വംശീയ വിദ്വേഷത്തിന് ന്യൂസിലന്‍ഡിന്റെ മറുപടി

വംശീയ വിദ്വേഷത്തിന് ന്യൂസിലന്‍ഡിന്റെ മറുപടി

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ കഴിഞ്ഞാന്‍ ലോകത്ത് ഏറ്റവും സമാധാനം പുലരുന്ന രാഷ്ട്രങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്. എന്നാല്‍ മാര്‍ച്ച് ആദ്യവാരം ന്യൂസിലന്‍ഡിലെ രണ്ട് മസ്ജിദുകളില്‍ ഉയര്‍ന്ന വെടിയൊച്ചകള്‍ ഈ സമാധാനത്തിന് ഭംഗം വരുത്തിയിരിക്കുന്നു. ഇത്തരമൊരു വിഷമസന്ധിയില്‍ ന്യൂസിലന്‍ഡെന്ന രാഷ്ട്രവും പ്രധാനമന്ത്രി ജസീന്ത ആര്‍ഡണും പ്രകടിപ്പിച്ച ഉന്നത മനുഷ്യ സ്‌നേഹവും പക്വതയും വളരെ വേഗം ആ മുറിവുകളെ ഉണക്കിയിരിക്കുന്നു. എതിരാളികളെന്ന് ധരിക്കുന്നവരെ വംശീയമായി ഉന്മൂലനം ചെയ്യാനും വിഴുങ്ങാനും ഒരുമ്പെട്ടു നില്‍ക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് ന്യൂസിലന്‍ഡിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന ശക്തമായ സന്ദേശം നല്‍കാന്‍ ജസീന്തക്ക് സാധിച്ചു

ലോക സന്തോഷ സൂചികയില്‍ (Global Happinsse Index) എട്ടാം സ്ഥാനം അലങ്കരിക്കുന്നത് ന്യൂസിലന്‍ഡാണ്. കേവലം 50 ലക്ഷത്തില്‍ താഴെമാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍ഡ്, മാര്‍ച്ച് ആദ്യപാദത്തില്‍ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തില്‍ രണ്ട് മോസ്‌കുകളില്‍ എത്തിയ വിശ്വാസികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ദുഃഖരാഷ്ട്രമായി മാറിയിരിക്കുകയാണ്. 50 ഓളം നിരപരാധികളാണ് വര്‍ണവെറിയനായ, കുടിയേറ്റത്തെ എതിര്‍ക്കുന്ന ഒരു വംശീയതീവ്രവാദിയുടെ വെടിയേറ്റ് ജീവന്‍ വെടിഞ്ഞത്. വെടിവെപ്പിന്റെയും അക്രമത്തിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തല്‍സമയം പ്രചരിപ്പിക്കുകയും ചെയ്തു ഓസ്‌ട്രേലിയന്‍ വംശജനായ ഈ നരാധമന്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ 15 ലക്ഷം വീഡിയോ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യങ്ങളായ ഫേസ്ബുക്, യൂട്യൂബ് എന്നിവയിലൂടെ പ്രചരിക്കപ്പെട്ടത്. വെള്ള വര്‍ണ്ണ വെറിയന്‍മാരുടെ പ്രചരണായുധമാകാന്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ക്ക് സാധിക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുകയുണ്ടായി.

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും സമാധാനം പുലരുന്ന രാജ്യമായിരുന്നു ന്യൂസിലന്‍ഡ്. ശരാശരി ഒരു ലക്ഷം ആളുകള്‍ക്ക് ഒരു കൊലപാതകം മാത്രമാണ് വര്‍ഷത്തില്‍ നടക്കുന്നത്. അമേരിക്കയില്‍ ലക്ഷം ആളുകള്‍ക്ക് 5 കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥാനത്താണ് ന്യൂസിലന്‍ഡിന്റെ ഈ നേട്ടം. വെനിസ്വേല പോലുള്ള ചില വികസ്വര രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ ഒരു ലക്ഷത്തിന് 50 എന്ന നിലവാരത്തിലാണ്. ഏതായാലും ന്യൂസിലന്‍ഡ് വെടിവെപ്പ് മൂലമുണ്ടായ ഒരു ചര്‍ച്ച, പൗരന്‍മാര്‍ക്ക് ആയുധ നിയന്ത്രണം വേണോ വേണ്ടയോ എന്നതിലേക്ക് കൂടി വെളിച്ചം വീശുന്നതായി.

അമേരിക്കയിലെ രണ്ടാം ഭരണഘടനാഭേദഗതിയുടെ ചുവടു പിടിച്ചുകൊണ്ടാണ് ന്യൂസിഡന്‍ഡിലും ആയുധം കൈവശം വെക്കല്‍ ഒരു മൗലികാവകാശമായി തീര്‍ന്നത്. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ തോക്കുടമകളുടെ എണ്ണം 15 ലക്ഷത്തിലധികമാണ്. രാജ്യത്ത് തോക്കു നിയന്ത്രണ നിയമങ്ങളുണ്ടെങ്കിലും ഇതിനായി അപേക്ഷിക്കുന്നവരില്‍ 99 ശതമാനം പേര്‍ക്കും ലളിതമായി തോക്ക് ലൈസന്‍സ് കൊടുക്കുകയാണ് പതിവ്. അമേരിക്കയിലെ പോലെ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ (National Rifles Association) എന്ന തോക്ക് ഉടമകളുടെയും ഉല്‍പ്പാദകരുടെയും സംഘടന ന്യൂസിലന്‍ഡിലും തോക്കവകാശത്തിനായി പോരാടി വരികയാണ്.

അമേരിക്കന്‍ പ്രസിഡന്റ് കസേരയിലേക്കുള്ള ട്രംപിന്റെ കടന്നുവരവിനുശേഷം പാശ്ചാത്യലോകത്ത് ഇസ്ലാമിനോടുള്ള ഭീതി (Islamophobia)വ്യാപിച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിലെ ജനസംഖ്യയില്‍ 2 ശതമാനത്തിനു താഴെ മാത്രമാണ് ഇസ്ലാം മത വിശ്വാസികള്‍. അടുത്ത 30 വര്‍ഷത്തെ കണക്കെടുത്താലും ഇത് 3 ശതമാനത്തില്‍ കൂടില്ലെന്നാണ് ജനസംഖ്യാ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വര്‍ണവെറിയന്‍മാര്‍ പ്രചരിപ്പിക്കുന്നത് കുടിയേറ്റം, ഇസ്ലാമിനെ കൂടുതലായി ന്യൂസിലന്‍ഡിലേക്ക് കടത്തിവിടുമെന്നാണ്. ബ്രന്റണ്‍ ഹാരിസണ്‍ ടാറന്റ് എന്ന 28 കാരനായ അക്രമകാരി പ്രചരിപ്പിക്കുന്ന 74 പേജുള്ള അവരുടെ വെള്ള തീവ്ര ദേശീയവാദികളുടെ പ്രകടനപത്രികയില്‍ പലയിടത്തും ഇത് അടിവരയിട്ട് പറയുകയും ചെയ്യുന്നുണ്ട്.

ന്യൂസിലന്‍ഡ് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗമായിരുന്നു. അവിടത്തെ ആദിമ നിവാസികളായ മാവോറികള്‍ ഇന്ന് ജനസംഖ്യയുടെ കേവലം 15 ശതമാനം താഴെ മാത്രമാണുള്ളത്. ബാക്കിയുള്ളവരെല്ലാം പലകാലങ്ങളായി അങ്ങോട്ട് കുടിയേറിയവരാണ്. ഇംഗ്ലീഷുകാര്‍ നൂറ്റാണ്ടുകള്‍ അടക്കി ഭരിച്ച ന്യൂസിലന്‍ഡ് ഇന്നും അവരുടെ രാഷ്ട്രപതിയായി കണക്കാക്കുന്നത് ബ്രിട്ടീഷ് രാജ്ഞിയെ തന്നെയാണ്. 38 വയസുകാരിയായ പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ സന്ദര്‍ഭോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്നത്് കുടിയേറ്റക്കാര്‍ക്കെല്ലാം ഏറെ ആവേശം പകരുന്ന ഒന്നായിരുന്നു.

38 കാരിയായ ജസീന്ത പ്രധാനമന്ത്രി പദത്തില്‍ ഒരു കുട്ടിക്ക് ജന്‍മം നല്‍കിയ ധീരവനിതയാണ്. ഇതിനു മുന്‍പ് 1990 ല്‍ ബേനസീര്‍ ഭൂട്ടോ മാത്രമാണ് പ്രധാനമന്ത്രി പദത്തിലിരിക്കെ ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്നത്. അവിവാഹിതയായ ജസീന്ത എന്ന അമ്മ, കൈക്കുഞ്ഞുമായി യുഎന്‍ സമ്മേളനങ്ങളില്‍ പങ്കെടുത്ത വാര്‍ത്ത ലോക മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് നല്‍കിയിരുന്നത്. വെടിവെപ്പിനെ തുടര്‍ന്ന് പര്‍ദ ധരിച്ച് കൊണ്ട് തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നിന്ന് പറന്നെത്തിയ ജസീന്ത ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് കണ്ടു. പാര്‍ലമെന്റില്‍ അസലാമു അലൈക്കും എന്ന അഭിസംബോധനയോടെ പ്രസംഗം തുടങ്ങിയ ജസീന്തയുടെ നടപടിയും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

മാര്‍ച്ച് മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ചയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മസ്ജിദുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. 50 പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രണമത്തില്‍ ജീവന്‍ നഷ്ടമായത് ഏറെയും ഏഷ്യക്കാര്‍ക്കായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ആന്‍സി അടക്കം ഇന്ത്യയില്‍ നിന്നുള്ള എട്ട് കുടിയേറ്റക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ കൂട്ടക്കൊലക്ക് ഒരാഴ്ച തികയുന്ന വെള്ളിയാഴ്ച രാഷ്ട്രത്തിന്റെ ഔദ്യോഗിക ടെലിവിഷനില്‍ വെള്ളിയാഴ്ച്ച നമസ്‌കാരം തല്‍സമയം പ്രക്ഷേപണം ചെയ്താണ് ന്യൂനപക്ഷത്തോട് ന്യൂസിലന്‍ഡ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. കൊലയാളിയുടെ പേര് ഒരിടത്തും പരാമര്‍ശിക്കാന്‍ കൂട്ടാക്കാത്ത ജസീന്ത, ഈ ആക്രമം തീവ്രവാദത്തില്‍ കുറഞ്ഞ ഒന്നുമല്ല എന്നാണ് പ്രസ്താവിച്ചത്.

160 ല്‍ അധികം ഭാഷകള്‍ സംസാരിക്കുന്നവരാണ് ന്യൂസിലന്‍ഡില്‍ വസിക്കുന്നവര്‍. 200 ല്‍ അധികം വംശീയതകള്‍ സമാധാനത്തോടെ സഹവര്‍ത്തിക്കുന്നു ഇവിടെ. അതുകൊണ്ട് തന്നെ നമ്മളില്‍ ഏറെ പേരും കിവീസ് എന്നു വിളിക്കുന്ന ന്യൂസിലന്‍ഡുകാര്‍ തങ്ങളുടെ സമാധാനം ഭഞ്ജിച്ചവരെ തള്ളി പറയുകയാണ്; രാജ്യം ഒന്നടങ്കം. രാജ്യത്തെ പ്രമുഖ നഗരങ്ങളായ ഓക്‌ലാന്റ്, വെല്ലിംഗ്ടണ്‍, ക്രൈസ്റ്റ് ചര്‍ച്ച് എന്നിവയെല്ലാം കേഴുകയാണ് ഇപ്പോഴും.

കുടിയേറ്റ വിരുദ്ധത, വെള്ളവംശീയത, ഇസ്ലാമിനോടുള്ള വെറുപ്പ് എന്നിവക്കൊന്നും ചെറുതും എന്നാല്‍ ഏറെ സുരക്ഷിതവുമായ ന്യൂസിലന്‍ഡിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് ഏകപക്ഷീയമായാണ് അവര്‍ പ്രഖ്യാപിച്ചത്. ട്രംപിന്റെ കടന്നു വരവിന് ശേഷം ആരംഭിച്ച സത്യാനന്തര ലോക ക്രമത്തില്‍ ഏറ്റവും സമാധാനമുള്ള രാഷ്ട്രങ്ങള്‍പോലും സുരക്ഷാഭീക്ഷണി നേരിടുന്നുവെന്നതാണ് ഈ വെടിവെപ്പിന്റെ ബാക്കിപത്രം. വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യ രാഷ്ട്രം ന്യൂസിലന്‍ഡാണ്; 1893 ല്‍. ആ രാഷ്ട്രത്തെ ഒരു വനിത നയിക്കുമ്പോള്‍ സംഭവിച്ച ദാരുണ ആക്രമണത്തിന്റെ മുറിവുണക്കാന്‍ ജസീന്ത ആര്‍ഡണ്‍ മുന്‍പോട്ട് വന്നപ്പോള്‍ കണ്ടത് ആര്‍ദ്രതയുടെ ഒരു ലോക നൊമ്പരമാണ്. സംശയമില്ല ജസീന്ത എന്ന 38 കാരിയുടെ കൈകളില്‍ കിവികള്‍ സുരക്ഷിതര്‍ തന്നെയാണ്. ഞങ്ങള്‍ മരിക്കും, ഞങ്ങള്‍ ജീവിക്കും (We will die, We will live) അവര്‍ ഏറ്റുപാടി.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Categories: FK Special, Slider
Tags: Newzealand