ഏപ്രിലോടെ ഒരു കോടി തൊഴിലാളികള്‍ അംഗമാകും

ഏപ്രിലോടെ ഒരു കോടി തൊഴിലാളികള്‍ അംഗമാകും

അഞ്ച് വര്‍ഷംകൊണ്ട് അസംഘടിത മേഖലയിലെ പത്ത് കോടി തൊഴിലാളികളെ സ്‌കീമില്‍ ചേര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: ഏപ്രില്‍ അവസാനത്തോടെ പ്രധാന്‍ മന്ത്രി ശ്രം-യോഗി മാന്‍ധന്‍ (പിഎംഎസ്‌വൈഎം) യോജന സ്‌കീല്‍ ഒരു കോടിയിലധികം ആളുകള്‍ എന്‍ റോള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ വേണ്ടിയുള്ള ഒരു പെന്‍ഷന്‍ സ്‌കീം ആണ് പിഎംഎസ്‌വൈഎം.

15,000 രൂപയില്‍ താഴെ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3,000 രൂപ വരെ പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജന. 60 വയസ് മുതലാണ് തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ മാസമാണ് പദ്ധതി അവതരിപ്പിച്ചത്. 42 കോടിയോളം തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിക്കുകീഴില്‍ ഗണഭോക്താവ് അടയ്ക്കുന്ന വിഹിതത്തിന് തുല്യമായ തുക സര്‍ക്കാരും നല്‍കും.

ചരിത്രപരമായ നീക്കമെന്നാണ് പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം 25.36 ലക്ഷം ആളുകളാണ് പദ്ധതിക്കുകീഴില്‍ എന്റോള്‍ ചെയ്തിട്ടുള്ളത്. പ്രതിദിനം ഏകദേശം ഒരു ലക്ഷത്തോളം ഗുണഭോക്താക്കള്‍ പദ്ധതിയില്‍ ചേരുന്നുണ്ടെന്നും ഏപ്രില്‍ അവസാനത്തോടെ കരു കോടി തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിഎസ്‌സി ഇ-ഗവേണന്‍സ് സര്‍വീസ് ഇന്ത്യ ലിമിറ്റഡ് (സിഎസ്‌സി-എസ്പിവി) സിഇഒ ദിനേഷ് ത്യാഗി പറഞ്ഞു.

രാജ്യത്തുടനീളമുള്ള പൊതു സേവന കേന്ദ്രങ്ങള്‍ വഴിയാണ് തൊഴിലാളികള്‍ പെന്‍ഷന്‍ സ്‌കീമില്‍ പേര് ചേര്‍ക്കേണ്ടത്. ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സിഎസ്‌സി -എസ്പിവിക്ക് കീഴിലാണ്. 3.19 കോടി പൊതു സേവന കേന്ദ്രങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 2.99 കോടി പൊതു സേവന കേന്ദ്രങ്ങള്‍ വഴിയാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പേര് ചേര്‍ക്കാനാകുക. കഴിഞ്ഞ മാസം 15 മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ സ്‌കീമിനെ കുറിച്ചുള്ള അവബോധം വര്‍ധിക്കുന്നതിനനുസരിച്ച് പ്രതിദിനം പദ്ധതിയില്‍ അംഗമാകുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും ദിനേഷ് ത്യാഗി പറഞ്ഞു. ഈ വര്‍ഷം ഡിസംബറോടെ അഞ്ച് കോടി തൊഴിലാളികള്‍ പദ്ധതിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് പത്ത് കോടി തൊഴിലാളികളെ പദ്ധതിയില്‍ ചേര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, സഹായികള്‍ തുടങ്ങിയവരെ സ്‌കീമില്‍ ചേര്‍ക്കുന്നതിന് തൊഴില്‍ദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സിഎസ്‌സി എസ്പിവി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാണ് സ്‌കീമില്‍ ചേരാനാകുക. 55 രൂപ മുതല്‍ 200 രൂപ വരെയാണ് ഗുണഭോക്താക്കള്‍ പ്രതിമാസം പ്രീമിയമായി അടക്കേണ്ടത്. കേന്ദ്ര സര്‍ക്കാരും ഇതിനു തുല്യമായ വിഹിതം അടയ്ക്കും. പത്ത് കോടി ആളുകളെ പദ്ധതിയില്‍ ചേര്‍ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ആളുകള്‍ക്കിടയില്‍ പദ്ധതിയെ കുറിച്ചുള്ള ധാരണ വര്‍ധിക്കുന്നതിനനുസരിച്ച് അംഗമാകുന്നവരുടെ എണ്ണവും വര്‍ധിക്കുമെന്ന് ത്യാഗി വിശദീകരിച്ചു. അതേസമയം, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവരങ്ങള്‍ ലഭിക്കാത്തത് വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News

Related Articles