ഊര്‍ജ പരിണാമത്തിലെ പ്രതിസന്ധികള്‍

ഊര്‍ജ പരിണാമത്തിലെ പ്രതിസന്ധികള്‍

സമാന്തര ഊര്‍ജ സ്രോതസുകളിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിന് വേഗത പോര. ഇനിയും ഉണര്‍ന്നില്ലെങ്കില്‍ ലോകത്തെ മുഴുവന്‍ കാത്തിരിക്കുന്നത് അതിസങ്കീര്‍ണതയുടെ നാളുകളാണ്

ഊര്‍ജസ്രോതസുകളുടെ വിനിയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിന്റെ പുരോഗതി നിര്‍ണയിക്കപ്പെടുന്നത്. സമൂഹത്തിന്റെ പരിണാമ പ്രക്രിയയ്ക്കനുസരിച്ച് ദൈനംദിന ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന ഊര്‍ജ സ്രോതസുകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും മാറി. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും ഹേതുവാകുന്ന തരത്തിലുള്ള ഊര്‍ജ ഉപഭോഗമായിരുന്നു നാളിതുവരെ നമ്മളെ നയിച്ചത്. ആ തിരിച്ചറിവാണ് പുനരുപയോഗ ഊര്‍ജ സ്രോതസുകളിലേക്കുള്ള മാറ്റത്തിന് നിദാനമായി തീര്‍ന്നത്.

സംശുദ്ധ ഊര്‍ജത്തിലേക്കുള്ള പരിവര്‍ത്തനം ഇന്നൊരു അനിവാര്യതയായി മാറിയിരിക്കുകയാണ്. പരമ്പരാഗത ഊര്‍ജ സ്രോതസുകളെ മാത്രം ആശ്രയിക്കുന്നത് ഭൂമിയെ അപകടപ്പെടുത്തുമെന്ന ബോധ്യം വന്നുകഴിഞ്ഞിട്ടുമുണ്ട്. എങ്കിലും പുനരുപയോഗ ഊര്‍ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം പ്രതിസന്ധിയിലാണെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറം പോലുള്ള ആഗോള സ്ഥാപനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

സുരക്ഷിതവും താങ്ങാവുന്നതും സുസ്ഥിരവുമായ ഊര്‍ജത്തിലേക്കുള്ള ലോകത്തിന്റെ പരിണാമത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുരടിപ്പനുഭവപ്പെടുകയാണെന്നാണ് ഇന്നലെ ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യമായ പുരോഗതിയൊന്നും ഈ രംഗത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നേടാന്‍ ലോകരാജ്യങ്ങളുടെ മൊത്തം പ്രകടനം വിലയിരുത്തുമ്പോള്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി കല്‍ക്കരിയുടെ ഉപയോഗം പല ഏഷ്യന്‍ രാജ്യങ്ങളിലും തുടരുകയാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

ലോക സാമ്പത്തിക ഫോറത്തിന്റെ ഊര്‍ജ പരിവര്‍ത്തന സൂചികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ സ്വീഡനാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്, ഓസ്ട്രിയ, യുകെ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഐസ്‌ലന്‍ഡ് തുടങ്ങിയവയാണ് ടോപ് 10 പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. വളരുന്ന വിപണികളില്‍ ഇന്ത്യ മെച്ചപ്പെട്ട നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2022 മാര്‍ച്ച് മാസത്തോടെ സംശുദ്ധ ഊര്‍ജ്ജ സ്രോതസുകളുടെ ശേഷി 175 ഗിഗാവാട്ട്് ആക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുത്. 2018 ജൂണ്‍ മാസം വരെയുള്ള കണക്കനുസരിച്ച് 71 ഗിഗാവാട്ടാണ് ഇന്ത്യയുടെ പുനരുല്‍പ്പാദന ഊര്‍ജ്ജശേഷി. എന്നാല്‍ അമേരിക്കയെയും ചൈനയെയും പോലുള്ള വമ്പന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. സംശുദ്ധ ഊര്‍ജ വിതരണത്തില്‍ തുല്യത കൈവരിക്കാനുള്ള നടപടികളിലും ലോകരാജ്യങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.

ബഹുരാഷ്ട്ര ഭീമന്മാരായ ടെസ്ലയും സോളാര്‍ സിറ്റിയും ആപ്പിളും ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഊര്‍ജ പരിണാമപ്രക്രിയയില്‍ പ്രചോദനാത്മകമായ പങ്കുവഹിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാലാവസ്ഥാവ്യതിയാനത്തോട് പുച്ഛമനോഭാവമാണെത് ദൗര്‍ഭാഗ്യകരമാണെങ്കിലും അമേരിക്കയിലെ സംരംഭകര്‍ക്കുള്ളത് ഫ്യൂച്ചറിസ്റ്റിക്കായ കാഴ്ച്ചപ്പാടാണ്.

സംശുദ്ധ ഊര്‍ജ്ജ സ്രോതസുകളിലേക്കുള്ള പരിവര്‍ത്തന പ്രക്രിയയില്‍ വലിയ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മികവ് പ്രകടിപ്പിക്കുന്നത് വികസ്വര രാജ്യങ്ങളുടെ പ്രവര്‍ത്തനമാണെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടന പത്രികകളിലടക്കം പുനരുപയോഗ ഊര്‍ജം ഇടം കാണേണ്ട സമയമായിരിക്കുന്നു. സമഗ്രമായ പൊളിച്ചെഴുത്ത് നയങ്ങളില്‍ വന്നാല്‍ മാത്രമേ പുതിയ ഊര്‍ജ സ്രോതസുകളെ ആശ്രയിച്ചുള്ള ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സാധിക്കൂ.

Categories: Editorial, Slider