇന്നുള്ളത്. ലണ്ടനില്‍ ടാക്‌സി ഡ്രൈവറായിരുന്ന മിക്കി പിന്നീട് ബഹ്‌റൈനിലെത്തി. 1973ല്‍ കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന കട ആരംഭിച്ചാണ് മിക്കി തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ദുബായ് ആസ്ഥാനമായുള്ള ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിലേക്ക് മിക്കിയുടെ ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഏകദേശം 6 ബില്യണ്‍ വാര്‍ഷിക വരുമാനമുള്ള ലാന്‍ഡ്മാര്‍ക്കിന് 22 രാജ്യങ്ങളിലായി 2,300 സ്റ്റോറുകളുണ്ട്. മിക്കിയുടെ ഭാര്യ രേണുകയാണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും. ലോകത്തിലെ സമ്പന്നരില്‍ 478ാം സ്ഥാനമുള്ള ഈ 67കാരന് ഇന്ത്യയിലെ സമ്പന്നരില്‍ 30ാം സ്ഥാനമാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുസ്ലീം വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രാന്‍ഡിലുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും മിക്കി തന്റെ സ്റ്റോറുകളില്‍ വിലക്കേര്‍പ്പെടുത്തിയത് ജനശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു. കുവൈറ്റില്‍ ജനിച്ച മിക്കി ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ബി ആര്‍ ഷെട്ടി

കര്‍ണ്ണാടകയിലെ ഉഡുപ്പി സ്വദേശിയായ ബി ആര്‍ ഷെട്ടിയാണ് ഇത്തവണത്തെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഇടം നേടിയ മറ്റൊരു യുഎഇ പ്രവാസി. അബുദബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമാണ് ഇദ്ദേഹം. ഏകദേശം 2.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബി ആര്‍ ഷെട്ടിക്ക് ഉള്ളത്. ഫാര്‍മസിയില്‍ സെയില്‍സ്മാന്‍ ആയി തൊഴില്‍ ജീവിതം ആരംഭിച്ച ഷെട്ടി 1973ലാണ് സ്വന്തമായൊരു ഹെല്‍ത്ത്‌കെയര്‍ സാമ്രാജ്യം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെത്തുന്നത്. ഇന്ന് യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളില്‍ ഒന്നാണ് എന്‍എംസി ഹെല്‍ത്ത്. വിദേശ പണമിടപാട് സ്ഥാപനങ്ങളായ യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലെക്‌സ് ഗ്രൂപ്പ് എന്നിവയുടെ ഉടമ കൂടിയായ ഷെട്ടി അവ രണ്ടും ഫിനാബ്ലര്‍ എന്ന പുതിയ ഹോള്‍ഡിംഗ് കമ്പനിയുടെ കീഴില്‍ കൊണ്ടുവന്നു. ഇന്ത്യ, നേപ്പാള്‍, ആഫ്രിക്ക, ഗള്‍ഫ് മേഖലകളില്‍ സാന്നിധ്യമുള്ള ബിആര്‍ ലൈഫ് എന്ന ഹെല്‍ത്ത്‌കെയര്‍ സ്ഥാപനത്തിന്റെയും ഉടമയാണ് 77കാരനായ ഈ വ്യവസായി.ലോകത്തിലെ ഏറ്റവും നീളം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകളാണ് ഇദ്ദേഹം സ്വന്തമാക്കിയത്. സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നതിനായി വാരണ്‍ ബഫറ്റും ബില്‍്‌ഗേറ്റ്‌സും ചേര്‍ന്ന് സ്ഥാപിച്ച ‘ഗിവിങ് പ്ലെഡ്ജ്’ എന്ന സംഘടനയില്‍ 2018ല്‍ ഷെട്ടി ഒപ്പുവെച്ചു. മോഹന്‍ലാലിനെ നായകനാക്കി വി ആര്‍ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഇതിഹാസകാവ്യമായ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരം മഹാഭാരതം എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് ഇദ്ദേഹം. ഫോബ്‌സ് പട്ടികയില്‍ 804ാം സ്ഥാനത്തുള്ള ഇദ്ദേഹം ഇന്ത്യയിലെ സമ്പന്നരുടെ പട്ടിരകയില്‍ 38ാം സ്ഥാനത്താണ്.

സണ്ണി വര്‍ക്കി

1959കളില്‍ ദുബായിലേക്ക് കുടിയേറിയ അധ്യാപക ദമ്പതിമാരുടെ മകനായ സണ്ണി വര്‍ക്കി ജെംസ് എഡ്യൂക്കേഷന്‍ എന്ന വിദ്യാഭ്യാസ സംരംഭത്തിന്റെ അമരക്കാരനാണ്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ ജെംസിന് ലോകത്ത് ആകമാനം 250 ലേറെ സ്‌കൂളുകള്‍ ഉണ്ട്. ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പാണ് ജെംസിലെ പ്രധാന നിക്ഷേപകര്‍. സണ്ണി വര്‍ക്കിയുടെ മക്കളായ ഡിനോ, ജെ എന്നിവരാണ് ജെംസിലെ സിഇഒ, എക്‌സിക്യുട്ടീവ് പദവികള്‍ വഹിക്കുന്നത്. ഹൈസ്‌കൂള്‍ തലത്തിനപ്പുറം ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത വര്‍ക്കി 1980കളില്‍ തന്റെ 23ാം വയസിലാണ് മാതാപിതാക്കളുടെ അവര്‍ ഓണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നത്. ഫോബ്‌സിന്റെ ലോകസമ്പന്നരുടെ പട്ടികയില്‍ 962ാം സ്ഥാനത്തുള്ള സണ്ണി ഇന്ത്യയില്‍ 62ാമത്തെ സമ്പന്ന വ്യക്തിത്വമാണ്. ആകെ ആസ്തി 2.4 ബില്യണ്‍ ഡോളര്‍.

പിഎന്‍സി മേനോന്‍

തൃശ്ശൂര്‍ സ്വദേശിയായ പിഎന്‍സി മേനോന്‍ ഇന്റീരിയര്‍ ഡെക്കറേറ്റിംഗ് വ്യവസായം ആരംഭിക്കണമെന്ന മോഹത്തോടെയാണ് 1976ല്‍ ഒമാനിലേക്ക് ചേക്കേറുന്നത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ മേനോന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് 1995ല്‍ ബംഗലൂരുവില്‍ ശോഭ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു. ഭാര്യയുടെ പേരാണ് മേനോന്‍ കമ്പനിക്കായി തെരഞ്ഞെടുത്തത്. നിലവില്‍ മകനായ രവിയാണ് ശോഭ ഡെവലപ്പേഴ്‌സ് ബിസിനസ് കൈകാര്യം ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭ റിയല്‍റ്റി യുഎഇ,ഖത്തര്‍, ഒമാന്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണ രംഗത്ത് സജീവമാണ്. യുഎഇയില്‍ അധികമാരും അറിയാത്ത എമിറേറ്റായ ഉം അല്‍ കുവൈനിനെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കി വളര്‍ത്തിയെടുക്കുന്നതിന് ഉം അല്‍ കുവൈന്‍ സര്‍ക്കാരും ശോഭ ഗ്രൂപ്പും തമ്മില്‍ 6.8 ബില്യണ്‍ ഡോളറിന്റെ സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിട്ടുണ്ട്. ലോകസമ്പന്നരുടെ പട്ടികയില്‍ 1941ാം സ്ഥാനത്തുള്ള ഈ 77കാരന്‍ ഇന്ത്യയിലെ സമ്പന്നരില്‍ 78ാം സ്ഥാനത്താണ്. ആകെ ആസ്തി 1.1 ബില്യണ്‍ ഡോളറാണ്.

Comments

comments

Categories: Arabia
Tags: Indians UAE