യുണികോണ്‍ ക്ലബ്ബും കടന്ന് ഡെല്‍ഹിവെറി കുതിക്കുന്നു…

യുണികോണ്‍ ക്ലബ്ബും കടന്ന് ഡെല്‍ഹിവെറി കുതിക്കുന്നു…
  • 2,890 കോടി രൂപ കൂടി സമാഹരിച്ചതോടെയാണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പ്രമാണി സംഘത്തിലേക്ക് ഡെല്‍ഹിവെറിയും എത്തിയത്
  • ഡെല്‍ഹിവെറിയുടെ ഇപ്പോഴത്തെ മൂല്യം 10,300 കോടി രൂപ കവിയും

ബെംഗളൂരു: ഇ-കോമേഴ്‌സ് മേഖലയിലെ ലോജിസ്റ്റിക്സ് കമ്പനിയായ ഡെല്‍ഹിവെറി യുണികോണ്‍ ക്ലബ്ബിലിടം നേടി. അതിവേഗത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയാണ് യുണികോണുകള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ് ബാങ്ക് നയിച്ച 413 മില്യണ്‍ ഡോളറിന്റെ(2,890 കോടി രൂപ) ഫണ്ടിംഗ് റൗണ്ട് വിജയകരമായി അവസാനിച്ചതോടെയാണ് കമ്പനി സ്റ്റാര്‍ട്ടപ്പുകളുടെ പ്രമാണി സംഘത്തില്‍ ഇടം നേടിയത്. ഹോട്ടല്‍ ബുക്കിംഗ് സംരംഭമായ ഒയോയും എജുടെക് കമ്പനി ബൈജൂസും ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗിയും പേടിഎം മാളും ബില്‍ഡെസ്‌കും ഫ്രഷ് വര്‍ക്‌സും 2018ല്‍ യുണികോണ്‍ ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.

പുതിയ നിക്ഷേപം സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 1.5 ബില്യണ്‍ ഡോളര്‍ കടന്നു. ഈ മാസം ആദ്യം, സോഫ്റ്റ് ബാങ്കിന്റെ 350 ദശലക്ഷം ഡോളര്‍ നിക്ഷേപം ഡെല്‍ഹിവെറിയിലേക്ക് എത്തിയിരുന്നു. നിലവിലുള്ള നിക്ഷേപകര്‍ കാര്‍ലൈല്‍ ഗ്രൂപ്പും ഫൊസണ്‍ ഇന്റര്‍നാഷണലും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.

സഹില്‍ ബറുവ, മോഹിത് ടന്‍ഡന്‍, ഭവേഷ് മംഗ്ലാനി, സൂരജ് സഹാരന്‍, കപില്‍ ഭാരതി എന്നിവര്‍ ചേര്‍ന്നാണ് 2011-ല്‍ ഡെല്‍ഹിവെറി സ്ഥാപിച്ചത്. പ്രശസ്ത സ്വകാര്യ ഇക്വിറ്റി കമ്പനികളായ ടൈഗര്‍ ഗ്ലോബലിനെയും നെക്സസ് വെഞ്ച്വേഴ്‌സിനേയും കമ്പനി തങ്ങളുടെ നിക്ഷേപകരായി കണക്കാക്കുന്നുണ്ട്. പുതിയ ഫണ്ടിംഗിലൂടെ 15,000 പിന്‍കോഡുകളില്‍ നിന്നും 20,000 പിന്‍ക്കോഡുകളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് ഡെല്‍ഹിവെറിയുടെ പദ്ധതി.

ഇ-കൊമേഴ്സ് വിപണി വിഹിത നിക്ഷേപം ഉയര്‍ത്താനും വലിയ സ്ഥാപനത്തിലെ ഉപഭോക്താക്കള്‍ക്കും ചെറുകിട, ഇടത്തര ബിസിനസുകാരിലേക്കും വിതരണ ശൃംഖല പ്ലാറ്റ്ഫോം വികസിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

2015 സാമ്പത്തിക വര്‍ഷം മുതല്‍ 65 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കനാകുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കാലയളവില്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യപ്പെട്ട നാലില്‍ ഒരു പാക്കേജ് കമ്പനിയുടെ നെറ്റ്വര്‍ക്ക് വഴിയാണ് പോയത്. പ്രതിദിനം 500,000 പാഴ്സലുകള്‍ ഡെല്‍ഹിവെറി കൈകാര്യം ചെയ്യുന്നു. പ്രവര്‍ത്തനം ആരംഭിച്ച് ഇതുവരെ കമ്പനി നടത്തിയത് 450 മില്യണ്‍ ഇടപാടുകളാണ്. ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് രംഗത്ത് വലിയ കുതിപ്പുണ്ടാക്കാന്‍ തങ്ങള്‍ക്കാകുമെന്ന പ്രതീക്ഷയിലാണ് ഡെല്‍ഹിവെറി.

2018ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയെ സ്വകാര്യ ഇന്റര്‍നെറ്റ് സംരംഭങ്ങളും അവയുടെ മൂല്യം

ഫ്‌ളിപ്കാര്‍ട്ട്: 22 ബില്ല്യണ്‍ ഡോളര്‍

പേടിഎം: 15-16 ബില്ല്യണ്‍ ഡോളര്‍

ഒയോ: 5 ബില്ല്യണ്‍ ഡോളര്‍

ബൈജൂസ്: 3.6 ബില്ല്യണ്‍ ഡോളര്‍

സ്വിഗ്ഗി: 3.3 ബില്ല്യണ്‍ ഡോളര്‍

സൊമാറ്റോ: 2 ബില്ല്യണ്‍ ഡോളര്‍

പേടിഎം മാള്‍: 2 ബില്ല്യണ്‍ ഡോളര്‍

ബില്‍ഡെസ്‌ക്: 1.8 ബില്ല്യണ്‍ ഡോളര്‍

ഫ്രഷ് വര്‍ക്‌സ്: 1.5 ബില്ല്യണ്‍ ഡോളര്‍

Comments

comments

Categories: FK News

Related Articles