വെബ്‌സൈറ്റോ? എന്തിന്…?

വെബ്‌സൈറ്റോ? എന്തിന്…?

സംരംഭത്തിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ വെബ്‌സൈറ്റ് യാഥാര്‍ത്ഥ്യമാക്കാനാണ് പലരും ഇന്ന് ശ്രമിക്കുന്നത്. കാലാകാലങ്ങളായി ബിസിനസ് നടത്തി വരുന്നവരും ഇനി വെബ്‌സൈറ്റില്ലാതെ എങ്ങനെ മുന്നോട്ടു പോകുമെന്ന ചിന്തയിലാണ്. എന്നാല്‍, ഇത്രയും അമിത പ്രാധാന്യം വെബ്‌സൈറ്റിന് നല്‍കേണ്ടതില്ലെന്നതാണ് വാസ്തവം. ഫേസ്ബുക് ലീഡ് ആഡ്‌സ് ഉപയോഗിച്ച് കാര്യമായ പണച്ചെലവില്ലാതെ തന്നെ നമുക്ക് പരസ്യം ചെയ്യാനും ഉപഭോക്താക്കളെ കണ്ടെത്താനും ബിസിനസ് വ്യാപിപ്പിക്കാനും അനായാസം സാധിക്കും. ഒരു ഫേസ്ബുക് ബിസിനസ് പേജ് തുടങ്ങുകയെന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. ലീഡ് ആഡ്‌സിനെക്കുറിച്ചാണ് ഇനിയുള്ള ലേഖനങ്ങള്‍

ഇന്നലെ രാവിലെയാണ് പുതിയതായി സംരംഭം തുടങ്ങിയ ഒരു മാന്യദേഹം എന്നെ കാണാന്‍ വന്നത്. മൂപ്പര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാന്‍ രൂപപ്പെടുത്തികൊടുക്കണം എന്നതാണ് ആവശ്യം. രണ്ടു മൂന്ന് സ്ഥലത്തു നിന്ന് വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ ഗംഭീര ക്വട്ടേഷനും സംഘടിപ്പിച്ചിട്ടുണ്ട് ആശാന്‍. അതിന്റെ റേറ്റ് ഒക്കെ കണ്ടപ്പോള്‍ ശരിക്കും കണ്ണ് തള്ളിപ്പോയി. നിങ്ങള്‍ക്കെന്തിനാ ജി വെബ്‌സൈറ്റ് ഒക്കെ എന്ന് ചോദിച്ചപ്പോള്‍ ഒരു നീരസം. ‘ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ വെബ്‌സൈറ്റ് ഇല്ലെങ്കില്‍ മോശമല്ലേ സാറേ! ഇതൊക്കെ ഉണ്ടെങ്കില്‍ വ്യാപാരം പല മടങ്ങു വര്‍ധിക്കും എന്നാണല്ലോ പറയുന്നത്,’ അദ്ദേഹം പറഞ്ഞു. ഈ ചോദ്യം തന്നെയാണ് ഇന്നത്തെ പംക്തി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും.

നവ സംരംഭകര്‍ക്കൊപ്പം വളരെ കാലമായി വ്യാപാരം ചെയ്യുന്നവരും കൂലങ്കഷമായി ചിന്തിക്കുന്ന ഒരു കാര്യമാണ് വെബ്‌സൈറ്റ് ഇല്ലാതെ എങ്ങനെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കും എന്ന്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും പരമ്പരാഗത വിപണന തന്ത്രങ്ങളിലും കുറെ കാലത്തെ പരിചയം വെച്ചുകൊണ്ട് തന്നെ പറയട്ടെ പല സംരംഭങ്ങള്‍ക്കും സത്യത്തില്‍ വെബ്‌സൈറ്റ് ഇല്ലാതെ തന്നെ സോഷ്യല്‍ മീഡിയ കാര്യക്ഷമമായി ഉപയോഗിച്ച് കൊണ്ട് വ്യാപാരം നല്ല നിലയില്‍ കെട്ടിപ്പടുക്കാം. അത് എങ്ങിനെയെന്ന് വിശദമായി തന്നെ ഇന്ന് നോക്കാം. അപ്പോള്‍ അനാവശ്യമായി പൈസ കളയണ്ടല്ലോ

ഫേസ്ബുക് ലീഡ് ആഡ്‌സ് (Facebook Lead Ads)

ഫേസ്ബുക്കിലൂടെ ഫലപ്രദമായി ഉപഭോക്താക്കളെ കണ്ടെത്തുവാന്‍ ഉള്ള ഏറ്റവും ശക്തമായ പ്രചാരണോപാധിയാണ് ലീഡ് ആഡ്‌സ്. വളരെ ചെലവ് കുറഞ്ഞ മാര്‍ഗവുമാണിത്. ലീഡ് ആഡിന്റെ ഏറ്റവും വലിയ പ്രത്യേകത, ലളിതവും സുതാര്യവുമായ വിവര ശേഖരണം സാധ്യമാകുന്നു എന്നതാണ്. ഇതില്‍, നിങ്ങള്‍ ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ എന്നിവ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഓട്ടോ ഫില്‍ പ്രക്രിയയിലൂടെ ലഭിക്കുന്നു. നമ്മുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന ഫോറം ആയതുകൊണ്ട് എന്ത് വിശദംശങ്ങളാണ് ഭാവി ഉപഭോക്താവില്‍ നിന്ന് ലഭിക്കേണ്ടത് എന്നും നമുക്ക് നിശ്ചയിക്കാം.

നമ്മള്‍ പരസ്യം നല്‍കുന്നത് എന്തിനു വേണ്ടിയാണ്? ആ പരസ്യം കണ്ടിട്ട് പുതിയ ഉപഭോക്താവോ അല്ലെങ്കില്‍ കുറേക്കാലം മുന്‍പ് നിങ്ങളില്‍ നിന്നും വിട്ടു പോയവരോ തിരിച്ചു വരട്ടെ എന്ന ലക്ഷ്യത്തോടെയാണല്ലോ. സാധാരണ പരസ്യങ്ങള്‍ എല്ലാം കാടടച്ചു വെടിവെക്കുന്ന പോലെയാണെന്ന് പറയണ്ട ആവശ്യമില്ല. ലക്ഷങ്ങള്‍ ചിലവാക്കി പ്രചാരണം നടത്തിയിട്ടും അതിനു തക്കതായ ഉപഭോക്താവിനെ കിട്ടിയോ എന്ന് വലിയ നിശ്ചയം ഒന്നും ഉണ്ടാവില്ല. ഇവിടെ ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പരിഹാരം എന്ന നിലക്കാണ് ഇത്തരത്തില്‍ ഉള്ള ലീഡ് ജനറേഷന്‍ ആഡിന്റെ പ്രസക്തി. ഇതിനേക്കാളൊക്കെ മുന്‍പ് ചെയ്യേണ്ട കാര്യം നിങ്ങളുടെ വ്യാപാരത്തിന് വേണ്ടി ഒരു ഫേസ്ബുക് ബിസിനസ് പേജ് തുടങ്ങുക എന്നുള്ളതാണ്. അതിനു നിങ്ങള്‍ ചെയ്യേണ്ടത്, ആദ്യം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക. അതിനു ശേഷം create എന്ന് കാണുന്ന സ്ഥലത്തു ക്ലിക്ക് ചെയ്യുക (ചിത്രം1. ശ്രദ്ധിക്കുക).

ഇത് ചെയ്യുന്നതിനു മുന്‍പായി നിങ്ങളുടെ സംരംഭത്തിന്റെ ലോഗോ, കവര്‍ പേജ്, ഫോട്ടോ എന്നിവ തയാറാക്കി വെക്കേണ്ടതാണ്. കവര്‍ പേജ് ഇമേജിന് കുറഞ്ഞത് 851 പിക്‌സല്‍ വിസ്താരവും 351 പിക്‌സല്‍ ഉയരവും വേണം. കവര്‍ പേജ് ഇമേജ് ഡിസൈന്‍ ചെയ്യുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുക. ഏതൊരാളും നിങ്ങളുടെ ബിസിനസ് പേജ് ക്ലിക്ക് ചെയ്യുമ്പോള്‍ ആദ്യം കാണുന്നത് ഈ ചിത്രങ്ങളാണ്. അത് കൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ഈ ചിത്രങ്ങള്‍ക്ക് നല്‍കുക. അതിനു ശേഷം ഏത് വിധത്തിലുള്ള വ്യാപാരമാണ് നിങ്ങളുടേത് എന്ന് രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന ഐച്ഛികത്തില്‍ നിന്നും തിരഞ്ഞെടുക്കുക.

അതിനു ശേഷം താഴെ കാണുന്നപോലെയുള്ള ബോക്‌സില്‍ നിന്നും (ചിത്രം.3) നിങ്ങളുടെ വ്യാപാര വിശേഷണം അഥവാ എന്ത് വ്യാപാരമാണ് പേജിലൂടെ ഉദ്ദേശിക്കുന്നതെന്നതിന് അനുസൃതമായ വിവരണം തിരഞ്ഞെടുക്കണം. ശേഷം നിങ്ങളുടെ ഈ ബിസിനസ് പേജ് ആരാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്നത് തീരുമാനിച്ച് അവരുടെ ഇ-മെയിലിലേക്ക് സ്വാഗത സന്ദേശം അയക്കുക. ഇത്രയുമായാല്‍ ബിസിനസ് പേജ് റെഡി.

ഈ ആഴ്ച നിങ്ങള്‍ പേജ് ശരിയാക്കൂ. അടുത്ത ആഴ്ച ഫേസ്ബുക് ലീഡ് ആഡ് എങ്ങനെ ചെയ്യാം എന്ന് സമഗ്രമായി ചിത്ര സഹിതം വിശദീകരിക്കാം. ബിസിനസ് പേജ് രൂപപ്പെടുത്തുന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ താഴെ കാണുന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കൂ… ഞാന്‍ സഹായിക്കാം.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special, Slider