മെഴ്‌സേഡസ് ബെന്‍സ് സാധ്യതാ പഠനം നടത്തുന്നു

മെഴ്‌സേഡസ് ബെന്‍സ് സാധ്യതാ പഠനം നടത്തുന്നു

ഇക്യു സീരീസ് ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നതിന്

ന്യൂഡെല്‍ഹി : മെഴ്‌സേഡസ് ബെന്‍സിന്റെ ഇക്യു സീരീസ് കാറുകള്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ സാധ്യതാ പഠനം നടത്തുന്നു. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനാണ് പഠനമെന്ന് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് പറഞ്ഞു. ഏതെല്ലാം മോഡലുകളാണ് ഇന്ത്യന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുകയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്നതിന് മെഴ്‌സേഡസ് ബെന്‍സ് കാത്തിരിക്കില്ലെന്ന് മാര്‍ട്ടിന്‍ ഷ്വെങ്ക് വ്യക്തമാക്കി. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതി ശരിയായ ദിശയിലുള്ള ഒന്നാണെന്ന് ഷ്വെങ്ക് പറഞ്ഞു. എന്നാല്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളെ ഫെയിം 2 പദ്ധതിയില്‍ അവഗണിച്ചത് ശരിയായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 10,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ വകയിരുത്തിയത്. ഇതില്‍ വലിയൊരു ശതമാനം തുക അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ചെലവഴിക്കും.

പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകളിലും മെഴ്‌സേഡസ് ബെന്‍സ് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. നിലവില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ ഹൈബ്രിഡ് മോഡലുകളുടെ ഇലക്ട്രിക് റേഞ്ച് 70 കിലോമീറ്റര്‍ വരെയാണ്. ഇത് 100 കിലോമീറ്റര്‍ വരെയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ 2022 ഓടെ പത്ത് ഇലക്ട്രിക് മോഡലുകള്‍ വിപണിയിലെത്തിക്കും. ഇ-ട്രോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഔഡി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, പോര്‍ഷെ തങ്ങളുടെ ടൈകാന്‍ മോഡല്‍ ഇന്ത്യയിലെത്തിക്കും.

Comments

comments

Categories: Auto