ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ഐഎംഎ

ക്ഷയരോഗ നിര്‍മാര്‍ജനത്തിന് ഐഎംഎ

2025ഓടെ രാജ്യത്ത് നിന്ന് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യം നേടാനായി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതിനായി രാജ്യത്തെ ആരോഗ്യമേഖലയും സര്‍ക്കാരും സന്നദ്ധസംഘനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ഐഎംഎയുടെ 1,750 ശാഖകളിലൂടെ രാജ്യത്തുടനീളം ബോധല്‍ക്കരണപരിപാടികളാരംഭിക്കുമെന്നും ദേശീയ പ്രസിഡന്റ് ഡോ. ശന്തനു സെന്‍ പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ രോഗത്തെക്കുറിച്ച് ശരിയായ അവബോധമുണ്ടാക്കാനും ഭീതിയകറ്റാനും ക്ഷയരോഗ മരണനിരക്കു കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങും. 2025 ഓടെ രാജ്യത്തു നിന്ന് രോഗം നിര്‍മാര്‍ജനം ചെയ്യാനുള്ള വഴികള്‍ തേടുകയാണു ലക്ഷ്യം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനമായ ഞായറാഴ്ച വലിയ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ക്ഷയരോഗ നിര്‍ണയവും ചികില്‍സയും അടിസ്ഥാനമാക്കിയുള്ള തെരുവ് നാടകങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അടുത്ത ഏതാനും ദിവസങ്ങളില്‍ നിരവധി സന്നദ്ധസംഘനകള്‍ക്ക് വിഷയത്തില്‍ പരിശീലനം നല്‍കും. 500 ലധികം വിദ്യാര്‍ത്ഥികള്‍, എന്‍ജിഒ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ചികില്‍സ, കുത്തിവെപ്പ് എന്നിവയോടുള്ള താല്‍പര്യക്കുറവ്, സ്ത്രീകളിലെ ചികില്‍സയിലെ അശ്രദ്ധ എന്നിവയാണ് ക്ഷയരോഗം ഇന്ത്യയില്‍ നിയന്ത്രിക്കുന്നതിനു തടസമുണ്ടാക്കുന്നത്.

രാജ്യത്ത് 3.2 മില്ല്യണ്‍ സ്ത്രീകളില്‍ ക്ഷയരോഗികളാണെന്നു മാത്രമല്ല, ഇവര്‍ക്കിടയിലെ മരണനിരക്കും ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മരണനിരക്ക് മൂന്ന് ശതമാനം കുറഞ്ഞതായാണ് മുന്‍ ഐഎംഎ സെക്രട്ടറി ജനറല്‍ നാരായണ്‍ സൈനി പറഞ്ഞത്. 2025 ഓടെ മരണനിരക്ക് 80 ശതമാനം കുറയ്ക്കാന്‍ ഐ എം എ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലെ ക്ഷയരോഗബാധിതരില്‍ 27 ശതമാനം ജീവിക്കുന്നത് ഇന്ത്യയിലാണ്. ഇവിടെ മാത്രം മെച്ചപ്പെട്ട രോഗനിര്‍ണയവും രോഗബാധിതരുടെ ശരിയായ ചികില്‍സയും സാധ്യമാക്കിയാല്‍ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാനാകും. ആഗോള ക്ഷയരോഗ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി രാജ്യത്തെമ്പാടുമുള്ള കുട്ടികള്‍ക്കു ബിസിജി വാക്‌സിനുകള്‍ നല്‍കുന്നുണ്ട്.

Comments

comments

Categories: Health
Tags: IMA