ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത് 8.74 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍

ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത് 8.74 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍

ചൈനയാണ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഫെബ്രുവരിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനം കഴിഞ്ഞ മാസത്തില്‍ 2.3 ശതമാനം വര്‍ധിച്ച് 8.74 മില്യണ്‍ ടണ്ണിലെത്തിയെന്ന് ആഗോള സ്റ്റീല്‍ വ്യാവസായിക സംഘടനയായ വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ 8.54 എംടി ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനമാണ് രാജ്യം രേഖപ്പെടുത്തിയിരുന്നത്.

വേള്‍ഡ് സ്റ്റീലിന് കണക്കുകള്‍ സമര്‍പ്പിക്കുന്ന 64 രാജ്യങ്ങളിലെ മൊത്തം ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 137.27 എംടിയില്‍ എത്തിയിട്ടുണ്ട്. 2018 ഫെബ്രുവരിയിലെ 131.92 ടണ്ണില്‍ നിന്ന് 4.1 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചൈനയാണ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഫെബ്രുവരിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം. മുന്‍ വര്‍ഷം സമാനകാലയളവിലെ 65.02 എംടിയില്‍ നിന്ന് ഇക്കഴിഞ്ഞ മാസം ചൈനയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 70.98 എംടിയിലേക്ക് എത്തി.
ജപ്പാന്റെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 6.6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ 7.743 എംടി ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം ജപ്പാനില്‍ നടന്നു. ദക്ഷിണ കൊറിയയുടെ ഉല്‍പ്പാദനം 1.1 ശതമാനം വര്‍ധിച്ച് 5.471ല്‍ എത്തി.
യുഎസിന്റെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം ഫെബ്രുവരിയില്‍ 4.6 ശതമാനം വര്‍ധനയോടെ 6.9 മില്യണ്‍ ടണ്ണില്‍ എത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ 2 എംടി ഉല്‍പ്പാദനം രേഖപ്പെടുത്തിയ ഇറ്റലിയാണ് ഏറ്റവും വലിയ ക്രൂഡ് ഉല്‍പ്പാദകര്‍. ലോകത്തിലെ എല്ലാ പ്രമുഖ സ്റ്റീല്‍ ഉല്‍പ്പാദകരുടെയും പങ്കാളിത്തമുള്ള വേള്‍ഡ്സ്റ്റീല്‍ ഏറ്റവും ചലനാത്മകമായ ആഗോള വ്യാവസായിക സംഘടനകളിലൊന്നാണ്. ലോകത്തിലെ 85 ശതമാനം സ്റ്റീല്‍ ഉല്‍പ്പാദനവും സംഘടനയില്‍ ഉള്‍പ്പെട്ട ഉല്‍പ്പാദകര്‍ക്ക് കീഴിലാണ്.
യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സംരക്ഷണ വാദ നടപടികള്‍ സ്റ്റീല്‍ ഉല്‍പ്പാദനത്തെ വലിയ അളവില്‍ ബാധിച്ചിട്ടില്ലെന്നു കൂടിയാണ് വേള്‍ഡ് സ്റ്റീല്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2005 മുതല്‍ ഇന്ത്യ അറ്റ സ്റ്റീല്‍ കയറ്റുമതി രാഷ്ട്രമായി മാറിയിട്ടുണ്ട്. യുഎസ് നടപ്പാക്കിയ തീരുവ വര്‍ധന ഇന്ത്യന്‍ കമ്പനികളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. 2017ല്‍ 8.7 മില്യണ്‍ ടണ്ണിന്റെ സ്റ്റീല്‍ ഇറക്കുമതി മാത്രമാണ് ഇന്ത്യ നടത്തിയത്.

Comments

comments

Categories: Business & Economy
Tags: crude steel