ഇന്ത്യക്കായി സ്വതന്ത്ര സൂചിക രൂപീകരിക്കാന്‍ പദ്ധതി: രഘുറാം രാജന്‍

ഇന്ത്യക്കായി സ്വതന്ത്ര സൂചിക രൂപീകരിക്കാന്‍ പദ്ധതി: രഘുറാം രാജന്‍

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സ്ഥിതിവിവരകണക്കുകളിലെ ആശങ്കകളുമാണ് ഇന്ത്യക്കുമാത്രമായി പുതിയ സൂചിക രൂപീകരിക്കാന്‍ ആഗോള സാമ്പത്തിക വിദഗ്ധരെ പ്രേരിപ്പിച്ചതെന്ന് രാജന്‍

ന്യൂഡെല്‍ഹി: ഇന്ത്യക്കായി സ്വതന്ത്ര സൂചിക രൂപീകരിക്കാന്‍ ആഗോള സാമ്പത്തിക വിദഗ്ധര്‍ ആസൂത്രണം ചെയ്യുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സ്ഥിതിവിവരകണക്കുകളിലെ ആശങ്കകളുമാണ് ഇന്ത്യക്കുമാത്രമായി പുതിയ സൂചിക രൂപീകരിക്കാന്‍ ആഗോള സാമ്പത്തിക വിദഗ്ധരെ പ്രേരിപ്പിച്ചതെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ സ്ഥിതിവിവരകണക്കുകള്‍ സംബന്ധിച്ച നിരവധി ആശങ്കകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. നിക്ഷേപകര്‍ക്കിടയില്‍ ഇത് ആശങ്ക പരത്തുന്നുണ്ടെന്നും ഇന്ത്യക്കായി ലീ കെക്യാംഗ് സൂചിക തയാറാക്കുന്നതിനെ കുറിച്ച് ആളുകള്‍ സംസാരിച്ച് തുടങ്ങിയതായും രാജന്‍ പറഞ്ഞു. ദ ഇക്കണോമിസ്റ്റ് ആണ് ലീ കെക്യാംഗ് സൂചിക രൂപീകരിച്ചത്. ചൈനയിലെ ലയോണിംഗ് പ്രവിശ്യ മേധാവി ലീ സര്‍ക്കാരിന്റെ സ്ഥിതിവിവരകണക്കുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആരോപണം ഉന്നയിക്കുകയും വിശാലമായ വ്യാവസായിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു സൂചിക നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ പേരാണ് ദ ഇക്കോണമിസ്റ്റ് സൂചികയ്ക്ക് നല്‍കിയത്. എളുപ്പത്തില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ല എന്നതാണ് ഈ സൂചികയുടെ പ്രത്യേകത.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കണക്കാക്കുന്നതിനുള്ള രീതി ഇന്ത്യ പുനഃക്രമീകരിക്കുകയും സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്ന നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ തൊഴില്‍ കണക്കുകള്‍ കേന്ദ്രം പൂഴ്ത്തിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണെന്നാണ് എന്‍എസ്എസ്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) സംബന്ധിച്ച വ്യക്തമായ വിവരങ്ങളും കേന്ദ്രം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

തൊഴില്‍, ജിഡിപി കണക്കുകളിലെ വസ്തുത ചോദ്യം ചെയ്ത്‌കൊണ്ട് 108ഓളം സാമ്പത്തിക വിദഗ്ധരാണ് അടുത്തിടെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട കണക്കുകളില്‍ സര്‍ക്കാരിന്റെ അന്യായ ഇടപെടല്‍ ഉണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. ദേശീയ-ആഗോള തലത്തില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സമിതിക്കുള്ള ബഹുമതി ഭീഷണിയിലാണെന്നും ഇതിനെല്ലാം പുറമെ സ്ഥിതിവിവരകണക്കുകളിലെ വിശ്വാസ്യത റിപ്പോര്‍ട്ടുകളില്‍ നിര്‍ണായകമാണെന്നും ഈ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് 131ഓടെ ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാര്‍ ഇവരുടെ ആരോപണങ്ങളെ പൊളിച്ചടുക്കി രംഗത്തെത്തി. സര്‍ക്കാരിന്റെ സ്ഥിതിവിവരകണക്കുകളെ പിന്തുണച്ച സിഎക്കാര്‍ സാമ്പത്തിക വിദഗ്ധരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരണയില്‍ നിന്നുയര്‍ന്നതുമാണെന്ന് വാദിച്ചു. കോണ്‍ഗ്രസിന്റെ നാടകമാണിതെന്നും സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇത്തരക്കാര്‍ പരിഗണിക്കുന്നില്ലെന്നുമായിരുന്നു ചാര്‍ട്ടേഡ് എക്കൗണ്ടന്റുമാരുടെ ആരോപണം.

ഈ സാഹചര്യത്തിലാണ് ഇന്ത്യക്കായി സ്വതന്ത്ര സൂചിക രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതെന്ന് രഘുറാം രാജന്‍ പറഞ്ഞു. ലയോണിംഗിന്റെ ജിഡിപി കണക്കുകളില്‍ വിശ്വാസമില്ലാത്തതുകൊണ്ട് ലീ കെക്യാംഗ് സൂചിക തയാറാക്കിയത്. റെയ്ല്‍ ചരക്ക് കൈമാറ്റം, വൈദ്യുതി ഉപയോഗം, ബാങ്കുകളുടെ വായപ എന്നീ മൂന്ന് പ്രധാന ഘടകങ്ങളാണ് സൂചികയ്ക്ക് ആധാരമാക്കിയത്. 2013 മുതല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ ഇടിവ് കാണിക്കുന്നതിന് ഇന്‍വെസ്റ്റ് ബാങ്ക് ഹെയ്‌തോണ്‍ സെക്യൂരിറ്റീസും ലീ കെക്യാംഗ് സൂചിക ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ചിലര്‍ ഇന്ത്യക്കായി ലീ കെക്യാംഗ് സൂചിക വികസിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ജിഡിപി കണക്കുകളില്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് വിശ്വാസമില്ലെന്നും അതുകൊണ്ട് പുറത്തുനിന്നുള്ളവരുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും രാജന്‍ പറഞ്ഞു. മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ശരാശരി വളര്‍ച്ച എഴ് ശതമാനമാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Comments

comments

Categories: FK News