വ്യോമയാന മേഖല സാധാരണ നിലയിലേക്ക്

വ്യോമയാന മേഖല സാധാരണ നിലയിലേക്ക്

നിരക്കുകള്‍ ഉടന്‍ താഴ്‌ന്നേക്കും; പങ്കാളിത്തത്തിന് പ്രമുഖ കമ്പനികളെ സമീപിക്കാന്‍ ബാങ്കുകള്‍

മുംബൈ: ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍ പടിയിറങ്ങിയതിന് പിന്നാലെ വായ്പാ ദാതാക്കള്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം സജീവമാക്കിയത് സമ്മര്‍ദ്ദത്തിലായ വ്യോമയാന മേഖലക്ക് ആശ്വാസമാകുന്നെന്ന് റിപ്പോര്‍ട്ട്. വായ്പാ ദാതാക്കളായ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് സമാഹരിച്ച 1,500 കോടി രൂപയുടെ അടിയന്തര ധനസഹായം ഉപയോഗിച്ച് മുടങ്ങിയ വായ്പാ തിരിച്ചടവുകള്‍ പുനരാരംഭിക്കാനും കരാറുകാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് നല്‍കാനുള്ള തുക ഘട്ടം ഘട്ടമായി കൊടുത്തു തീര്‍ക്കാനുമുള്ള നടപടികള്‍ വിമാനക്കമ്പനി ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വെച്ച ചില സര്‍വീസുകള്‍ പുനരാരംഭിക്കാനും കമ്പനി തയാറെടുക്കുകയാണ്.

സ്‌പൈസ് ജെറ്റിന് വാടകയ്ക്ക് നല്‍കിയ വിമാനങ്ങള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ, വിമാനങ്ങളുടെ കുറവ് മൂലം വ്യോമയാന മേഖല നേരിടുന്ന കടുത്ത സമ്മര്‍ദ്ദം കുറയുമെന്നാണ് പ്രതീക്ഷ. വേനല്‍ക്കാല യാത്രയുടെ ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ കുറയുന്നതോടെ യാത്രക്കാര്‍ക്കും ആശ്വാസമാകും. നിലവില്‍ ജെറ്റിന്റെ 119 വിമാനങ്ങളില്‍ 34 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഡിജിസിഎ, ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളുടെ സര്‍വീസ് തടഞ്ഞതും ഇന്ത്യ പാക് അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്ന പല വമാനങ്ങളും സര്‍വീസ് നിര്‍ത്തി വെച്ചതും കനത്ത സമ്മര്‍ദ്ദമാണ് മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ജെറ്റിന് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനുള്ള നീക്കം വായ്പാ ദാതാക്കളായ ബാങ്കുകളും ആരംഭിച്ചിട്ടുണ്ട്. ടാറ്റാ സണ്‍സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികളെയാവും ആദ്യം സമീപിക്കുക. ജെറ്റിന്റെ ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞ ഇത്തിഹാദ് എയര്‍വേയ്‌സിനെ വീണ്ടും സഹകരിപ്പിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. നരേഷ് ഗോയലിന്റെ രാജിയോടെ ഓഹരി ഇടപാടിനായി ഇവര്‍ മുന്നോട്ടുവെച്ച പൊതു നിബന്ധന പാലിക്കപ്പെട്ടിട്ടുണ്ട്. ജെറ്റുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ടാറ്റാ സണ്‍സിനാണ് ഈ പട്ടികയില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത്.

Categories: FK News, Slider
Tags: Jet Airways