കോംഗോയില്‍ 1000 പേര്‍ക്ക് എബോള

കോംഗോയില്‍ 1000 പേര്‍ക്ക് എബോള

സംപൂര്‍ണ രോഗനിര്‍മാര്‍ജ്ജനത്തിനായി ലോകാരോഗ്യസംഘടന നടപടികള്‍ തുടരുന്നതിനിടെയാണ് തിരിച്ചടി

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ എബോള ബാധിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ആകെ 1,009 പേരില്‍ രോഗലക്ഷണം കണ്ടെത്തി. അതില്‍ 944 എണ്ണം സ്ഥിരീകരിച്ചു, 65 പേര്‍ക്കു രോഗബാധയ്ക്കു സാധ്യതയുണ്ട്. 629 മരണങ്ങളില്‍ 564 എണ്ണം എബോള മൂലമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നുള്ള കണക്കുകള്‍ ആരോഗ്യ മന്ത്രാലയമാണ് പുറത്തു വിട്ടത്.

ചരിത്രത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ദുരന്തമായാണ് എബോളയെ കണക്കാക്കുന്നത്. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. 2014 ല്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട രോഗത്തില്‍ 11,000 ത്തിലധികം പേരെ രോഗം കൊന്നൊടുക്കിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.അടുത്ത ആറു മാസത്തിനുള്ളില്‍ സംപൂര്‍ണ രോഗനിര്‍മാര്‍ജ്ജനമാണ് സംഘടന ലക്ഷ്യമിട്ടിരുന്നത്. ജനുവരിക്കു ശേഷം പുതിയ രോഗബാധിതരുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു.

എബോളബാധയുടെ പ്രതിവാര സ്ഥിരീകരണനിരക്ക് വര്‍ദ്ധിച്ചതായി കഴിഞ്ഞ ആഴ്ച, ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടു ചെയ്തിരുന്നു. സാധാരണ ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിശ്വസിക്കാത്തതിനാലാണ് എബോളക്കെതിരായ പോരാട്ടങ്ങളുടെ വിജയം ലക്ഷ്യം കാണാത്തതെന്ന് സംഘടന ചൂണ്ടിക്കാട്ടി. എബോള ചികില്‍സാ കേന്ദ്രങ്ങള്‍ക്കെതിരേ നിരവധി ആക്രമണങ്ങള്‍ ഈയിടെ നടന്നു. എബോളയെപ്പറ്റിയുള്ള പ്രദേശവാസികളുടെ അജ്ഞതയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസം.

ഇതുവരെ എബോള കേസുകള്‍ കോംഗോയിലെ വടക്കന്‍ കിവു, ഇറ്റൂറി പ്രവിശ്യകളില്‍ തന്നെ ഒതുങ്ങി നില്‍ക്കുകയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. രാജ്യാന്തര തലത്തിലേക്ക് രോഗം ഇതേവരെ പടര്‍ന്നിട്ടില്ലെന്നും സംഘടന സ്ഥിരീകരിച്ചിരിക്കുന്നു. കോംഗോയില്‍ 96,000 ത്തിലധികം പേര്‍ എബോള പ്രതിരോധ കുത്തിവെപ്പ്് എടുത്തിട്ടുണ്ട്. ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും പ്രതിരോധമരുന്ന് സ്വീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ വേണ്ടവരില്‍ 90 ശതമാനവും അതു സ്വീകരിച്ചിരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ വാദം.

നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ആളുകളെ ഈ ഭീകരമായ രോഗത്തില്‍ നിന്നും രക്ഷപ്പെടുത്താനായതില്‍ ആശ്വാസമുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കന്‍ മേഖലയിലെ പ്രാദേശിക ഡയറക്റ്റര്‍ ഡോ. മാറ്റ്ഷിഡിസോ മോത്തി പറഞ്ഞു. അസാധാരണമായ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലാണു തങ്ങളുടെ പ്രവര്‍ത്തനം. അടുത്ത ആറുമാസത്തിനുള്ളില്‍ എബോള പ്രതിരോധത്തിനായി 148 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണു ഡബ്ല്യുഎച്ച്ഒ തയാറാക്കുന്നത്. ആരോഗ്യസേവനദാതാക്കള്‍, ലോകരോഗ്യ സംഘനയുടെ പങ്കാളികള്‍, കോംഗോ ആരോഗ്യ മന്ത്രാലയം എന്നിവരില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സഹായകമായതെന്ന് അദ്ദേഹം പറയുന്നു.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് എബോള. രോഗബാധിത ജീവിയുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് രോഗം ബാധിച്ച ചിമ്പാന്‍സി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാല്‍ എന്നിവയിലൂടെയാണ്. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പര്‍ശനത്തിലൂടെയും രോഗാണുക്കള്‍ പകരാം. ശരീരത്തിലെ മുറിവുകള്‍, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.

1976 ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും കോംഗോയിലുമാണ് എബോളരോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയില്‍ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാല്‍ എബോളരോഗം എന്ന് വിളിക്കപ്പെട്ടു.

Comments

comments

Categories: Health
Tags: Ebola