സമ്പന്നരെ പിഴിഞ്ഞാല്‍ ‘ന്യായ്’ നടപ്പാക്കാമെന്ന് റിപ്പോര്‍ട്ട്

സമ്പന്നരെ പിഴിഞ്ഞാല്‍ ‘ന്യായ്’ നടപ്പാക്കാമെന്ന് റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിക്ക് തുക എങ്ങനെ കണ്ടെത്തുമെന്ന് ചോദ്യം

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത് മിനിമം വരുമാന പദ്ധതിയായ ‘ന്യായ്’നായി ഫണ്ട് കണ്ടെത്തുന്നതിന് സമ്പന്നരുടെ മേല്‍ അധിക നികുതി ചുമത്തുകയാണ് ഉചിതമായ മാര്‍ഗമെന്ന് പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇന്‍ഇക്വലിറ്റി ലാബിന്റെ റിപ്പോര്ട്ട്. രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യൂനതം ആയ് യോജന (ന്യായ്) കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ന്യായ് പദ്ധതിയുടെ ചെലവ് 2.9 ട്രില്യണ്‍ രൂപ അതായത് 2020 ലെ ജിഡിപിയുടെ 1.3 ശതമാനമാണെന്ന് സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു.

”സാമൂഹിക ക്ഷേമത്തിനായുള്ള ധനവിനിമയം വര്‍ധിപ്പിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. വിതരണത്തിന് മുകളിലുള്ള അസമത്വത്തെ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വരുമാനത്തിലും സമ്പത്തിലും പ്രോഗ്രസീവ് നികുതികള്‍ (വരുമാനം കൂടുന്തോറും നികുതി കൂടുന്നത്) നടപ്പിലാക്കുകയെന്നതാണ്. 2.5 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള കുടുംബങ്ങള്‍ക്ക് 2 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ജിഡിപിയുടെ 1.1 ശതമാനം അല്ലെങ്കില്‍ 2.3 ട്രില്യണ്‍ രൂപ വരുമാനം ലഭിക്കും,’ ഏജന്‍സി അഭിപ്രായപ്പെടുന്നു. ഈ നികുതി ഇന്ത്യയിലെ 99 ശതമാനം ഭവനങ്ങളെയും ബാധിക്കുന്നതല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Categories: FK News, Slider
Tags: Nyay