ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ ഏപ്രില്‍ 17 ന് അനാവരണം ചെയ്യും

ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ ഏപ്രില്‍ 17 ന് അനാവരണം ചെയ്യും

ന്യൂയോര്‍ക് മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടക്കുന്ന അതേ സമയത്തുതന്നെയായിരിക്കും ഇന്ത്യയിലെ അനാവരണം

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ കോംപാക്റ്റ് എസ്‌യുവി ഏപ്രില്‍ 17 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. ന്യൂയോര്‍ക് മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടക്കുന്ന അതേ സമയത്തുതന്നെയായിരിക്കും ഇന്ത്യയിലെ അനാവരണം. ഹ്യുണ്ടായുടെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ക്യുഎക്‌സ്‌ഐ. ഹ്യുണ്ടായുടെ ആഗോള വാഹന നിരയില്‍ ഇടംപിടിക്കുന്ന കോംപാക്റ്റ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന് സ്റ്റിക്‌സ് എന്ന് പേര് നല്‍കുമെന്നാണ് സൂചന. ഹ്യുണ്ടായുടെ ആദ്യ കോംപാക്റ്റ് എസ്‌യുവിയാണ് ക്യുഎക്‌സ്‌ഐ.

ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ മെയ് പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. എന്നാല്‍ ആഗോള മോഡലില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെത്തുമ്പോള്‍ ചെറിയ സ്‌റ്റൈലിംഗ് മാറ്റം പ്രതീക്ഷിക്കാം. അതേസമയം സ്റ്റിക്‌സ് എന്ന പേരുതന്നെ ഇന്ത്യയിലും നല്‍കും. അനാവരണത്തിന് മുന്നോടിയായി എസ്‌യുവിയുടെ ടീസര്‍ ദിവസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയിരുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് കോംപാക്റ്റ് എസ്‌യുവി വരുന്നത്. ഒരു ചെറിയ ക്രെറ്റയായിരിക്കും ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ.

വാഹനത്തിന് അകത്ത് ഫീച്ചറുകള്‍ ധാരാളമായിരിക്കും. ടീസര്‍ വീഡിയോയില്‍ സണ്‍റൂഫ് കണ്ടിരുന്നു. സെഗ്‌മെന്റില്‍ ഇതാദ്യമായി വെന്റിലേറ്റഡ് സീറ്റുകളും നല്‍കിയേക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാന്‍ കഴിയും.

മൂന്ന് എന്‍ജിന്‍-ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ ഇന്ത്യയില്‍ അവതരിപ്പിക്കും. 100 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍, 90 എച്ച്പി പുറപ്പെടുവിക്കുന്ന 1.4 ലിറ്റര്‍ ഡീസല്‍ എന്നിവ എന്‍ജിന്‍ ഓപ്ഷനുകളായിരിക്കും. രണ്ട് എന്‍ജിനുകളുമായും 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിക്കും. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ ഓട്ടോമാറ്റിക്കും പുറത്തിറക്കും. കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ഒരേയൊരു കാറായിരിക്കും ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ ഓട്ടോമാറ്റിക്.

Comments

comments

Categories: Auto
Tags: Hyundai QXI