ഇറാന്‍-സൗദി ശത്രുത വീണ്ടും വെളിച്ചത്, ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ പാക്കിസ്ഥാന്‍

ഇറാന്‍-സൗദി ശത്രുത വീണ്ടും വെളിച്ചത്, ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ പാക്കിസ്ഥാന്‍

നിലവിലെ സാഹചര്യത്തില്‍ സൗദിയെയും ഇറാനെയും പിണക്കാന്‍ പാക്കിസ്ഥാന് കഴിയില്ല, ഇരുകൂട്ടരെയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ സാധിക്കുകയും പാക്കിസ്ഥാന് തന്നെ

ദശാബ്ദങ്ങള്‍ പഴക്കമുള്ള സൗദി അറേബ്യ-ഇറാന്‍ വിരോധം ഇപ്പോള്‍ വീണ്ടും മുഖ്യധാരയില്‍ സജീവമാകുകയാണ്. ഇരുരാജ്യത്തും സമൃദ്ധമായുള്ള എണ്ണയാണ് ഇത്തവണത്തെ കൊമ്പുകോര്‍ക്കലിന് ആധാരം. അതിന് വഴിതുറന്ന് കൊടുത്തതോ അമേരിക്കയും. അമേരിക്ക രണ്ടാമതും അടിച്ചേല്‍പ്പിച്ച ഉപരോധത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായ ടെഹ്‌റാനോടുള്ള പക തീര്‍ക്കുന്നതിനുള്ള അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് റിയാദ്. അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ തടസ്സം നേരിടുന്ന രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ എണ്ണ വാഗ്ദാനം ചെയ്തിരിക്കുകയാണ് സൗദി അറേബ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വിരോധത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത് ഈ രണ്ടു കക്ഷികളോടും കൂറ് പുലര്‍ത്തുന്ന രാജ്യങ്ങളാണ്. അതില്‍ തന്നെ പാക്കിസ്ഥാനാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുന്നത്.

ഇറാന്റെ എണ്ണക്കയറ്റുമതി, ചരക്ക് വ്യാപാരം, ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങള്‍ക്കെല്ലാം കനത്ത ആഘാതമേകിക്കൊണ്ടാണ് അമേരിക്കയുടെ ഇറാന്‍ ഉപരോധത്തിന്റെ രണ്ടാംഘട്ടം നിലവില്‍ വന്നത്. ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഇറാന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ എണ്ണക്കയറ്റുമതിയില്‍ പ്രതിദിനം പത്ത് ലക്ഷം ബാരലിന്റെ നഷ്ടമാണ് അമേരിക്കയുടെ ഉപരോധം വരുത്തിവെച്ചത്. ഉപരോധത്തെ തുടര്‍ന്ന് നൂറിലധികം അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍, പ്രധാന ബാങ്കുകള്‍, എണ്ണക്കയറ്റുതിക്കാര്‍ തുടങ്ങിയവര്‍ ഇറാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പോയി.

റിയാദ് ഈ അവസരം നല്ലവണ്ണം മുതലാക്കി. ഊര്‍ജ വിതരണത്തിലെ സ്ഥിരത ഉറപ്പാക്കുന്നതിനും ഭൂരിഭാഗം എണ്ണവിപണിയും പിടിച്ചടക്കുന്നതിനും സൗദി എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചു. ഏഷ്യന്‍ വിപണികളിലെ ആധിപത്യം നിലനിര്‍ത്തുന്നതിനും സൗദി എണ്ണയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കുന്നതിനും ഒരു ദശാബ്ദം മുമ്പുള്ള വിലയിലേക്ക് എണ്ണവില കുറയ്‌ക്കേണ്ടതായി വന്നു ഇറാന്. കാരണം വ്യാപാരം നിലനിര്‍ത്തേണ്ടത് അവരുടെ നിലനില്‍പ്പിന് അത്യാവശ്യമായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ചൈന, ഇന്ത്യ പോലുള്ള വന്‍കിട ഉപഭോക്താക്കളെ ആശ്രയിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഇറാന് മുമ്പിലുള്ള ഏകപോംവഴി. ജൂണ്‍ വരെ ഇറാനില്‍ നിന്നും ഇന്ധനം സ്വീകരിക്കുന്നതിന് ചൈന അമേരിക്കയില്‍ നിന്നും ഇളവ് തേടിയിട്ടുണ്ട്. ആഗോള എണ്ണവിതരണത്തിലെ മൂന്നിലൊരു ഭാഗവും ചൈനയിലേക്കാണ് പോകുന്നത്. തങ്ങളുടെ സാമ്പത്തിക വളര്‍ച്ച ദൃഢമായി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചൈനയ്ക്ക് തടസ്സങ്ങളില്ലാത്ത എണ്ണ വിതരണം ഉണ്ടായേ മതിയാകൂ. ഇറാന്റെ രക്ഷാമാര്‍ഗ്ഗവും അത് തന്നെയാണ്. പക്ഷേ എണ്ണവിതരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള കാലതാമസം ഉണ്ടാകുന്നത് ചൈനയ്ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഈ അവസരം മുതലാക്കി കൊണ്ട് ഇറാന്‍ തീര്‍ത്ത വിടവ് കൃത്യമായി നികത്താനുള്ള ശ്രമങ്ങളാണ് സൗദി നടത്തുന്നത്.

എണ്ണയുടെ വരുംകാല വിപണിയായാണ് ഏഷ്യ കണക്കാക്കപ്പെടുന്നത്. ഇന്ധന ആവശ്യങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമ്പോഴും ഏഷ്യന്‍ രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ആശ്രയത്വം ഉപേക്ഷിക്കാന്‍ ഇടയില്ല. ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വരും ദശാബ്ദങ്ങളിലും പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങളായി തുടരും. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ സാമ്പത്തിക തന്ത്രവുമായി ഇസ്ലാമാബാദ്, പാക്കിസ്ഥാന്‍, ബീജിംഗ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ കഴിഞ്ഞിടെ സന്ദര്‍ശനം നടത്തിയത്. ഈ രാജ്യങ്ങളിലെ റിഫൈനറി പദ്ധതികളിലടക്കം വന്‍കിട നിക്ഷേപങ്ങള്‍ നടത്തി അവരുടെ പ്രധാന നിക്ഷേപ പങ്കാളിയായി മാറുകയെന്ന നിഗൂഢലക്ഷ്യമാണ് റിയാദിനുള്ളത്. പ്രത്യേകിച്ച് പാക്കിസ്ഥാനിലെ തുറമുഖ നഗരമായ ഗ്വാദറില്‍ നടത്തിയ നിക്ഷേപത്തിലൂടെ സൗദി അറേബ്യയ്ക്ക് വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ചൈനയുടെ പ്രധാന പദ്ധതികളിലൊന്നായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴില്‍ സുപ്രധാനമാണ് ഗ്വാദര്‍. കേവലം ഏഴ് മണിക്കൂറുകള്‍ കൊണ്ട് ചൈനയിലേക്ക് ഗതാഗതം സാധ്യമാക്കുന്ന ഗ്വാദറില്‍ സൗദി അറേബ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം കണ്ണുണ്ട്.

ഏഷ്യയുടെ എണ്ണവിപണിയില്‍ വലിയൊരു ഭാഗം സൗദി അറേബ്യ ഇറാന് നിഷേധിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ സ്വാധീനമേഖലകളില്‍ സൗദി സൈ്വര്യ വിഹാരം നടത്തുന്നതിനോട് ഇറാന് ഒട്ടുംതന്നെ താല്‍പര്യം ഉണ്ടാകാന്‍ ഇടയില്ല. പാക്കിസ്ഥാനുമായി ഒരു വലിയ മരുഭൂമിയുടെ അതിര്‍ത്തി പങ്ക് വെക്കുന്നുണ്ട് ഇറാന്‍. ഇറാനിലെ തുറമുഖമായ ചബഹാറില്‍ നിന്നും കേവലം 175 മൈല്‍ അകലെയാണ് ഗ്വാദാര്‍ തുറമുഖം.

വിരുദ്ധചേരികളില്‍ പെട്ട ഈ ഇരുരാഷ്ട്രങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് പാക്കിസ്ഥാന്‍ ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി. രണ്ടുപേര്‍ക്കും അഭികാമ്യമായ വിദേശനയം രൂപീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യെമന്‍ വിഷയത്തില്‍ നിഷ്പക്ഷരായിരിക്കാനുള്ള പാക് തീരുമാനം സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. സമാനമായി 2015ല്‍ തീവ്രവാദത്തിനെതിരെ പോരാടാന്‍ സൗദി അറേബ്യ ഇസ്ലാമിക് സൈനിക സഖ്യത്തിന് രൂപം നല്‍കിയപ്പോള്‍ വിരമിച്ച പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍. റഹീല്‍ ശെരീഫിനെ അതിന്റെ തലവനായി വെച്ചത് ഇറാനെയും ചൊടിപ്പിച്ചു. ഇക്കാര്യത്തില്‍ ഇറാന്‍ പാക്കിസ്ഥാനില്‍ നിന്ന് വിശദീകരണവും തേടി.

ഇതുവരെ ചബഹാര്‍ ഗ്വാദറിന് ഒരു ഭീഷണിയായി ഉയര്‍ന്നിട്ടില്ല. തെക്കന്‍ തീരത്ത് സമൃദ്ധമായ ബന്ദര്‍ അബ്ബാസ് തുറമുഖം ഉള്ളപ്പോള്‍ ചബഹാര്‍ ഇറാന് ഒരു സാധ്യത മാത്രമാണ്. ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലോ ഷാന്‍ഗായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനിലോ ഇറാന്‍ പങ്കാളിയാകുകയാണെങ്കില്‍ ഗ്വാദറിന്റെ സഹോദര തുറമുഖമാക്കി ചബഹാറിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനിടയുണ്ട്. പക്ഷേ ഈ നീക്കത്തിന് നിലവില്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്നില്ല. ഗ്വാദറിലെ സൗദി സാന്നിധ്യം മൂലം ചബഹാറിനെ പ്രബലമായി നിലനിര്‍ത്തേണ്ടത് ഇറാന് ആവശ്യമാണ്.

സമാനമായ ആശങ്കകള്‍ പങ്കുവെച്ച് കൊണ്ട് പാക്കിസ്ഥാനിലെ മുന്‍ തുറമുഖ വകുപ്പ് മന്ത്രിയായ മിര്‍ ഹസില്‍ ഖാന്‍ ബിഷെന്‍ജോഹസ് മുന്നറിയിപ്പ് നല്‍കിയത് ഇങ്ങനെയാണ്. ”ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് അടുത്താണ് ഗ്വാദര്‍. രകൊ ദിഖ് പദ്ധതി ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവശ്യയുടെ തലസ്ഥാനമായ സഹെദനിന് അടുത്താണ്. സുന്നി തീവ്രവാദികള്‍(സൗദി വബാഹി ആശയം പിന്തുടരുന്നവര്‍) അവിടെ വളരെ സജീവമാണ്. എന്തുകൊണ്ടാണ് ടെഹ്‌റാന്‍ ഗ്വാദറിലെ സൗദി നിക്ഷേപത്തില്‍ ആശങ്കാകുലരാകാത്തത്’?

സിസ്താന്‍-ബലൂചിസ്ഥാന്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്ന കാലത്ത് സുന്നി വിമത നേതാവായ അബ്ദുള്‍ മാലിക് റിഗ്ഗിയെ പിടികൂടാന്‍ 2010ല്‍ പാക്കിസ്ഥാന്‍ ഇറാനെ സഹായിച്ചിരുന്നു. പക്ഷേ ഇന്ന് അവിടെ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിന് പിന്നില്‍ സൗദി അറേബ്യയാണെന്ന് ഇറാന്‍ ആരോപിക്കും. ചബഹാര്‍, ഗ്വാദര്‍ തുറമുഖത്തിന് സുരക്ഷാ വെല്ലുവിളിയായി മാറുകയും ചെയ്യും. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി പാക്കിസ്ഥാന്‍ കര്‍ശനമായ നിഷ്പക്ഷത പാലിച്ചേ മതിയാകൂ. ഇരുരാജ്യങ്ങളെയും ഒപ്പം നിര്‍ത്താന്‍ പാക്കിസ്ഥാന് സാധിക്കുകയും വേണം.

രണ്ട് പക്ഷത്തും കടുംപിടിത്തക്കാര്‍ ഏറെയുണ്ടെങ്കിലും സൗദി-ഇറാന്‍ ബന്ധം പുനഃക്രമീകരിക്കുന്നതാണ് ഇരുകൂട്ടരുമായി അടുപ്പമുള്ള രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാന് ഏറ്റവും ഗുണം ചെയ്യുക. റിയാദിനും ടെഹ്‌റാനും വളരെ വേണ്ടപ്പെട്ട രാജ്യമെന്ന നിലയില്‍ അവര്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിച്ച് നിലപാടുകള്‍ മയപ്പെടുത്താന്‍ കഴിയുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍. ഒരു മുസ്ലീം ആണവ ശക്തിയെന്ന നിലയില്‍ സൗദിയുടെ സുരക്ഷാ സമവാക്യങ്ങളില്‍ പാക്കിസ്ഥാന്‍ വളരെ പ്രധാനമാണ്. ഇറാനും പാക്കിസ്ഥാനില്‍ പ്രത്യേക താല്‍പര്യങ്ങളുണ്ട്. ഇറാന് ശേഷം ഏറ്റവും കൂടുതല്‍ ഷിയ ഭൂരിപക്ഷമുള്ള മേഖലയാണ് പാക്കിസ്ഥാന്‍.

അധികാരത്തിലെത്തിയപ്പോള്‍ തന്നെ അത്തരമൊരു മധ്യസ്ഥതയുടെ ആവശ്യം തിരിച്ചറിഞ്ഞത് കൊണ്ടാണ് പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ ഇങ്ങനെ പറഞ്ഞത്. ”പശ്ചിമേഷ്യന്‍ മേഖലയുടെ അനുരജ്ഞനത്തിനായി ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം’. പുതിയ സര്‍ക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിച്ച ഇറാന്‍ ഈ പ്രസ്താവനയോട് നല്ല രീതിയിലാണ് പ്രതികരിച്ചത്. ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഏറ്റവും ആദ്യം അഭിനന്ദനം അറിയിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍. തുടര്‍ന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും ചെയ്തു.കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി ഇറാന്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുക പോലും ഉണ്ടായി. പക്ഷേ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൊഹാനി ആദ്യക്ഷണം നല്‍കിയിട്ട് പോലും സൗദി അറേബ്യയാണ് ഇമ്രാന്‍ ഖാന്‍ ആദ്യ വിദേശ സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. പാക്കിസ്ഥാന്‍ സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ടതും സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നുമാണ്. അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനോട് സാമ്പത്തിക പിന്തുണ ആവശ്യപ്പെടുന്നത് വെറുതെയാണെങ്കില്‍ കൂടിയും.

Comments

comments

Categories: Arabia
Tags: Iran- soudhi