ഇന്ത്യയിലെ ഇ-മാലിന്യം ഉയര്‍ത്തുന്ന ഗുരുതര ആശങ്ക

ഇന്ത്യയിലെ ഇ-മാലിന്യം ഉയര്‍ത്തുന്ന ഗുരുതര ആശങ്ക

അടുത്തിടെ വരെ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ചാണ് ലോകം ഏറ്റവുമധികം ആശങ്കപ്പെട്ടിരുന്നതെങ്കില്‍ അതിനേക്കാളേറെ വിഷമയവും ഗുരുതരവുമായ ഇലക്ട്രോണിക് മാലിന്യമാണ് പുതിയ കാലത്തെ വില്ലന്‍. ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ഏറെ ചെലവ് വരുന്നതിനാലും വിഷപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാലും ഇവയെ വികസ്വര രാജ്യങ്ങളിലേക്ക് തള്ളിവിടുകയാണ് പ്രമുഖ രാഷ്ട്രങ്ങള്‍. ലോകത്തെ ഇ-മാലിന്യങ്ങളുടെ നല്ലൊരു പങ്കും പുനചംക്രമണത്തിനെത്തുന്നത് ഇന്ത്യയിലേക്കാണ്. അശാസ്ത്രീയവും നിയമ വിരുദ്ധവുമായ മാര്‍ഗത്തില്‍ ജ്വലനത്തിലൂടെയും മറ്റും ഇവ പുനചംക്രമണം ചെയ്യുന്ന ഉത്തരേന്ത്യന്‍ മേഖലകള്‍ കടുത്ത പരിസ്ഥിതി മലിനീകരണവും വിനാശവുമാണ് അഭിമുഖീകരിക്കുന്നത്

മൈല്‍സ് പാര്‍ക്

പ്രതിവര്‍ഷം 50 ദശലക്ഷം ടണ്‍ ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ മാലിന്യം (ഇ-മാലിന്യം) ആണ് ലോകത്ത് ഉണ്ടാകുന്നതെന്നാണ് അടുത്തിടെ ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ 20 ശതമാനം മാത്രമാണ് ഔദ്യോഗിക സംവിധാനങ്ങളിലൂടെ പുനചംക്രമണം ചെയ്യപ്പെടുന്നത്. ശേഷിക്കുന്നവ ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുകയോ വികസ്വര രാജ്യങ്ങളിലേക്കെത്തിച്ച് അനൗദ്യോഗികമായി റീസൈക്കിളിംഗിന് വിധേയമാക്കുകയോ ചെയ്യുന്നു.

രണ്ട് ദശലക്ഷം ടണ്ണിലധികം ഇ-മാലിന്യങ്ങളാണ് ഇന്ത്യ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത്. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ നിന്ന് കണക്കില്ലാത്ത അളവില്‍ ഇ-മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഞങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇ-മാലിന്യം പുനചംക്രമണം ചെയ്യുമ്പോള്‍ തൊഴിലാളികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും സംഭവിക്കുന്ന ഹാനികരമായ ചില പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഈ യാത്രയുടെ അടിസ്ഥാനത്തില്‍ ഇവിടെ വെളിപ്പടുത്തുന്നത്.

ഇന്ത്യയുടെ ഇ-മാലിന്യം

മാലിന്യം പെറുക്കുന്ന അനൗദ്യോഗിക തൊഴിലാളികളുടെ വലിയൊരു ശൃംഖലയിലൂടെയാണ് ഇന്ത്യയിലെ 95 ശതമാനത്തിലധികം ഇ-മാലിന്യങ്ങളും കൈകാര്യം ചെയ്യുപ്പെടുന്നത്. ഇ-മാലിന്യം ശേഖരിക്കുകയും വിഘടിപ്പിക്കുകയും റീസൈക്കിള്‍ ചെയ്യുകയും നിയന്ത്രിത അല്ലെങ്കില്‍ ഔപചാരിക സംഘടനാ സംവിധാനത്തിന് പുറത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവര്‍ ‘കബാഡിവാലാസ്’ അല്ലെങ്കില്‍ ‘റദ്ദിവാലാസ്’ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. (കബാഡി എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം ആക്രി സാധനങ്ങളെന്നാണ്). 2016 ല്‍ ഇന്ത്യ, ഇ-മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ചട്ടം നടപ്പിലാക്കിയതിന് ശേഷം കാര്യമായ മാറ്റങ്ങളൊന്നും ഈ മേഖലയില്‍ സംഭവിച്ചിട്ടില്ല.

ഡെല്‍ഹിയുടെ പരിസരങ്ങളില്‍ ഇ-മാലിന്യം കൈകാര്യം ചെയ്യുന്നവരെ ഞങ്ങള്‍ സന്ദര്‍ശിച്ചു. സീലംപൂരിലെ ഇടുങ്ങിയതും തിരക്കേറിയതുമായ ഇടവഴികളില്‍ മാത്രം കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഉപേക്ഷിക്കപ്പെട്ട ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍, കംപ്യൂട്ടറുകള്‍, ഫോണുകള്‍, ബാറ്ററികള്‍ എന്നിവ ഉള്‍പ്പെടെ വ്യത്യസ്ത തരത്തിലുള്ള ഇ-മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഞങ്ങള്‍ കണ്ടു. കടകള്‍ക്ക് പുറത്ത് കുത്തിയിരുന്ന് അവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിഘടിപ്പിക്കുകയും, കൂടുതല്‍ റീസൈക്കിളിംഗിന് വേണ്ടി മറ്റ് വ്യാപാരികള്‍ക്ക് വില്‍ക്കുന്നതിന് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, കപ്പാസിറ്ററുകള്‍, ലോഹഭാഗങ്ങള്‍, മറ്റ് ഘടകങ്ങള്‍ എന്നിവ തരംതിരിക്കുകയും ചെയ്യുകയായിരുന്നു. ആവശ്യമായ ഉപകരണങ്ങള്‍, കൈ ഉറകള്‍, മുഖംമൂടികള്‍, അനുയോജ്യമായ പാദരക്ഷകള്‍ എന്നിവയൊന്നും ഇല്ലാതെയാണ് അവര്‍ ജോലിയില്‍ വ്യാപൃതരായിരുന്നത്.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഇ-മാലിന്യങ്ങളും ഇവിടേക്കെത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. ”മാലിന്യങ്ങളുമായി ട്രക്കുകള്‍ അതിരാവിലെ തന്നെ എത്തും. അപ്പോള്‍ വന്നാല്‍ നിങ്ങള്‍ക്ക് കാഴ്ച കാണാം,’ ഒരു ട്രോളി ഡ്രൈവര്‍ ഞങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-മാലിന്യ സംസ്‌കരണ വിപണിയാണ് സീലംപൂര്‍. ട്രക്കുകള്‍ ദിവസവും കൊണ്ടുവന്നിടുന്ന ഇ-മാലിന്യങ്ങള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്ന് തികച്ചും പ്രാകൃതമായ രീതികളിലൂടെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നു. ചെമ്പ്, തകരം, വെള്ളി, സ്വര്‍ണം, ടൈറ്റാനിയം, പല്ലേഡിയം തുടങ്ങിയ വിലയേറി ലോഹങ്ങളും, പുനരുപയോഗപ്രദമായ ഘടകങ്ങളുമാണ് ഇപ്രകാരം വേര്‍തിരിക്കുന്നത്. ആസിഡുപയോഗിച്ചുള്ള കഴുകല്‍, തുറന്ന സ്ഥലത്തിട്ടുള്ള കത്തിക്കല്‍ എന്നിവയടക്കമുള്ള പ്രക്രിയകള്‍ മൂലം വിഷ വാതകങ്ങള്‍ വന്‍തോതില്‍ സൃഷ്ടിക്കപ്പെടുകയും വിവിധ ആരോഗ്യ, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ഗതികേട് കൊണ്ടാണ് സീലംപൂരിലേക്ക് തൊഴില്‍ തേടി തൊഴിലാളികളെത്തുന്നത്. പ്രതിദിനം 200 മുതല്‍ 800 രൂപ വരെയാണ് തൊഴിലാളികള്‍ക്ക് കിട്ടുന്നതെന്നാണ് ഞങ്ങള്‍ മനസിലാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിസാര വേതനമാണ് ലഭിക്കുന്നത്. ലോഹങ്ങള്‍ വേര്‍പെടുത്തിയെടുക്കുന്നത് പോലെയുള്ള കാഠിന്യമുള്ള തൊഴിലുകള്‍ ചെയ്യുന്ന പുരുഷന്മാര്‍ക്ക് കൂടുതല്‍ വേതനം ലഭിക്കുന്നുണ്ട്.

എത്രമാത്രം ലോഹങ്ങള്‍ വേര്‍പെടുത്തിയെടുത്തെന്നും വേര്‍തിരിച്ചവയുടെ ഗുണമേന്മ എങ്ങനെയുണ്ടെന്നതുമായി ബന്ധപ്പെട്ട് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകളുമുണ്ടാവും. തങ്ങളുടെ സ്വന്തം ക്ഷേമത്തെക്കുറിച്ച് വ്യക്തമായ വിചാരമൊന്നുമില്ലാതെ പ്രതിദിനം 8-10 മണിക്കൂര്‍ അവര്‍ തൊഴിലെടുക്കുന്നു. ഈ വൃത്തിഹീനമായ, വിഷപ്പുക നിറഞ്ഞ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ പൊതുവായി കാണുന്നുണ്ടെന്ന് ഒരു പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധി ഞങ്ങളെ അറിയിച്ചു.

തലസ്ഥാന നഗരമായ ഡെല്‍ഹി നേരിടുന്നത് ഗുരുതരമായ വായു, ജല മലിനീകരണ പ്രശ്‌നങ്ങളെയാണ്. ഇവ കുറച്ചു കൊണ്ടു വരുന്നതിനുള്ള ഗൗരവപൂര്‍ണമായ ശ്രമത്തിലാണ് അധികൃതര്‍. റീസൈക്ലിംഗ് ബിസിനസ് നയിക്കുന്ന ആളുകള്‍ മലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നേയില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. പൊലീസ് റെയ്ഡുകളെ തീര്‍ച്ചയായും അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇ-മാലിന്യം കത്തിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവമേ നടക്കുന്നില്ലെന്നായിരുന്നു പ്രതികരണം. വിശദമായി സംസാരിക്കുന്നതിന് പ്രദേശവാസികളും താല്‍പ്പര്യം കാട്ടിയില്ല. ഡെല്‍ഹിയിലെ ഗുരുതരമായ വായു, ജല മലിനീകരണങ്ങള്‍ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന സ്ഥിരം പൊലീസ് പട്രോളിംഗുകളിലൊന്നില്‍ തങ്ങളുടെ വ്യാപാരത്തിനും പൂട്ടുവീണേക്കാമെന്ന് അവര്‍ ഭയക്കുന്നു.

ഈ ഭയത്തിന്റെ ഫലമായി, ഇ-മാലിന്യം കത്തിക്കലും ആസിഡുപയോഗിച്ചുള്ള കഴുകലും ഡെല്‍ഹിയുടെയും അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവയുടെയും പ്രാന്തപ്രദേശങ്ങളിലാണ് നടത്തുക. പൊലീസ് റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും രാത്രിയിലാവും ഈ പരിപാടികള്‍ ചെയ്യുക.

സീലംപുരിലൂടെ സഞ്ചരിക്കവെ യാദൃശ്ചികമായി, കുട്ടികള്‍ മാലിന്യങ്ങളും മലിനജലവും നിറഞ്ഞ ഓവുചാലില്‍ കളിക്കുന്നത് കണ്ട് ഞങ്ങള്‍ സ്തബ്ധരായിപ്പോയി. ചൂടുള്ള മാസങ്ങളില്‍ ഓവുചാലുകള്‍ക്ക് തീ പീടിക്കാറുണ്ട്. അടിഞ്ഞുകൂടിയ മാലിന്യ ശേഖരത്തെ കുറയ്ക്കുന്നതിന് പലപ്പോഴും തീവെക്കാറുമുണ്ട്.

സീലംപൂരിലെ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ മന്‍ഡോലി സന്ദര്‍ശിച്ചു. ഡെല്‍ഹിയോട് ചേര്‍ന്ന ഇവിടെ ഇ-മാലിന്യങ്ങള്‍ കത്തിക്കാറുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. മന്‍ഡോലിയിലെത്തി ഇ-മാലിന്യ റീസൈക്ലിംഗിനെക്കുറിച്ച് സംസാരിക്കാനാരംഭിച്ചപ്പോള്‍ തന്നെ അത്തരം ഇടപാടുകള്‍ ഇവിടെ നടക്കുന്നില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ കുറച്ചധികം എതിര്‍ത്തശേഷം ഇടുങ്ങിയതും വാഹനങ്ങളുടെ ചക്രങ്ങളുടെ പാടുകള്‍ നിറഞ്ഞതുമായ ഒരു വഴിയിലൂടെ ഞങ്ങള്‍ നയിക്കപ്പെട്ടു. കൊട്ടിയടയ്ക്കപ്പെട്ട വലിയ ഇരുമ്പ് വാതിലുകള്‍, മറ്റുള്ളവരെ നിരീക്ഷിക്കാനുള്ള ചെറിയ ദ്വാരം എന്നിവയെല്ലാമുള്ള ശക്തമായ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട ആ വ്യാവസായിക പ്രദേശം ഒരു ജയില്‍ പോലെയാണ് തോന്നിച്ചത്.

ഈ വ്യാവസായിക യൂണിറ്റുകളിലൊന്നിലേക്ക് പ്രവേശിക്കാന്‍ ഒടുവില്‍ ഞങ്ങള്‍ക്ക് അനുമതി ലഭിച്ചു. ചുറ്റിക്കറങ്ങി മുകളിലേക്കുയരുന്ന ധൂമപടലത്തിന്റെ ഇടയില്‍ നിന്ന് നാലോ അതിലധികമോ സ്ത്രീകള്‍ ചെമ്പും മറ്റ് ലോഹങ്ങളും വേര്‍തിരിച്ചെടുക്കുന്നതിനായി കല്‍ക്കരി കനലുകളിലിട്ട് ഇലക്ട്രിക്കല്‍ കേബിളുകള്‍ കത്തിക്കുകയായിരുന്നു. ഞങ്ങളോട് സംസാരിക്കാന്‍ അവര്‍ വിസമ്മതിച്ചു; മാത്രമല്ല അവരുടെ മറുപടികള്‍ ജാഗ്രതയോട് കൂടിയതുമായിരുന്നു. എന്നാല്‍ തങ്ങളുടെ ജോലി മൂലമുണ്ടാകുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുള്ളവരായിരുന്നു അവര്‍.

അത്യന്തം മലിനമായ ഈ പശ്ചാത്തലത്തില്‍ അഞ്ച് മിനിറ്റിലധികം നില്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഇവിടുത്തെ ആളുകള്‍ ആസ്ത്മ, അല്ലെങ്കില്‍ സമാനമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടോയെന്ന് പ്രായമായ ഒരാളോട് തിരികെ വരുമ്പോള്‍ ഞങ്ങള്‍ അന്വേഷിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണങ്ങള്‍ സാധാരണമാണെന്ന് അയാള്‍ പറഞ്ഞു. ഭൂരിഭാഗം യൂണിറ്റുകളും നിയമ വിരുദ്ധമാണെന്നും പിടിക്കപ്പെടാതിരിക്കാന്‍ രാത്രിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഞങ്ങള്‍ മനസിലാക്കി. രാത്രിയിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും ഉയര്‍ന്ന തോതിലെത്തുക. അടുത്തുള്ള ജനവാസ മേഖലകളെയും, എന്തിനധികം മന്‍ഡോലി ജയിലിലെ തടവുകാരെ പോലും ഇത് ദോഷകരമായി ബാധിക്കുന്നു.

സന്ദര്‍ശനത്തിന് ശേഷം കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അവരുടെ ജീവിതം വീണ്ടും വിഷപ്പുകയുടെ മധ്യത്തില്‍ തന്നെ എരിഞ്ഞു തീര്‍ന്നുകൊണ്ടിരുന്നു. വിഷമയമായ ഈ മാലിന്യങ്ങളള്‍ക്കിടയില്‍ ജീവിക്കുകയും വിഷ വായു ശ്വസിക്കുകയും ചെയ്യുന്ന ആളുകള്‍, തൊഴിലാളികള്‍, അവരുടെ കുട്ടികള്‍ എന്നിവരെക്കുറിച്ച് ആലോചിക്കുന്നത് തന്നെ തീവ്രദു:ഖമുളവാക്കുന്ന കാര്യമാണ്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലു ഇ-മാലിന്യം റീസൈക്കിള്‍ ചെയ്യുന്നതിന്റെ പരിതാപകരമായ വിരോധാഭാസം ഈ സന്ദര്‍ശനം കൊണ്ട് മനസിലാക്കാന്‍ സാധിച്ചു. ഓസ്‌ട്രേലിയയിലും മറ്റനേകം വികസിത വ്യവസായ സമ്പദ് വ്യവസ്ഥകളിലും ഇ-മാലിന്യ ശേഖരവും അവയുടെ റീസൈക്ലിംഗും ഏറെ കുറവാണ്. ഇന്ത്യയിലാവട്ടെ ഇ-മാലിന്യ ശേഖരണവും റീസൈക്ലിംഗ് നിരക്കും ഏറ്റവും ഉയര്‍ന്ന നിരക്കിലും.

അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റീസൈക്കിളര്‍മാര്‍, കബാഡിവാലാകള്‍, റദ്ദിവാലാകള്‍ എന്നിവര്‍ മൂലമാണിത്. റീസൈക്ലിംഗിന്റെ ഓരോ ഘട്ടത്തിലും മൂല്യമുള്ള ഘടകങ്ങള്‍ വിയോജിപ്പിച്ചെടുക്കാന്‍ പാടവം ഉള്ളവരാണവര്‍. പക്ഷേ ഇത് അവരുടെ ആരോഗ്യത്തിനും ഒപ്പം പരിസ്ഥിതിക്കും അതിലേറെ ഉയര്‍ന്ന നഷ്ടം വരുത്തുന്നെന്നതാണ് യാഥാര്‍ത്ഥ്യം.

(ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സില്‍ മുതിര്‍ന്ന അധ്യാപകനാണ് ലേഖകന്‍)

Comments

comments

Categories: FK News, Slider
Tags: E waste