നോര്‍വെയില്‍ നിസാന്‍ ലീഫിനെ മറികടന്ന് ടെസ്‌ല മോഡല്‍ 3

നോര്‍വെയില്‍ നിസാന്‍ ലീഫിനെ മറികടന്ന് ടെസ്‌ല മോഡല്‍ 3

പ്രതിമാസ വില്‍പ്പനയില്‍ നിസാന്‍ ലീഫിനെ ടെസ്‌ല മോഡല്‍ 3 ബഹുദൂരം പിന്നിലാക്കി. മാര്‍ച്ച് മാസത്തില്‍ നോര്‍വെയില്‍ ഇതുവരെ 3,593 യൂണിറ്റ് മോഡല്‍ 3 രജിസ്റ്റര്‍ ചെയ്തു

ഓസ്‌ലൊ : നോര്‍വീജിയന്‍ വിപണിയില്‍ ടെസ്‌ല മോഡല്‍ 3 വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുന്നു. പ്രതിമാസ വില്‍പ്പനയില്‍ നിസാന്‍ ലീഫ് ഇലക്ട്രിക് കാറിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ടെസ്‌ലയുടെ ഓള്‍ ഇലക്ട്രിക് സെഡാന്‍. മാര്‍ച്ച് മാസത്തില്‍ ഇതുവരെ 3,593 യൂണിറ്റ് മോഡല്‍ 3 സെഡാനാണ് നോര്‍വെയില്‍ രജിസ്റ്റര്‍ ചെയ്തത്. 2018 മാര്‍ച്ചില്‍ നിസാന്‍ ലീഫ് വിറ്റുപോയതിനേക്കാള്‍ 65 ശതമാനം കൂടുതല്‍. മാര്‍ച്ച് മാസം തീരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്.

നോര്‍വെയില്‍ ഈ മാസം ഇതുവരെ എല്ലാ മോഡലുകളും ഉള്‍പ്പെടെ ആകെ 3,964 യൂണിറ്റ് ടെസ്‌ല കാറുകള്‍ വിറ്റു. 2016 ഏപ്രില്‍ മാസത്തില്‍ ഫോക്‌സ്‌വാഗണ്‍ കുറിച്ച റെക്കോര്‍ഡാണ് ടെസ്‌ല ഇപ്പോള്‍ മറികടന്നത്. ഫോക്‌സ്‌വാഗണ്‍ അന്ന് 3,017 കാറുകളാണ് വിറ്റത്. എന്നാല്‍ മോഡല്‍, ആകെ വില്‍പ്പന എന്നിവ സംബന്ധിച്ച വാര്‍ഷിക വില്‍പ്പനക്കണക്കുകള്‍ പരിശോധിച്ചാല്‍ ഫോക്‌സ്‌വാഗണ്‍ സ്വന്തം റെക്കോര്‍ഡ് മുറുകെപ്പിടിക്കുന്നു. 2015 ല്‍ 16,388 യൂണിറ്റ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് വിറ്റപ്പോള്‍ 2016 ല്‍ ആകെ 26,574 ഫോക്‌സ്‌വാഗണ്‍ കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം നോര്‍വെയില്‍ ഏറ്റവും കൂടുതല്‍ വിറ്റ കാര്‍ നിസാന്‍ ലീഫ് ആയിരുന്നു. ആഴ്ച്ചകള്‍ക്കുമുമ്പ് മാത്രമാണ് ടെസ്‌ല മോഡല്‍ 3 യൂറോപ്പിലെത്തിയത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടെസ്‌ല കാറാണ് മോഡല്‍ 3. 2018 ല്‍ നേടിയ വിറ്റുവരവ് അനുസരിച്ച് ടെസ്‌ലയുടെ നാലാമത്തെ വലിയ വിപണിയാണ് നോര്‍വെ. യുഎസ്, ചൈന, നെതര്‍ലന്‍ഡ്‌സ് എന്നിവയാണ് ആദ്യ മൂന്ന് പ്രധാന വിപണികള്‍.

പ്രതിശീര്‍ഷ സീറോ എമിഷന്‍ കാറുകളുടെ കണക്കെടുത്താല്‍, ലോകത്തെ ഏറ്റവും വലിയ വിപണിയാണ് നോര്‍വെ. നികുതി ഇളവുകളും മറ്റ് ഉദാരമായ ആനുകൂല്യങ്ങളുമാണ് മലിനീകരണം നടത്താത്ത കാറുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യമായി ഈ വടക്കന്‍ യൂറോപ്യന്‍ രാജ്യത്തെ മാറ്റിയത്. വൈദ്യുത വാഹനം ഉപയോഗിച്ചാല്‍ പാതകളില്‍ ചുങ്കം നല്‍കേണ്ടതില്ല. അല്ലെങ്കില്‍ കുറഞ്ഞ നിരക്ക് നല്‍കിയാല്‍ മതി. 53.28 ലക്ഷം മാത്രമാണ് നോര്‍വെയിലെ ജനസംഖ്യ.

Comments

comments

Categories: Auto