വമ്പന്‍ ബ്രാഞ്ച് വിപുലീകരണത്തിനൊരുങ്ങി ആക്‌സിസ് ബാങ്ക്

വമ്പന്‍ ബ്രാഞ്ച് വിപുലീകരണത്തിനൊരുങ്ങി ആക്‌സിസ് ബാങ്ക്
  • രാജ്യത്ത് ശാഖകളുടെ എണ്ണം 5000-5500ല്‍ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്
  • ബിസിനസില്‍ എച്ച്ഡിഎഫ്‌സിയെയും ഐസിഐസിഐ ബാങ്കിനെയും മറികടക്കും

ന്യൂഡെല്‍ഹി: വമ്പന്‍ ബ്രാഞ്ച് വിപുലീകരണത്തിനൊരുങ്ങി ആക്‌സിസ് ബാങ്ക്. ഇന്ത്യയില്‍ ശാഖകളുടെ എണ്ണം 5000-5,500ല്‍ എത്തിക്കാനാണ് ആക്‌സിസ് ബാങ്ക് നോക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ മേഖലാ ബാങ്കാണ് ആക്‌സിസ്. കൂടുതല്‍ ശാഖകള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ എച്ച്ഡിഎഫ്‌സി ബാങ്കിനെയും ഐസിഐസിഐ ബാങ്കിനെയും പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആകാനാണ് ആക്‌സിസ് ലക്ഷ്യമിടുന്നത്.

എച്ച്ഡിഎഫ്‌സിയും ഐസിഐസിഐ യും ബ്രാഞ്ച് വിപുലീകരണത്തില്‍ മെല്ലെയാണ് നീങ്ങുന്നതെങ്കിലും ആക്‌സിസ് തങ്ങളുടെ ബ്രാഞ്ച് വിപുലീകരണ പദ്ധതികള്‍ തുടരുമെന്ന് ആക്‌സിസ് ബാങ്ക് സിഇഒ അമിതാഭ് ചൗധരി പറഞ്ഞു. അടുത്ത മൂന്നോ നാലോ വര്‍ഷംകൊണ്ട് 400-500 ശാഖകള്‍ ആക്‌സിസ് കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ചുകളുടെ എണ്ണം 5,000-5,500ല്‍ എത്തുന്നതോടെ വിപുലീകരണ ശ്രമങ്ങളുടെ വേഗം കുറയ്ക്കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

നടപ്പു സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യയിലുടനീളം 297 ആക്‌സിസ് ബാങ്ക് ശാഖകളാണ് തുറന്നിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് കുറച്ച് ശാഖകള്‍ കൂടി ബാങ്ക് രാജ്യത്ത് തുറക്കും. പൂനെയിലെ ഖരാദിയില്‍ തങ്ങളുടെ 4,000-ാമത്തെ ശാഖ തുറന്നതായും ആക്‌സിസ് അറിയിച്ചിട്ടുണ്ട്. 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് ഇതിലൂടെ ആക്‌സിസ് അടയാളപ്പെടുത്തിയിരിക്കുന്നത്. ധനകാര്യ-സേവന മേഖലയില്‍ മികച്ച നാലോ അഞ്ചോ ബാങ്കുകളില്‍ ഒന്നാകാന്‍ കഴിഞ്ഞില്ലെങ്കില്‍ എപ്പോഴും അതിന് താഴെയായിരിക്കും നിങ്ങളുണ്ടാകുകയെന്നും മുന്‍നിര കമ്പനികള്‍ മാത്രമേ പണമുണ്ടാക്കുകയുള്ളുവെന്നും ചൗധരി അഭിപ്രായപ്പെട്ടു.

ഡിജിറ്റൈസേഷന്‍ തുടരുന്നതിലൂടെ വേറിട്ട രീതികളില്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നുണ്ടെങ്കിലും ബാങ്കിന്റെ ഭൗതിക സാന്നിധ്യം ആഗ്രഹിക്കുന്നവരാണ് ഉപഭോക്താക്കള്‍. ഒരു ബ്രാഞ്ചിന് ഉപഭോക്താവിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അമിതാഭ് ചൗധരി അഭിപ്രായപ്പെട്ടു. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖലയില്‍ രണ്ട് ഏറ്റെടുക്കലുകളാണ് ആക്‌സിസ് നടത്തിയിട്ടുള്ളത്. പേമെന്റ് കമ്പനിയായ ഫ്രീചാര്‍ജിനെയും ട്രേഡ് ഫിനാന്‍സ് വിഭാഗത്തില്‍ എ-ട്രേഡിനെയും ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്.

ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപ്പെടുന്നതിന് വ്യത്യസ്തമായ ബ്രാഞ്ചുകള്‍ തുറക്കാനും ആക്‌സിസ് നോക്കുന്നുണ്ടെന്ന് ബ്രാഞ്ച് ബാങ്ക് വിഭാഗം മേധാവി രവി നാരായണന്‍ പറഞ്ഞു. പുതിയ രീതിയിലുള്ള ശാഖയാണ് പുനെയില്‍ തുറന്നിട്ടുള്ളതെന്നും എല്ലാ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ഈ ബ്രാഞ്ചില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ആക്‌സിസ് ബാങ്കിന്റെ 50 ശതമാനത്തോളം റീട്ടെയ്ല്‍ വായ്പകളും ബ്രാഞ്ചുകള്‍ വഴിയുള്ളതാണ്. നിക്ഷേപത്തിലും വായ്പയിലും കേന്ദ്രീകരിച്ചുള്ള ബാങ്കിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു പ്രധാന ഘടകവും ശാഖകളാണെന്ന് ചൗധരി വ്യക്തമാക്കി.

Comments

comments

Categories: Banking
Tags: Axis bank