യുഎസ് ആരോഗ്യമേഖല കിടപ്പിലാകുമോ?

യുഎസ് ആരോഗ്യമേഖല കിടപ്പിലാകുമോ?

2030ല്‍ യുഎസില്‍ 121,000 ഡോക്റ്റര്‍മാരുടെ കുറവുണ്ടാകും

അമേരിക്കയില്‍ ഡോക്റ്റര്‍മാരുടെ ക്ഷാമം ഭാവിയില്‍ വലിയ സങ്കീര്‍ണതയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് 121,000 ഡോക്റ്റര്‍മാരുടെ കുറവുണ്ടാകുന്നതോടെ 2030ആകുന്നതോടെ ആരോഗ്യമേഖലയൊട്ടാകെ കിടപ്പിലാകുമെന്നാണ് ആശങ്ക. നിലവിലെ ഇമിഗ്രേഷന്‍ നിയമങ്ങളിലെ കര്‍ശനവ്യവസ്ഥകളിലൂടെ വിദേശികളായ ഡോക്റ്റര്‍മാര്‍ക്ക് രാജ്യത്ത് പ്രാക്റ്റീസ് നടത്താന്‍ അനുവാദം നല്‍കാത്ത സാഹചര്യത്തിലാണിത്. അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ കോളേജസിന്റെ അഭിപ്രായപ്രകാരം, ആയിരക്കണക്കിന് വിദേശ ഡോക്റ്റര്‍മാര്‍ക്ക് അംഗീകാരം നല്‍കിയാല്‍ പരിഹാരം കാണാവുന്ന പ്രശ്‌നമാണിത്.

പ്രഥമശുശ്രൂഷ, പ്രത്യേക ചികില്‍സ, പ്രത്യേക ശസ്ത്രക്രിയ, വിദഗ്ധപരിശോധന എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് കുറവ് ഉണ്ടാകുന്നത്. അമേരിക്കയില്‍ ഡോക്റ്റര്‍മാര്‍ക്ക് വലിയ ക്ഷാമം നേരിടുന്നുണ്ടെങ്കിലും മെഡിക്കല്‍ ബിരുദധാരികള്‍ക്കു ജോലി എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ഇമിഗ്രേഷന്‍ അറ്റോര്‍ണി ടമ്മി ഫോക്‌സ് ഇസികോഫ് പറയുന്നു. ഇവര്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പരിശീലനപരിപാടികളില്‍ മുടങ്ങാതെ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ അര്‍പ്പണമനോഭാവം അഭിനന്ദനീയമാണ്.

വിദേശിയായ ഒരു ഡോക്റ്റര്‍ക്ക് അമേരിക്കയില്‍ പ്രാക്റ്റീസ് ചെയ്യുന്നതിന് ഒരു സ്റ്റുഡന്റ് വിസ ശരിയാക്കുകയും ഇംഗ്ലിഷ് പരീക്ഷ പാസാകുകയും വേണം. ശരാശരി ഏഴു വര്‍ഷം വൈദ്യപഠനം കഴിഞ്ഞ് എത്തുന്നയാളുടെ കാര്യമാണിത്. ഇതിനു ശേഷം യുഎസ് മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകാന്‍ മൂന്നു വര്‍ഷം ഇവിടെ ചെലവഴിക്കണം. നാലു പരീക്ഷകള്‍, അതിനു വേണ്ട തയാറെടുപ്പ്, പഠനസാമഗ്രികള്‍ എന്നിവയ്ക്ക് ഏകദേശം 30,000 ഡോളര്‍ ചെലവാക്കേണ്ടി വരും.

കോഴ്‌സിന് ചേര്‍ന്നാല്‍ ഹൗസ് സര്‍ജന്‍സി പഠനത്തിന് വീണ്ടും ഏറെക്കാലം അമേരിക്കയില്‍ ചെലവാക്കേണ്ടി വരും. ഇതിന്റെ കാലദൈര്‍ഘ്യം ചെയ്യുന്ന സ്‌പെഷ്യല്‍റ്റിയെ ആശ്രയിച്ചിരിക്കുന്നു. ഇതൊക്കെ കഴിഞ്ഞാലും സ്റ്റുഡന്റ് വിസ കാലാവധി കഴിയുമ്പോള്‍ യുഎസില്‍ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് കുടിയേറ്റ ഡോക്റ്റര്‍മാര്‍.

പ്രൊഫഷണല്‍ പഠനത്തിനായി വരുന്നവര്‍ക്ക് അനുവദിക്കുന്ന ജെ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ രണ്ടു മാസത്തെ അമേരിക്കന്‍ വാസത്തിനു ശേഷം ജന്മനാട്ടിലേക്കു തിരിച്ചു പോയിരിക്കണമെന്ന് നിഷ്‌കര്‍ഷയുണ്ട്. ഇതോടെ യുഎസുമായുള്ള അവരുടെ ബന്ധം അവസാനിക്കാനും അവര്‍ ഇവിടെ പഠിച്ച കാര്യങ്ങള്‍ തന്നെ ഉപകാരപ്പെടാതെ പോകുകയും ചെയ്യുന്ന സാഹചര്യമുണ്ട്. തൊഴില്‍ ദായകര്‍ നല്‍കുന്ന എച്ച്1ബി വിസകളാണ് മറ്റൊരു പ്രധാന ഉപാധി. തൊഴില്‍ദാതാക്കള്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം പ്രൊഫഷണലുകള്‍ക്ക് നല്‍കുന്നതാണിത്.

65,000 എച്ച്1ബി വിസകളേ അനുവദിക്കുന്നുള്ളൂ. കര്‍ശന ഉപാധികളോടെ നല്‍കുന്ന ഇവ വര്‍ധിപ്പിക്കണമെന്ന് പ്രവാസി ഇന്ത്യക്കാരും ഇതര രാജ്യങ്ങളും ആവശ്യപ്പെട്ടു വരുകയാണ്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ശക്തമായതിനാല്‍ ഈ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് കരുതുന്നത്.

നിലവില്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടിക്കൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് അവിടെ തുടരുകയുമാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ കാലാവധി നീട്ടേണ്ടതില്ലെന്നാണ് ട്രംപിന്റെ തീരുമാനം. ഗ്രീന്‍ കാര്‍ഡ്, യു എസ് പൗരത്വം എന്നിവ നേടുന്നതിനുള്ള അപേക്ഷകള്‍ മേലില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് ഹോം ഡിപ്പാര്‍ട്മെന്റിന് രഹസ്യമായി നല്‍കിയിട്ടുള്ള ഇന്റേണല്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്നത്.

Comments

comments

Categories: Health