വിനോദത്തില്‍നിന്നും ഇ-കൊമേഴ്‌സിലേക്ക് ഇന്‍സ്റ്റാഗ്രാമിന്റെ ചുവടുവയ്പ്പ്

വിനോദത്തില്‍നിന്നും ഇ-കൊമേഴ്‌സിലേക്ക് ഇന്‍സ്റ്റാഗ്രാമിന്റെ ചുവടുവയ്പ്പ്

പ്രമുഖ ഫോട്ടോ ഷെയറിംഗ് ആപ്പ് ആയ ഇന്‍സ്റ്റാഗ്രാം കഴിഞ്ഞയാഴ്ച ഇ-കൊമേഴ്‌സിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന നവമാധ്യമമാണ് ഇന്‍സ്റ്റാഗ്രാം. ഇത് ഇ-കൊമേഴ്‌സില്‍ ഇന്‍സ്റ്റാഗ്രാമിന് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഒരു പുതിയ ഉത്പന്നത്തെ അപ്പോള്‍ തന്നെ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ഇന്‍സ്റ്റാഗ്രാം ഒരുക്കുന്നത്.

 

ആധുനിക കാറ്റലോഗാണ് ഇന്‍സ്റ്റാഗ്രാം. നമ്മളുടെ പ്രിയ ബ്രാന്‍ഡുകളെ മനോഹരങ്ങളായ ചിത്രങ്ങള്‍ ഉപയോഗിച്ചും വീഡിയോ ക്ലിപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിക്കുന്നു. പുതിയ ബ്രാന്‍ഡുകളെ കുറിച്ചും അവയെ കുറിച്ചുള്ള പ്രസക്തമായ കാര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്ന് ഇന്‍സ്റ്റാഗ്രാമിലാണ് ലഭ്യമാകുന്നത്. പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങളിലോ, ടിവിയിലോ ലഭ്യമാകാത്ത ഒരു സേവനം കൂടിയാണ് ഇന്ന് ഇന്‍സ്റ്റാഗ്രാം പോലുള്ള നവമാധ്യമങ്ങള്‍ ഉപഭോക്താവിന് ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ ഒരു ഉത്പന്നത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുകയും അത് പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുകയും ചെയ്തിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. അതേ, ഒരു സമ്പൂര്‍ണ വാണിജ്യവ്യാപാര കേന്ദ്രമാകാനുള്ള പുതിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണു ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം. ചെക്ക് ഔട്ട് (Checkout) എന്ന ഷോപ്പിംഗ് ഫീച്ചര്‍ കഴിഞ്ഞ തിങ്കളാഴ്ച (മാര്‍ച്ച് 18) അവതരിപ്പിച്ചു കൊണ്ടാണ് ഇന്‍സ്റ്റാഗ്രാം ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്. നൈക്ക്, എച്ച്&എം, കൈലി കോസ്‌മെറ്റിക്‌സ്, അഡിഡാസ്, ഡിയോര്‍, പ്രാഡ, വാര്‍ബി പാര്‍ക്കര്‍, സാറ, മൈക്കള്‍ കോര്‍സ്, ഓസ്‌കര്‍ ഡെ ലാ റെന്റ, ഹ്യുഡ ബ്യൂട്ടി, തുടങ്ങിയ 20-ാളം ബ്രാന്‍ഡുകളുമായി ഇന്‍സ്റ്റാഗ്രാം സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് ഉള്ളവരാണ്. ഹ്യുഡ ബ്യൂട്ടി എന്ന ബ്രാന്‍ഡിനു 34 ദശലക്ഷം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. നൈക്കിന് ഇന്‍സ്റ്റാഗ്രാമില്‍ 85 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. കൈലി കോസ്‌മെറ്റിക്‌സിന് 20 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്.

വസ്ത്രങ്ങള്‍, ആക്‌സസറീസുകള്‍, മേക്കപ്പ് അപ്പ് സാധനങ്ങള്‍ എന്നിവ ഇന്‍സ്റ്റാഗ്രാമിലിരുന്ന് പര്‍ച്ചേസ് ചെയ്യാന്‍ യൂസര്‍ക്കു സൗകര്യമൊരുക്കുന്നതാണു ചെക്ക് ഔട്ട് എന്ന ഫീച്ചര്‍. ഇന്‍സ്റ്റാഗ്രാമില്‍ നേരത്തേ ഷോപ്പിംഗ് ഫീച്ചറുണ്ടായിരുന്നു. ഇഷ്ടപ്പെട്ട ബ്രാന്‍ഡിന്റെ വെബ്‌പേജിലേക്ക് ഉപഭോക്താവിനെ ആകര്‍ഷിച്ചതിനു ശേഷം ഉത്പന്നം പര്‍ച്ചേസ് ചെയ്യുകയെന്ന രീതിയായിരുന്നു നേരത്തേ ഇന്‍സ്റ്റാഗ്രാമിലുണ്ടായിരുന്നത്. പേയ്‌മെന്റ, ഷിപ്പിംഗ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുന്നതടക്കം ഈ രീതിയില്‍ ഒരുപാട് നടപടിക്രമങ്ങള്‍ ഉപഭോക്താവിനു പാലിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെക്ക് ഔട്ട് എന്ന ഫീച്ചറിലൂടെ ഉപഭോക്താവിനു കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുകയാണ് ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാമില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിരവധി സാധനങ്ങളിള്‍ ഉപഭോക്താവിന് ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം. വസ്ത്രമാണു തെരഞ്ഞെടുത്തിരിക്കുന്നതെങ്കില്‍ അതിന്റെ സൈസും, നിറവും സെലക്റ്റ് ചെയ്തതിനു ശേഷം നേരേ പേയ്‌മെന്റ് നടത്താന്‍ സൗകര്യമുണ്ടാവും. ക്രെഡിറ്റ് കാര്‍ഡ്, വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, ഡിസ്‌കവര്‍, പേപ്പല്‍ തുടങ്ങിയ പേയ്‌മെന്റ് സൗകര്യങ്ങളില്‍ ഏതെങ്കിലുമൊരെണ്ണം സെലക്റ്റ് ചെയ്യുവാനും സാധിക്കും. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഈ ഫീച്ചര്‍ യുഎസില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം യൂസറായ ഉപഭോക്താവിനു പേയ്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ശേഖരിച്ചു വയ്ക്കുന്നതിലൂടെ പര്‍ച്ചേസ് കൂടുതല്‍ സുഗമവും വേഗത്തിലുമാക്കുവാന്‍ സാധിക്കുമെന്നതാണു ചെക്ക് ഔട്ട് ഫീച്ചറിന്റെ ഒരു പ്രത്യേകത. ഇന്‍സ്റ്റാഗ്രാമില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചില്ലറ വ്യാപാരിയില്‍നിന്നും സെല്ലിംഗ് ഫീ (selling fee) ഇനത്തില്‍ ചെറിയ ഫീസ് ഇന്‍സ്റ്റാഗ്രാം ഈടാക്കുകയും ചെയ്യും. ചെക്ക് ഔട്ട് എന്ന ഷോപ്പിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ ഒരു വലിയ ബിസിനസ് അവസരം കൈവരുമെന്ന് ഇന്‍സ്റ്റാഗ്രാം വിശ്വസിക്കുന്നുണ്ട്. ആധുനിക ഉപഭോക്താവ് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത മാധ്യമങ്ങളെ ഒഴിവാക്കുകയും ചെയ്യുകയാണ്. പകരം, സോഷ്യല്‍ മീഡിയയിലേക്കു തിരിഞ്ഞിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അടിസ്ഥാനമാക്കിയ ഇ-കൊമേഴ്‌സിനു വലിയ സാധ്യതയാണുള്ളത്. ഇതു മനസിലാക്കിയാണ് ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ ചെക്ക് ഔട്ട് എന്ന ഫീച്ചറുമായെത്തിയിരിക്കുന്നത്. ചെക്ക് ഔട്ടില്‍ ഒരു ഉത്പന്നം കണ്ടെത്താനും, അത് പര്‍ച്ചേസ് ചെയ്യാനും സാധിക്കുന്ന സംവിധാനം ഒരുക്കുന്നതിലൂടെ ബ്രാന്‍ഡുകള്‍ക്കും, ഉപഭോക്താവിനും ഒരേസമയം ഇന്‍സ്റ്റാഗ്രാം പവര്‍ഫുള്‍ പ്ലാറ്റ്‌ഫോമായി മാറുകയാണ്. ഫാഷന്‍, ഫുഡ്, ട്രാവല്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളിള്‍ ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ വളരെ ജനകീയമാണ്. നിരവധി ഫാഷന്‍ ബ്രാന്‍ഡുകളും കമ്പനികളും ഇന്‍സ്റ്റാഗ്രാമിനെ ഉപയോഗിച്ച് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ബ്രാന്‍ഡുകളെ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ഇ-കൊമേഴ്‌സ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇന്‍സ്റ്റാഗ്രാമിനുള്ളത്.

എന്റര്‍ടെയ്‌മെന്റ് ശൃംഖലയില്‍നിന്നും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക്

വിനോദത്തിനുള്ള ഒരു ശൃംഖലയായിട്ടാണ് ഇന്‍സ്റ്റാഗ്രാം 2010-ല്‍ പിറവിയെടുത്തത്. ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നതിനുള്ള നവമാധ്യമമായിരുന്നു ഇന്‍സ്റ്റാഗ്രാം. 2012-ല്‍ ഇന്‍സ്റ്റാഗ്രാമിനെ ഫേസ്ബുക്ക് സ്വന്തമാക്കി. ഇന്നു യുവാക്കളുടെയിടയില്‍ ഇന്‍സ്റ്റാഗ്രാമിനു വലിയ പ്രാധാന്യമാണുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഇന്‍സ്റ്റാഗ്രാം വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഐജിടിവി എന്നൊരു ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാമം അവതരിപ്പിച്ചു. പിന്നീട് എതിരാളിയായ സ്‌നാപ്ചാറ്റിന്റെ ഏതാനും ഫീച്ചറുകളും ഇന്‍സ്റ്റാഗ്രാം പകര്‍ത്തി. ഇപ്പോള്‍ ഇതാ ഇ-കൊമേഴ്‌സും അവതരിപ്പിച്ചിരിക്കുകയാണ്. ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടുന്ന നവമാധ്യമങ്ങളുടെ പ്രധാന വരുമാനം പരസ്യത്തില്‍നിന്നാണ്. എന്നാല്‍ വരുമാനത്തിന്റെ ഭാവി പരസ്യമല്ലെന്ന് ഇന്‍സ്റ്റാഗ്രാമിനു ബോദ്ധ്യപ്പെട്ടു. പരസ്യത്തെ കൂടുതല്‍ ആശ്രയിക്കാതെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമെന്നു സമീപകാലത്ത് ഇന്‍സ്റ്റാഗ്രാമിന്റെ ഉടമയായ ഫേസ്ബുക്കിന്റെ സിഇഒ സുക്കര്‍ബെര്‍ഗ് പറയുകയുണ്ടായി

Categories: Top Stories