കാര്‍ഷിക, ആരോഗ്യ പരിരക്ഷാ മേഖലകളില്‍ കൃത്രിമബുദ്ധി വ്യാപിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

കാര്‍ഷിക, ആരോഗ്യ പരിരക്ഷാ മേഖലകളില്‍ കൃത്രിമബുദ്ധി വ്യാപിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

കാര്‍ഷിക മേഖലയിലും ആരോഗ്യ പരിചരണ രംഗത്തും കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ സജീവമായി പ്രയോജനപ്പെടുത്താന്‍ ലോകത്തിനൊപ്പം ഇന്ത്യയും രംഗത്തെത്തിക്കഴിഞ്ഞു. വിവിധ മന്ത്രാലയങ്ങളുമായും കര്‍ഷകരുമായും കമ്പനികളുമായും ആശുപത്രികളുമായും സഹകരിച്ച് എഐ അധിഷ്ഠിത സാങ്കേതിക വിദ്യകള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കാനാണ് മൈക്രോസോഫ്റ്റ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റിന്റെ നൂതന പരിപാടികളെക്കുറിച്ച് കമ്പനിയുടെ ഇന്ത്യയിലെ പ്രസിഡന്റ് ആനന്ദ് മഹേശ്വരി, മാധ്യമ പ്രവര്‍ത്തകനായ നിഷാന്ത് അറോറയുമായി സംസാരിച്ചു

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക ഉല്‍പ്പാദകരായ ചൈന, കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എഐ) സാങ്കേതികവിദ്യകളാല്‍ കര്‍ഷകരെ ശാക്തീകരിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ്. ലക്ഷ്യം വ്യക്തമാണ്; തങ്ങളുടെ കൈയിലിരിക്കുന്ന വെറുമൊരു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വിവിരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്താനും അതിലൂടെ കൃഷി ചെലവ് കുറയ്ക്കാനും ആദായം വര്‍ധിപ്പിക്കാനും കര്‍ഷകരെ സഹായിക്കുക. കൃത്രിമബുദ്ധി പ്രയോജനപ്പെടുത്തുന്ന ക്ലൗഡ് കംപ്യൂട്ടിംഗ് സാങ്കേതികവിദ്യയിലൂടെ വിവരങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ചൈന ചെയ്യുന്നത്.

കൃഷിയിടങ്ങളിലേക്ക് എഐ സെന്‍സറുകള്‍ കൊണ്ടുവരാനുള്ള യാത്രയ്ക്ക് ഇന്ത്യയും ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നു. ഉയര്‍ന്ന വിളവിലൂടെയും മികച്ച വില നിയന്ത്രണത്തിലൂടെയും വരുമാനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ ചെറുകിട കര്‍ഷകര്‍ക്ക് കരുത്ത് പകരുന്നതിനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് ഇന്ത്യ ആരംഭിച്ചു കഴിഞ്ഞെന്ന് പ്രസിഡന്റ് ആനന്ദ് മഹേശ്വരി വ്യക്തമാക്കുന്നു. ”കൃഷിയില്‍ കൃത്രിമബുദ്ധിക്കായുള്ള പരിതസ്ഥിതി ഒരുക്കാന്‍ കര്‍ഷകര്‍, സംസ്ഥാന സര്‍ക്കാരുകള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (മെയ്റ്റി), കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം എന്നിവയുമായിച്ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്,” മഹേശ്വരി വ്യക്തമാക്കി. തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതാനും ഗ്രാമങ്ങളില്‍ തങ്ങളുടെ പരുത്തി വിളകള്‍ക്ക് കീടങ്ങളുടെ ആക്രമണ ഭീഷണിയുണ്ടോ എന്ന് കാലാവസ്ഥ, വിളയുടെ പ്രായം എന്നിവ വിശകലനം ചെയ്തുകൊണ്ട് തയാറാക്കിയ ഫോണ്‍ ശബ്ദ സന്ദേശങ്ങള്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

”കര്‍ഷകര്‍ക്ക് ഉപകരണങ്ങളും നൈപുണ്യവും വിതരണം ചെയ്യുന്ന കമ്പനികള്‍ നിലവിലുണ്ട്. വിള സുരക്ഷയുടെയും വിത്ത് വിതരണത്തിന്റെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ്, എന്‍ജിനീയറിംഗ് കമ്പനിയായ എസ്‌കോര്‍ട്ട്‌സ് എന്നിവ പോലുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് രാജ്യത്തെ കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട എഐ അധിഷ്ഠിത മാതൃകകള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്,” മഹേശ്വരി വ്യക്തമാക്കി. യുണൈറ്റഡ് ഫോസ്ഫറസുമായി ചേര്‍ന്ന് കര്‍ഷകര്‍ക്ക് ഫ്രണ്ട് എന്‍ഡ് കേപ്പബിലിറ്റി (ഉപയോക്താക്കള്‍ക്ക് നേരിട്ട് ആശയ വിനിമയം നടത്താനുള്ള ശേഷി) നല്‍കുന്നതിനാണ് മൈക്രോസോഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. ക്ലൗഡും എഐ സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള സൂക്ഷ്്മകൃഷിയുമായി ബന്ധപ്പെട്ട പരിപാടികളെ പിന്തുണക്കുന്നതിനു വേണ്ടിയാണ് എസ്‌കോര്‍ട്ട്, മൈക്രോസോഫ്റ്റ് പങ്കാളിത്തം ശ്രമിക്കുന്നത്. കര്‍ഷകരെ കൂടുതല്‍ കാര്യവിവരമുള്ള തീരുമാനങ്ങളെടുക്കാനും കൃഷിയിടത്തില്‍ നിന്ന് കൂടുതല്‍ ആദായം നേടാനും ഇത് സഹായിക്കുന്നു.

വര്‍ഷത്തില്‍ കുറച്ചു മാത്രം മഴ ലഭിക്കുന്ന ഉഷ്ണമേഖലകളിലെ കൃഷി സംബന്ധിച്ച് പഠനങ്ങള്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സെമി ഏരിഡ് ട്രോപിക്‌സുമായുള്ള (ഐസിആര്‍ഐഎസ്എടി) സഹകരണത്തില്‍ വിത്തു വിതയ്ക്കലിനായുള്ള ഒരു എഐ ആപ്ലിക്കേഷന്‍ മൈക്രോസോഫ്റ്റ് വികസിപ്പിച്ചിട്ടുണ്ട്. മെഷീന്‍ ലേണിംഗ്, പവര്‍ ബിഐ (മൈക്രോസോഫ്റ്റ് നല്‍കുന്ന ബിസിനസ് അനലിറ്റിക്‌സ് സര്‍വീസാണ് പവര്‍ ബിഐ) എന്നിവയുള്‍പ്പെട്ട മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമായ കോര്‍ട്ടാന ഇന്റലിജന്‍സ് സ്യൂട്ട് ആണ് ഇതിനെ സാങ്കേതികമായി പിന്തുണയ്ക്കുന്നത്.

വിളവിറക്കുന്നതിനുള്ള ഏറ്റവും ശരിയായ സമയം ഏതാണെന്ന് ഈ ആപ്ലിക്കേഷന്‍ കര്‍ഷകര്‍ക്ക് സന്ദേശം അയയ്ക്കുന്നു. കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടത്തില്‍ ഒരു തരത്തിലുള്ള സെന്‍സറുകളും സ്ഥാപിക്കേണ്ടതില്ല. ഒരു മൂലധനവും നിക്ഷേപിക്കേണ്ടതില്ല. സന്ദേശങ്ങള്‍ ലഭിക്കാന്‍ സൗകര്യമുള്ള ഒരു സാധാരണ ഫീച്ചര്‍ ഫോണ്‍ മാത്രം മതിയാവും.

‘സ്മാര്‍ട്ട് കൃഷി’ക്കുള്ള പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചതിനു ശേഷം കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ‘ ഇന്റലിജന്റ് ക്ലൗഡ്’, ‘ഇന്റലിജന്റ് എഡ്ജ്’ , എന്നിവയുടെ സഹായത്തോടെ ആരോഗ്യ പരിരക്ഷാ രംഗത്തും അത്യാധുനിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് തങ്ങളുടെ ചുവടുകള്‍ വെച്ചിട്ടുണ്ട്. പ്രതിവര്‍ഷം ശരാശരി മൂന്ന് ദശലക്ഷം ഹൃദയാഘാതങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. 30 ദശലക്ഷം ഇന്ത്യക്കാര്‍ ഹൃദയ ധമനികളുമായി ബന്ധപ്പെട്ട അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഇന്ത്യക്കാരിലെ ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത പ്രവചിക്കാനുള്ള നൂതനമായ ശ്രമങ്ങളുടെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യയും അപ്പോളോ ഹോസ്പിറ്റല്‍സും കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായ ഡിസീസ് റിസ്‌ക് സ്‌കോര്‍ എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ്) പുറത്തിറക്കി. ഇന്ത്യയിലെ ഹൃദ്രോഗത്തിന്റെ കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആരോഗ്യ സൂചിക വികസിപ്പിക്കാന്‍ മെഷീന്‍ ലേണിംഗ്, കൃത്രിമബുദ്ധി എന്നിവയുടെ ശേഷി ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും.

ഹൃദ്രോഗ സംബന്ധമായ പുതിയ വെല്ലുവിളികള്‍ ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. അപ്പോളോ ആശുപത്രിയുടെ എഐ മാതൃക ഹൃദയവുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ മനസിലാക്കാന്‍ സഹായിക്കുകയും നേരത്തെയുള്ള രോഗനിര്‍ണയവും ചികില്‍സാ പദ്ധതികളുമായി ബന്ധപ്പെട്ട് ഡോക്റ്റര്‍മാര്‍ക്ക് ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുകയും ചെയ്യുന്നു. കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായ മാതൃകകള്‍ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും എവിടെയാണ് ആരോഗ്യ പരിരക്ഷാപരമായ ആവശ്യങ്ങള്‍ എന്നു കണ്ടെത്തി സേവനം നല്‍കുന്നതിന് രാജ്യത്തെ ഡോക്റ്റര്‍മാര്‍ക്ക് സഹായകമാകുമെന്നും ഇത് തെളിയിക്കുന്നു.

ഡയബറ്റിക് റെറ്റിനോപ്പതി (പ്രമേഹം കണ്ണിന്റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന അവസ്ഥ. ഇതുകാരണം നേത്രാന്തരപടലത്തിലെ രക്തക്കുഴലുകള്‍ക്ക് നീരു വരികയും പുതിയ രക്തക്കുഴലുകള്‍ വളര്‍ന്നുവരികയും അതുപൊട്ടി കണ്ണിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. തന്മൂലം നേത്രാന്തരപടലം ഇളകിവരാനും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്) നേരത്തെ കണ്ടെത്താനുള്ള ഉപകരണങ്ങളിലും കമ്പനി കൃത്രിമബുദ്ധി ഉപയോഗിച്ചിട്ടുണ്ട്. കാന്‍സര്‍ നേരത്തെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ ‘എഐ നെറ്റ്‌വര്‍ക്ക് ഫോര്‍ ഹെല്‍ത്ത് കെയര്‍’ വിപുലീകരിക്കാന്‍ മൈക്രോസോഫ്റ്റ് ഇന്ത്യ ഗുരുഗ്രാം ആസ്ഥാനമാക്കിക്കൊണ്ട് രോഗനിര്‍ണയ സേവനങ്ങള്‍ നല്‍കുന്ന എസ്ആര്‍എല്‍ ഡയഗ്നോസ്റ്റിക്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഹൃദയാരോഗ്യ കേന്ദ്രവുമായ നാരായണ ഹെല്‍ത്തിന്റെ ചെയര്‍മാനും എക്‌സിക്യുട്ടീവ് ഡയറക്റ്ററുമായ ഡോ. ദേവി പ്രസാദ് ഷെട്ടി 15,000 ല്‍ അധികം ഹൃദയ ശസ്ത്രക്രിയകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആറില്‍ ഒന്ന് ഹൃദയ ശസ്ത്രക്രിയകളും അദ്ദേഹത്തിന്റെ ആശുപത്രി ശൃംഖലയാണ് നിര്‍വഹിക്കുന്നത്. ‘പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിന് മൈക്രോസോഫ്റ്റിന്റെ കൈസാല ആപ്പ്, പവര്‍ ഐബി, ക്ലൗഡ് കംപ്യൂട്ടിംഗ് സേവനമായ അഷ്വര്‍ എന്നിവയുമായി ചേര്‍ന്നാണ് അദ്ദേഹത്തിന്റെ ആശുപത്രി ശൃംഖല പ്രവര്‍ത്തിക്കുന്നത്. തല്‍സമയ ഡാറ്റ വിശകലനത്തിനായി എല്ലാ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡുകളും കൈസാലയിലേക്ക് ചേര്‍ക്കാനാണ് ഡോ. ഷെട്ടി ലക്ഷ്യം വെക്കുന്നത്,” മഹേശ്വരി പറഞ്ഞു.

കൃഷി, ആരോഗ്യ പരിരക്ഷ, നാച്വറല്‍ ലാംഗ്വേജ് കംപ്യൂട്ടിംഗ്, സുസ്ഥിര പരിതസ്ഥിതി എന്നിവ പോലുള്ള മേഖലകളില്‍ എഐ സാങ്കേതികവിദ്യകള്‍ വിന്യസിക്കാന്‍ ഒക്‌റ്റോബറില്‍ നിതി ആയോഗ് മൈക്രോസോഫ്റ്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യയിലെ ആരോഗ്യ പരിരക്ഷാ രംഗത്തും കാര്‍ഷിക മേഖലയിലും എഐക്ക് വഹിക്കാവുന്ന പങ്ക് വളരെ വലുതാണ്. നിലവില്‍ ഇതിനുള്ള വിത്തുകള്‍ പാകിക്കഴിഞ്ഞെന്നും ആനന്ദ് മഹേശ്വരി കൂട്ടിച്ചേര്‍ക്കുന്നു.

കടപ്പാട്: ഐഎഎന്‍എസ്

Categories: FK Special, Slider