ഇന്ത്യന്‍ ഡോക്റ്റര്‍മാരെ അഭിനന്ദിച്ച് ബ്രിട്ടിഷ് രാജ്ഞി

ഇന്ത്യന്‍ ഡോക്റ്റര്‍മാരെ അഭിനന്ദിച്ച് ബ്രിട്ടിഷ് രാജ്ഞി

ബ്രിട്ടിഷ് ആരോഗ്യരംഗത്ത് ഇന്ത്യന്‍ ഡോക്റ്റര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് എലിസബത്ത് രാജ്ഞി. ബ്രിട്ടിഷ് പൊതുജനാരോഗ്യവകുപ്പിന്റെ ദേശീയാരോഗ്യസേവന(എന്‍എച്ച്എസ്) വിഭാഗത്തില്‍ 60,000 ഇന്ത്യന്‍ ഡോക്റ്റര്‍മാരെ ഈയിടെ നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ സേവനത്തെയാണ് രാജ്ഞി ശ്ലാഘിച്ചത്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാമിന്റെ ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ്ഞി.

ബക്കിംഗാം കൊട്ടാരത്തില്‍ രുചിക്ക് വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് നല്ലൊരു ആശയ വിനിമയമുണ്ടാക്കാനായെന്ന് അവര്‍ പറഞ്ഞു. നിരവധി കാര്യങ്ങളെക്കുറിച്ച് രാജ്ഞിയുമായി സംസാരിച്ചു. രാജ്യത്തെ ഇന്ത്യന്‍സമൂഹത്തിന്റെ നിര്‍ണായക സാന്നിധ്യത്തെക്കുറിച്ചായിരുന്നു അതില്‍ ഏറിയ പങ്കും. കഴിഞ്ഞ ആഴ്ച ബര്‍മിങ്ഹാമില്‍ നടന്ന ആരോഗ്യസംരക്ഷണ പരിപാടിയെക്കുറിച്ച് താന്‍ പരാമര്‍ശിച്ചു. 60,000 ഇന്ത്യന്‍ ഡോക്റ്റര്‍മാരെക്കുറിച്ച് പറഞ്ഞപ്പോള്‍, എന്‍എച്ച്എസിന് അവര്‍ നല്‍കുന്ന പിന്തുണയെക്കുറിച്ച് രാജ്ഞി എടുത്തു പറഞ്ഞു. അവരുടെ സഹായമില്ലായിരുന്നെങ്കില്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം എത്രമാത്രം ക്ലേശകരമാകുമായിരുന്നുവെന്നാണ് രാജ്ഞി ചോദിച്ചതെന്ന് രുചി പറഞ്ഞു.

ബ്രിട്ടണിലെ ആരോഗ്യസേവനത്തിന്റെ നട്ടെല്ലായാണ് ഇന്‍ഡ്യന്‍ ഡോക്റ്റര്‍മാരെ സാധാരണ വിശേഷിപ്പിക്കാറുള്ളത്. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഡോക്റ്റര്‍മാര്‍ക്കുള്ള വിസ അനുമതി കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലാണിത്. ഇതേത്തുടര്‍ന്നുണ്ടാകുന്ന ഡോക്റ്റര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ ഡോക്റ്റര്‍മാരെ ബ്രിട്ടണിലേക്ക് കൊണ്ടു വരാന്‍ അനുവദിക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

കഴിഞ്ഞയാഴ്ച ബര്‍മിങ്ഹാമില്‍ നടന്ന ആരോഗ്യപരിപാടിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയൊരു തൊഴില്‍സഹകരണത്തിന്റെ ചര്‍ച്ചയും നടന്നിരുന്നു. ഇന്ത്യ- ബ്രിട്ടണ്‍ ബന്ധത്തിന് ദീര്‍ഘകാല പാരമ്പര്യമുണ്ടെങ്കിലും അതില്‍ ചില ചരിത്രപരമായ സങ്കീര്‍ണതകളുണ്ടായിരുന്നുവെന്ന് വൈസ് മാര്‍ഷല്‍ നീല്‍ ഹോളണ്ട് പറഞ്ഞു. എന്നാല്‍ സമീപകാലത്തെ ഉഭയകക്ഷി ബന്ധം വളരെ മികച്ചതാണെന്നും ഹോളണ്ട് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അവസാനമാണ് രുചി ഘനശ്യാം ഇവിടെ ഹൈക്കമ്മിഷണറായി ചുമതലയേറ്റത്.

Comments

comments

Categories: Health