രാജ്യത്തിന്റെ മുന്നേറ്റത്തില്‍ 55% പൗരന്‍മാര്‍ സന്തുഷ്ടര്‍

രാജ്യത്തിന്റെ മുന്നേറ്റത്തില്‍ 55% പൗരന്‍മാര്‍ സന്തുഷ്ടര്‍
  • ജനങ്ങളുടെ സാമ്പത്തിക നില 20 വര്‍ഷത്തിന് മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടെന്ന് 65%
  • തൊഴിലവസരങ്ങളുടെ കുറവും ഭീകരവാദവും പ്രധാന വെല്ലുവിളിയെന്നും അഭിപ്രായം
  • ജനാധിപത്യത്തിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലെത്ത് 54% ആളുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ ഗതിയിലും സാമ്പത്തിക സ്ഥിതിയിലും അടുത്ത തലമുറകള്‍ക്ക് ലഭ്യമായ അവസരങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ച് അന്‍പത് ശതമാനത്തിലേറെ ഇന്ത്യക്കാര്‍. ഇന്ത്യയുടെ മുന്നേറ്റത്തിലും ഭരണ നിര്‍വഹണത്തിലും 55 ശതമാനം ജനങ്ങളും സന്തുഷ്ടി പ്രകടിപ്പിക്കുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വസ്തുതാ വിശകലന ഏജന്‍സിയായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട്. 2018 മേയ് 23 മുതല്‍ ജൂലൈ 23 വരെയുള്ള കാലയളവില്‍ രാജ്യത്തെ 2,521 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഏജന്‍സി പുറത്തു വിട്ടിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സര്‍വേ ഫലങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.

ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത മുന്നില്‍ രണ്ട് ആള്‍ക്കാരും (65 ശതമാനം) അഭിപ്രായപ്പെടുന്നു. സാമ്പത്തിക സ്ഥിതി വഷളായെന്ന് 15 ശതമാനം ആളുകള്‍ക്ക് മാത്രമാണ് അഭിപ്രായമുള്ളത്. തൊഴില്‍ അവസരങ്ങളുടെ കുറവാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് സര്‍വെ വിലയിരുത്തുന്നു. തൊഴില്‍ ഒരു വലിയ പ്രശ്‌നമാണെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ (2017-18) ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും 76 ശതമാനം പേര്‍ നിരീക്ഷിച്ചു. തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത് അഞ്ചില്‍ ഒന്ന് (21 ശതമാനം ) ആളുകളാണ്. ഇക്കാര്യത്തില്‍ ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്ന് 67 ശതമാനം പേര്‍ കരുതുന്നു. പണപ്പെരുപ്പം രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് 73 ശതമാനം ആളുകളും വിശ്വസിക്കുന്നു. വാണിജ്യ മേഖല കൊണ്ട് രാജ്യത്തിന് ഗുണം ലഭിച്ചെന്ന് വിശ്വസിക്കുന്നത് 71 ശതമാനം പേരാണ്. വ്യാപാരം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് 18-29 പ്രായ പരിധിയിലുള്ള 59 ശതമാനം യുവാക്കളും വിലയിരുത്തുന്നു.

ജനാധിപത്യം

തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആശങ്കയുടെ സ്വരമാണ് ഭൂരിഭാഗം ഇന്ത്യക്കാരില്‍ നിന്നും ഉയര്‍ത്തിയതെങ്കിലും ജനാധിപത്യം നല്‍കുന്ന സുരക്ഷയില്‍ അവര്‍ ആശ്വാസം പ്രകടിപ്പിക്കുന്നു. ജനാധിപത്യം സാര്‍ഥകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് 54 ശതമാനം ആളുകളും അല്ലെന്ന് 33 ശതമാനവും അഭിപ്രായപ്പെടുന്നു. പൊതുവിടങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനുള്ള സ്വാതന്ത്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് 58 ശതമാനം ആളുകളും ഇല്ലെന്ന് 26 ശതമാനം വ്യക്തികളും അഭിപ്രായപ്പെട്ടു. മിക്കവര്‍ക്കും ജീവിത നിലവാരം ഉയര്‍ത്താനായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയത് 56 ശതമാനം ആളുകളാണ്. 27% ആളുകള്‍ക്കാണ് മറിച്ച് അഭിപ്രായമുള്ളത്. രാജ്യത്തോ കോടതി സംവിധാനം എല്ലാവരെയും സമന്‍മാരായി കാണുന്നെന്ന അഭിപ്രായമുള്ളത് 47 ശതമാനം ആളുകള്‍ക്കാണ്. 36 ശതമാനം ജനങ്ങള്‍ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. കൂടുതല്‍ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്ന് മൂന്നില്‍ രണ്ട് (64 ശതമാനം) പേരും വിലയിരുത്തി. ബിജെപിയേയും കോണ്‍ഗ്രസിനെയും പിന്തുണയ്ക്കുന്നവരില്‍ പത്തില്‍ ഏഴ് പേരും (69 ശതമാനം) അഭിപ്രായപ്പെട്ടത് തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ അഴിമതിക്കാരാണെന്നാണ്.

മൊബീല്‍ ഫോണുകള്‍

മൊബില്‍ ഫോണ്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ക്രിയാത്മകമായാണ് ഭൂരിപക്ഷം ആളുകളും പ്രതികരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 81% ആളുകളും വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ മൊബീല്‍ ഫോണ്‍ തങ്ങളെ സഹായിച്ചെന്ന് വ്യക്തമാക്കി. മൊബീല്‍ ഫോണുകള്‍ രാഷ്ട്രീയത്തില്‍ നല്ല ഗുണമുണ്ടാക്കുന്നുണ്ടെന്ന് 39% ആളുകളും ദോഷമാണുണ്ടാക്കുന്നതെന്ന് 21% പേരും അഭിപ്രായപ്പെട്ടു. ഒരു സ്വാധിനവും ചെലുത്തുന്നില്ലെന്നാണ് 9% ആളുകളുടെ നിലപാട്. ബിജെപി അനുഭാവികള്‍ (49%) മൊബീല്‍ ഫോണുകളുടെ സ്വാധീനത്തെ പോസിറ്റീവായി കാണുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് (33%) ഇത് അത്ര പഥ്യമല്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം 45% ആളുകള്‍ക്ക് വ്യാജ വാര്‍ത്തകളെ കുറിച്ച് ആശങ്കയുണ്ട്.

പാക്കിസ്ഥാന്‍ ശത്രുരാഷ്ട്രം

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളും (65%) അഭിപ്രായപ്പെടുന്നു. ഈ ഭീഷണി ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്നത് പാക്കിസ്ഥാനാണെന്നും ആളുകള്‍ പറയുന്നു. രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പാണ് ഈ സര്‍വെ നടത്തിയതെങ്കിലും 76 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടത് പാക്കിസ്ഥാന്‍ രാജ്യത്തിന് ഭീഷണിയാണെന്നാണ്. വെറും ഏഴ് ശതമാനം പേര്‍ മാത്രമാണ് പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഭീഷണിയല്ലെന്ന് അഭിപ്രായപ്പെട്ടത്.

Comments

comments

Categories: FK News

Related Articles