മലേഷ്യയില്‍ ഇന്ത്യ-പാക്-ചൈന യുദ്ധവിമാനപ്പോര്

മലേഷ്യയില്‍ ഇന്ത്യ-പാക്-ചൈന യുദ്ധവിമാനപ്പോര്
  • തേജസ് വിമാനങ്ങള്‍ മലേഷ്യക്ക് വില്‍ക്കാന്‍ ഇന്ത്യ
  • പ്രതിയോഗിയായി പാക്-ചൈനീസ് നിര്‍മിത ജെഎഫ്-17
  • കൊറിയയുടെ എഫ്എ-50 സ്വര്‍ണക്കഴുകനും രംഗത്ത്

മലേഷ്യന്‍ വ്യോമസേനക്ക് തേജസ് ഇഷ്ടമാവുകയും എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ താല്‍പര്യക്കുറവ് മൂലം പിന്‍മാറുകയും ചെയ്്താല്‍ അത് പരിഹാസമാകും. ഇന്ത്യന്‍ വ്യോമസേന തേജസിന് മതിയായ പ്രാധാന്യം നല്‍കിയാല്‍ അന്താരാഷ്ട്ര തലത്തില്‍ വമ്പന്‍ ഇടപാടുകള്‍ ഇതിന് ലഭിക്കും. ഇപ്പോള്‍ത്തന്നെ കാര്യമായ താല്‍പ്പര്യം തേജസിനെ ചൊല്ലി നിലനില്‍ക്കുന്നുണ്ട്

-ഭാരത് കര്‍നാട്
പ്രതിരോധ വിദഗ്ധന്‍

ന്യൂഡെല്‍ഹി/ക്വലാലംപൂര്‍: ബാലാകോട്ടിലും പൂഞ്ചിലും നടന്ന വ്യോമ പോരാട്ടങ്ങളുടെ അലയൊലി അവസാവനിക്കും മുന്‍പേ മലേഷ്യയില്‍ മറ്റൊരു ഇന്ത്യ-പാക്-ചൈന യുദ്ധം. ഇത്തവണ പരസ്പരം ആയുധങ്ങള്‍ വര്‍ഷിച്ചുള്ള പോരാട്ടമല്ലെന്ന് മാത്രം. ലഘു യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന മലേഷ്യയില്‍ നിന്ന് 300 ദശലക്ഷം ഡോളറിന്റെ കരാര്‍ സ്വന്തമാക്കാനാണ് ഇന്ത്യയുടെ തേജസും പാക്കിസ്ഥാനും ചൈനയും സംയുക്തമായി നിര്‍മിച്ച ജെഎഫ്-17 തണ്ടറും മത്സരിക്കുക. ഇരു വിമാനങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തി ദക്ഷിണ കൊറിയയുടെ എഫ്എ-50 ഗോള്‍ഡന്‍ ഈഗിള്‍ യുദ്ധവിമാനവും രംഗത്തുണ്ട്. ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയും പാകിസ്ഥാന്‍-ചൈന സഖ്യവും യുദ്ധ വിമാന കരാറിനായി മത്സരിക്കുന്നത്.

കരാര്‍ നേടുന്നതില്‍ അതീവ തത്പരരായ ഇന്ത്യ, മലേഷ്യയില്‍ ഇന്നാരംഭിക്കുന്ന ലാംഗ്കാവി അന്താരാഷ്ട്ര മാരിടൈം എയ്‌റോസ്‌പേസ് എക്‌സ്‌പോയില്‍ (ലിമ-2019)പദര്‍ശിപ്പിക്കാന്‍ രണ്ട് തേജസ് വിമാനങ്ങളാണ് എത്തിച്ചിരിക്കുന്നത്. ആകാശത്ത് അതിവേഗം ദിശമാറ്റാനും കരണം മറിയാനുമുള്ള ശേഷി, നിയന്ത്രണം, സാങ്കേതിക തികവ്, സുരക്ഷ തുടങ്ങിയ ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അന്‍പത് അംഗ സംഘവും വിമാനങ്ങള്‍ക്കൊപ്പമുണ്ട്. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരടക്കം ആകെ 350 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്ന് പ്രതിരോധ പ്രദര്‍ശനത്തില്‍ പങ്കെടുക്കുക. മലേഷ്യന്‍ വ്യോമസേന ഏറെ ശ്രദ്ധയോടെ തേജസിന്റെ പ്രവര്‍ത്തന ശേഷി വിലയിരുത്തുമെന്നാണ് സൂചന.

തേജസിന് കാര്യമായ മുന്‍തൂക്കം ഇടപാടില്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ക്വലാലംപൂരിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ ഡിഫന്‍സ് അറ്റാഷെയായ അനിരുദ്ധ് ചൗഹാന്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പാക്-ചൈനീസ് വിമാനം ലിമ-2019 പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ പാക് ദേശീയ ദിനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇസ്ലാമാബാദിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മൊഹമ്മദിന്റെ മുന്നില്‍ ജെഎഫ്-17 ഉപയോഗിച്ച് പാക് വ്യോമസേന അഭ്യാസ പ്രകടനങ്ങള്‍ നടത്തി കരാര്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. മറുവശത്ത് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലൂടെ മലേഷ്യയില്‍ വന്‍ നിക്ഷേപം നടത്തിയ ചൈനയും ഈ വിമാനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 2021-22 നകം 12 ലഘു യുദ്ധ വിമാനങ്ങള്‍ കരസ്ഥമാക്കാനും ശേഷം 24 വിമാനങ്ങള്‍ക്ക് കൂടി കരാര്‍ നല്‍കാനുമാണ് മലേഷ്യയുടെ നീക്കം.

നേട്ടവും കോട്ടവും

തേജസില്‍ ഉപയോഗിച്ചിരിക്കുന്ന ജനറല്‍ ഇലക്ട്രിക്കിന്റെ എഫ്-404 എഞ്ചിന്‍ ഉയര്‍ന്ന വിശ്വാസ്യതയുള്ളത്. മലേഷ്യന്‍ വ്യോമസേനയുടെ എഫ്എ-18 വിമാനത്തിലും തേജസുമായി മത്സരിക്കുന്ന കൊറിയയുടെ എഫ്എ-50 വിമാനത്തിലും ഉപയോഗിച്ചിരിക്കുന്നത് ഇതേ എഞ്ചിന്‍. ഇസ്രയേലി വ്യോമ ഘടകങ്ങളും തേജസിന്റെ കരുത്ത്. ഡിസൈനിലും ഉപയോഗിച്ചിരിക്കുന്ന നിര്‍മാണ ഘടകങ്ങളിലും തേജസ് മുന്നില്‍ നില്‍ക്കുന്നു. ചിറകുകളും ഫ്യൂസ്‌ലേജും അത്യാധുനികവും ഭാരരഹിതവുമായ ഘടകങ്ങളാലാണ് തയാറാക്കിയിരിക്കുന്നത്. കൂടുതല്‍ ആയുധങ്ങളും ഇന്ധനവും വഹിക്കാനുള്ള ശേഷിയും കൃത്യതയാര്‍ന്ന കംപ്യൂട്ടര്‍ നിയന്ത്രിത ചലനങ്ങളും തേജസിനെ മാരക പ്രഹരശേഷിയുള്ള ലഘു യുദ്ധവിമാനമാക്കുന്നു.

അതേസമയം ജെഎഫ്-17 ല്‍ ഉപയോഗിച്ചിരിക്കുന്ന റഷ്യന്‍ നിര്‍മിത കിളിമോവ് ആര്‍ഡി-33 എഞ്ചിന്‍ ഉയര്‍ന്ന അറ്റകുറ്റപ്പണിച്ചെലവും പറക്കുമ്പോള്‍ കട്ടിയുള്ള പുക പുറപ്പെടുവിക്കുന്നതുമാണ്. ജെഎഫ്-17 ഉം എഫ്എ-50 യും ഭാരം കൂടിയ ലോഹഘടകങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുതെന്നത് പരിമിതിയാണ്.

Categories: FK News, Slider