നാലാം പാദത്തില്‍ 10,000 കോടി രൂപ തിരിച്ചുപിടിക്കുമെന്ന് പിഎന്‍ബി തലവന്‍

നാലാം പാദത്തില്‍ 10,000 കോടി രൂപ തിരിച്ചുപിടിക്കുമെന്ന് പിഎന്‍ബി തലവന്‍

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിലായി പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചുപിടിച്ചത് 16,000 കോടി രൂപയാണ്

  • വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായുള്ള മിഷന്‍ ഗാന്ധിഗിരി പദ്ധതി ശ്രദ്ധേയമായിരുന്നു
  • വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ മിഷന്‍ ഗാന്ധിഗിരി സംഘങ്ങള്‍ ചെല്ലും
  • പ്ലക്കാര്‍ഡുകളുമായി അവിടെ ഇരിപ്പുറപ്പിക്കും. ഇത് പൊതു പണമാണ്. ദയവുചെയ്ത് വായ്പ തിരിച്ചടയ്ക്കുക’ എന്നെഴുതിയതാണ് പ്ലക്കാര്‍ഡുകള്‍
  • നാലായിരത്തിലേറെ സ്വത്തുവകകള്‍ ഇ-ലേലത്തില്‍ വെക്കാന്‍ കമ്പനി കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ പാദത്തില്‍ ലാഭത്തില്‍ തിരിച്ചെത്തിയ ശേഷം പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) നാലാം പാദത്തില്‍ പദ്ധതിയിടുന്നത് 10,000 കോടി രൂപ വീണ്ടെടുക്കാന്‍. പൊതുമേഖല ബാങ്കായ പിഎന്‍ബിയുടെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സുനില്‍ മെഹ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം.

ഈ പാദത്തില്‍ 10,000 കോടി രൂപ വീണ്ടെടുക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം ഇനിയും നിശ്ചയിക്കാനുണ്ടെന്നും മെഹ്ത വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി ബാങ്ക് 16,000 കോടി രൂപ വീണ്ടെടുത്തിരുന്നു. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) പ്രശ്നം പരിഹരിക്കുന്നതിന് നിരവധി നടപടികള്‍ പിഎന്‍ബി എടുത്തിട്ടുണ്ട്.

നിലവില്‍, എന്‍പിഎ 2018-നായി ബാങ്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി (ഒടിഎസ്) ബാങ്ക് നടപ്പിലാക്കുന്നുണ്ട്. 2018 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 25 കോടി രൂപ വരെയുള്ള എന്‍പിഎ എക്കൗണ്ടുകള്‍ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്തുടനീളം ഒടിഎസ് ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇവിടെ വായ്പക്കാരും ബാങ്കും ഒരു ധാരണയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്നു. കൂടാതെ, പ്രത്യേകമായി തിരിച്ചറിഞ്ഞ എക്കൗണ്ടുകളില്‍ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള പ്രചാരണപരിപാടികളും കമ്പനി ശക്തമാക്കിയിട്ടുണ്ട്. സര്‍ഫാസി നിയമ പ്രകാരം സെക്യൂരിറ്റീസ് ഇ-ലേലത്തില്‍ വെച്ച് പണം വീണ്ടെടുക്കല്‍ നടത്താനും ബാങ്ക് ശ്രമിച്ചുവരുന്നുണ്ട്.

ഇ-ലേലങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഞങ്ങളുടെ സ്വന്തം പോര്‍ട്ടലില്‍ മാത്രമല്ല ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനിന്റെ പോര്‍ട്ടലിലും നല്‍കും-സുനില്‍ മെഹ്ത പറഞ്ഞു. വായ്പ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം നാലായിരത്തിലേറെ സ്വത്തുവകകള്‍ ഇ-ലേലത്തില്‍ വെക്കാന്‍ കമ്പനി കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. പിഎന്‍ബി അതിന്റെ എന്‍പിഎ വീണ്ടെടുക്കല്‍ സംവിധാനം (മിഷന്‍ ഗാന്ധിഗിരി) വഴി വലിയ തുക തിരിച്ച് പിടിക്കാമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്.

കിട്ടാക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017-ലാണ് മിഷന്‍ ഗാന്ധിഗിരി ആരംഭിച്ചത്. ‘മിഷന്‍ ഗാന്ധിഗിരി’ പദ്ധതി വിജയകരമാണെന്ന സൂചനയാണ് അതിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ പിഎന്‍ബി സര്‍ക്കിളുകളുടെ കീഴിലും ‘മിഷന്‍ ഗാന്ധിഗിരി’യുടെ ഭാഗമായ സംഘങ്ങളുണ്ട്. വായ്പ തിരിച്ചടയ്ക്കാത്തവരുടെ മേല്‍ സാമൂഹ്യതലത്തില്‍ തന്നെ സമ്മര്‍ദം ചെലുത്താനാണ് പദ്ധതിയാരംഭിച്ചത്.

വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ മിഷന്‍ ഗാന്ധിഗിരി സംഘങ്ങള്‍ ചെല്ലുകയും പ്ലക്കാര്‍ഡുകളുമായി അവിടെ ഇരിപ്പുറപ്പിക്കുകയും ചെയ്യും. പ്ലക്കാര്‍ഡുകളില്‍ ‘ഇത് പൊതു പണമാണ്. ദയവുചെയ്ത് വായ്പ തിരിച്ചടയ്ക്കുക’ എന്നാണ് എഴുതുക.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് ലാഭത്തിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പാദങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു അത്. 247 കോടി രൂപയുടെ അറ്റാദായം കമ്പനി നേടി. നീരവ് മോദി വിവാദത്തില്‍ ഉലഞ്ഞ ബാങ്കിന് പോയ കലണ്ടര്‍ വര്‍ഷത്തില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏകദേശം 4,532 കോടി രൂപയുടെ അറ്റ നഷ്ടമാണ് പിഎന്‍ബി രേഖപ്പെടുത്തിയത്. എന്നാല്‍ വളര്‍ച്ചയുടെ ട്രാക്കിലേക്ക് സ്ഥാപനം തിരിച്ചെത്തിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം തന്നെ ബാങ്ക് ലാഭത്തിലാകുമെന്ന് സ്ഥാപനത്തിന്റെ തലവന്‍ സുനില്‍ മെഹ്ത കഴിഞ്ഞ ഒക്‌റ്റോബറില്‍ തന്നെ വ്യക്തമാക്കിയിരുന്നു. നീരവ് മോദി വായ്പാ തട്ടിപ്പ് കഴിഞ്ഞു പോയ കഥയാണെന്നും മികച്ച വളര്‍ച്ചയിലേക്കാണ് ബാങ്കിന്റെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ സാമ്പത്തിക തട്ടിപ്പ് വെളിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച ശക്തമായ നടപടികളാണ് കരുത്ത് തിരികെ പിടിക്കാന്‍ ബാങ്കിനെ സഹായിച്ചത്. ഇത്തരമൊരു കനത്ത ആഘാതത്തെ താങ്ങാനുള്ള കഴിവുണ്ടെന്ന് ബാങ്ക് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ലാഭത്തിലേക്കെത്തും-പിഎന്‍ബി മേധാവി ഒക്‌റ്റോബറില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മൂന്നാം പാദത്തില്‍ ബാങ്ക് ലാഭം രേഖപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്.

Comments

comments

Categories: FK News