കെടിഎം ഓഹരി ബജാജ് ഓട്ടോ കൈമാറും

കെടിഎം ഓഹരി ബജാജ് ഓട്ടോ കൈമാറും

ബജാജ് ഓട്ടോ കയ്യാളുന്ന 48 ശതമാനം ഓഹരി കെടിഎമ്മിന്റെ മാതൃ കമ്പനിയായ കെടിഎം ഇന്‍ഡസ്ട്രീസിന് കൈമാറും

ന്യൂഡെല്‍ഹി : ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎമ്മിലെ 48 ശതമാനം ഓഹരി ബജാജ് ഓട്ടോ കൈമാറാന്‍ ആലോചിക്കുന്നു. കെടിഎമ്മിന്റെ മാതൃ കമ്പനിയായ കെടിഎം ഇന്‍ഡസ്ട്രീസിനാണ് ഓഹരി കൈമാറുന്നത്. കെടിഎമ്മില്‍ നിലവില്‍ 51.7 ശതമാനം ഓഹരിയാണ് കെടിഎം ഇന്‍ഡസ്ട്രീസ് കയ്യാളുന്നത്. 48 ശതമാനം ഓഹരിയുടെ യഥാര്‍ത്ഥ ഉടമ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സാണ്.

കെടിഎമ്മിലെ 48 ശതമാനം ഓഹരി കൈമാറുന്ന അതേസമയത്ത് കെടിഎം ഇന്‍ഡസ്ട്രീസിന്റെ തത്തുല്യമായ ഓഹരി ബജാജ് ഓട്ടോ സ്വന്തമാക്കും. അതോടെ കെടിഎമ്മിലെ കെടിഎം ഇന്‍ഡസ്ട്രീസിന്റെ ഓഹരി പങ്കാളിത്തം 51.7 ല്‍നിന്ന് 99.7 ശതമാനമായി വര്‍ധിക്കും. ബാക്കി വരുന്ന ചെറിയ ശതമാനം ഓഹരി സ്വിസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം നടത്തുകയാണ്.

കെടിഎം ഇന്‍ഡസ്ട്രീസില്‍ ബജാജിന് എത്രയെണ്ണം ഓഹരി ലഭിക്കുമെന്നത് ഉള്‍പ്പെടെ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കണക്കുകൂട്ടി വരികയാണ്. ഈ വര്‍ഷം ജൂണ്‍ തീരുന്നതിനുമുമ്പ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് കെടിഎം. കെടിഎം, ഹസ്‌ക്‌വാര്‍ണ ബ്രാന്‍ഡുകളിലാണ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നത്. സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളുകളിലും ഇലക്ട്രിക് മൊബിലിറ്റിയിലുമാണ് ഊന്നല്‍ നല്‍കുന്നത്. കെടിഎം ഇന്‍ഡസ്ട്രീസിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമാണ് കെടിഎം.

Comments

comments

Categories: Auto
Tags: Bajaj, KTM