ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 പുറത്തിറക്കി

ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 പുറത്തിറക്കി

യഥാക്രമം 1.62 ലക്ഷം രൂപ, 2.07 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ട്രയല്‍സ് വര്‍ക്‌സ് റെപ്ലിക്ക 350, ബുള്ളറ്റ് ട്രയല്‍സ് വര്‍ക്‌സ് റെപ്ലിക്ക 500 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1.62 ലക്ഷം രൂപ, 2.07 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. യഥാക്രമം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളുകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മോശം റോഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുംവിധമാണ് ഇരു ബൈക്കുകളും നിര്‍മ്മിച്ചിരിക്കുന്നത്. റോഡുകള്‍ ഇല്ലെങ്കില്‍ അതും പ്രശ്‌നമല്ല.

റോയല്‍ എന്‍ഫീല്‍ഡിന്റെ 1950 കളിലെ റഗ്ഗഡ് മോട്ടോര്‍സൈക്കിളുകളില്‍നിന്നാണ് ട്രയല്‍സ് എന്ന പേര് സ്വീകരിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ട്രയല്‍സ് ബൈക്കുകള്‍ 1950 കളില്‍ ഓഫ് റേസുകളില്‍ പങ്കെടുത്തിരുന്നു. റെട്രോ-സ്‌ക്രാംബ്ലര്‍ ഭാവത്തോടെയാണ് പുതിയ ട്രയല്‍സ് ബൈക്കുകള്‍ വരുന്നത്. ഇരു മോട്ടോര്‍സൈക്കിളുകള്‍ക്കും നിരവധി ആക്‌സസറികള്‍ ലഭ്യമാണ്. ഹെഡ്‌ലൈറ്റ് ഗ്രില്‍, ക്രോസ്ബാര്‍ പാഡിംഗ് തുടങ്ങിയവയാണ് ആക്‌സസറികൡ ചിലത്. ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 ബൈക്കുകള്‍ക്ക് തല്‍ക്കാലം ഇന്ത്യയില്‍ എതിരാളികളില്ല.

നിലവിലെ അതേ ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഒരുപിടി ഡിസൈന്‍ മാറ്റങ്ങള്‍ കാണാം. റെട്രോ ലുക്ക് വരുത്തുന്നതിനായി ക്രോമിയവും സില്‍വര്‍ പെയിന്റും നല്‍കിയിരിക്കുന്നു. ഇരുബൈക്കുകളിലെയും ഫ്രെയിം പെയിന്റ് ചെയ്തിരിക്കുന്നത് വ്യത്യസ്ത നിറത്തിലാണ്. ട്രയല്‍സ് 350 മോട്ടോര്‍സൈക്കിളിന്റെ ഫ്രെയിം ചുവന്ന നിറത്തിലാണെങ്കില്‍ ട്രയല്‍സ് 500 ബൈക്കിന്റെ ഫ്രെയിം പച്ച നിറത്തിലുള്ളതാണ്.

ഹാന്‍ഡില്‍ബാര്‍ അല്‍പ്പം ഉയര്‍ത്തിനല്‍കിയിരിക്കുന്നു. സില്‍വര്‍ പെയിന്റും ക്രോമിയവും നല്‍കിയതാണ് ഹെഡ്‌ലാംപ് ഹൗസിംഗ്. ടാങ്കും സൈഡ് പാനലുകളും സ്റ്റാന്‍ഡേഡ് മോഡലുകളില്‍ കാണുന്നതു തന്നെയാണ്. മുകളിലേക്ക് നോക്കുന്ന എക്‌സോസ്റ്റ്, സ്പ്രിംഗിന് മുകളിലായി ഘടിപ്പിച്ച സിംഗിള്‍ സീറ്റ്, ലഗേജ് റാക്ക് എന്നിവ കൂടി നല്‍കിയതോടെ ഓള്‍ഡ് സ്‌കൂള്‍ സ്‌ക്രാംബ്ലര്‍ ലുക്ക് പൂര്‍ത്തിയായി. ഓപ്ഷനായി പോലും പില്യണ്‍ സീറ്റ് ലഭിക്കില്ല എന്ന് അപ്‌സ്വെപ്റ്റ് എക്‌സോസ്റ്റ് നല്‍കിയതിലൂടെ വ്യക്തമായി. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കായി ഫൂട്ട്‌പെഗുകള്‍ നല്‍കാന്‍ ഇപ്പോള്‍ സ്ഥലമില്ല.

19 ഇഞ്ച് മുന്‍ ചക്രത്തിലും 18 ഇഞ്ച് പിന്‍ ചക്രത്തിലുമാണ് ഇരു ബൈക്കുകളും വരുന്നത്. വയര്‍ സ്‌പോക്ക് റിമ്മുകളില്‍ നല്‍കിയിരിക്കുന്ന ട്യൂബ് ടയറുകള്‍ ഓണ്‍ റോഡുകളിലും ഓഫ് റോഡുകളിലും കൂസലില്ലാതെ പായും. ഓഫ് റോഡുകളാണ് താല്‍പ്പര്യമെന്ന് വിളിച്ചോതുന്നതാണ് ബൈക്കുകളില്‍ കാണുന്ന നീളം കുറഞ്ഞ ഫെന്‍ഡറുകള്‍. ഇരു മോട്ടോര്‍സൈക്കിളുകളുടെയും മുന്നില്‍ 280 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും. ഡുവല്‍ ചാനല്‍ എബിഎസ് നല്‍കിയിരിക്കുന്നു. മുന്നില്‍ ഫോര്‍ക് ഗെയ്റ്റര്‍ സഹിതം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും.

ബുള്ളറ്റ് 350 ഉപയോഗിക്കുന്ന അതേ 346 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ട്രയല്‍സ് 350 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ബുള്ളറ്റ് 500 ഉപയോഗിക്കുന്ന അതേ 499 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ട്രയല്‍സ് 500 മോട്ടോര്‍സൈക്കിളിന് കരുത്തേകും. 26.1 ബിഎച്ച്പി കരുത്തും 40.9 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. കാര്‍ബുറേറ്റഡ് എന്‍ജിനുമായി അതേ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു.

Comments

comments

Categories: Auto
Tags: 500, Bullet 350