പക്ഷിശാസ്ത്രക്കാരന്റെ പനിപ്പേടി

പക്ഷിശാസ്ത്രക്കാരന്റെ പനിപ്പേടി

നിപ്പയ്ക്ക് മുന്‍പ് പന്നിപ്പനിയും പക്ഷിപ്പനിയും ഡെങ്കുവും ഒക്കെയായി നിരവധി വെറൈറ്റി പനികള്‍ അഭിമുഖീകരിച്ച് കഴിഞ്ഞ കേരളീയരെ തേടി ഉഗാണ്ടയിലെ വെസ്റ്റ് നൈല്‍ പനിയാണ് ഏറ്റവും പുതുതായി എത്തിയിരിക്കുന്നത്. മലയാളികള്‍ക്ക് ഈ പുതിയ പനികളൊക്കെ അനുഭവിച്ച് ഇപ്പോള്‍ തഴക്കവും പഴക്കവുമായിട്ടുണ്ട്. നമ്മള്‍ വ്യാവസായികമായി കൊതുകുവളര്‍ത്തല്‍ കൃഷി നടത്തുന്നതാണ് ഇതിന് പലതിനും കാരണം. രാവിലെ വൃത്തിയായി കുളിച്ച് കുട്ടപ്പനായി സുഗന്ധദ്രവ്യങ്ങള്‍ എല്ലാം പൂശി കാറെടുത്ത് പുറത്തിറങ്ങി പോകുന്ന വഴിയില്‍ നോക്കുന്നത് കയ്യില്‍ കരുതിയ വീട്ട് മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമാണ്. വ്യക്തി ശുചിത്വം കര്‍ശനമായും നിഷ്‌കര്‍ഷിക്കുന്ന നമ്മള്‍ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് പെരുമാറുന്നത്

‘അടിവേരുതൊട്ടു മുടി-
യില വരെ, നന്ദികെട്ടോ-
രടിയങ്ങള്‍ക്കവിടുന്നു
തന്നുപോറ്റുമ്പോള്‍
പകരം നല്‍കുവതെന്തേ?
മഴുവും തീയുമല്ലാതെ!’

– ‘മരത്തിന് സ്തുതി’, സുഗതകുമാരി

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഗ്രീസിലെ പൗരാണിക ഭിഷഗ്വരനായിരുന്ന ഹിപ്പോക്രാറ്റസ് ആണ്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘എനിക്കൊരു പനി തന്നാല്‍ ഏത് അസുഖവും ഞാന്‍ സുഖപ്പെടുത്താം’. പനിയെ ശരീരത്തിന്റെ ഒരു സ്വയം പ്രതിരോധമാര്‍ഗ്ഗമായി അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണ് ഹിപ്പോക്രാറ്റസിന് അങ്ങനെ പറയാന്‍ തോന്നിയത്. അഥവാ പനി ഒരു രോഗമല്ല, രോഗലക്ഷണമാണെന്ന് അദ്ദേഹത്തിന് അടയാളപ്പെടുത്താന്‍ സാധിച്ചു എന്നത് വൈദ്യശാസ്ത്ര ഗവേഷണത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കണം. ബാക്ടീരിയയോ വൈറസോ ഉല്‍പ്പാദിപ്പിക്കുന്ന പൈറോജന്‍ രക്തത്തില്‍ എത്തിയാല്‍ ശരീരം പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഇ-2 എന്ന രാസവസ്തു ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ഒരു സന്ദേശ വാഹകന്‍ ആണ്. സന്ദേശ വാഹകന്‍ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്ത് എത്തി, ശരീരമാവുന്ന രാജ്യത്ത് പൈറോജന്‍ എന്ന നുഴഞ്ഞുകയറ്റക്കാരന്‍ എത്തിയ വിവരം തലച്ചോറിനെ അറിയിക്കുന്നു. ഉടനെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് മറ്റൊരു സന്ദേശം പായുന്നു. ഹൃദയത്തിന്റെ മിടിപ്പിന്റെ വേഗം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശമാണത്. ഹൃദയമിടിപ്പിന്റെ വേഗം വര്‍ധിക്കുമ്പോള്‍ രക്തപ്രവാഹത്തിന്റെ വേഗതയും കൂടുകയും ആ ഘര്‍ഷണം ശരീര താപനില ഉയര്‍ത്തുകയും ചെയ്യുന്നു. ഇതാണ് പനി. ശരീരത്തിന്റെ സ്വാഭാവിക താപനിലയില്‍ മാത്രം വര്‍ത്തിക്കുവാനാകുന്ന പൈറോജനുകള്‍ വര്‍ധിച്ച ചൂടില്‍ പ്രവര്‍ത്തിക്കുവാന്‍ ആവാതെ അസ്തിത്വം വെടിയുന്നു. പനിയ്ക്കുള്ള മരുന്നായി നമ്മള്‍ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേയ്ക്കുള്ള സന്ദേശം കാള്‍ഡ്രോപ് ആവുന്നു. തന്മൂലം ഹൃദയമിടിപ്പ് സാധാരണനിലയില്‍ ആവുകയും പനി വിടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ചികില്‍സിച്ചത് രോഗലക്ഷണത്തെയാണ്. പനി അതില്‍ നില്‍ക്കാത്തപ്പോള്‍ ആന്റിബയോട്ടിക് പോലുള്ള മരുന്നുകള്‍ രംഗത്തെത്തുന്നു. അവ പൈറോജനെ തുരത്തി ശരീരാരോഗ്യം വീണ്ടെടുക്കുന്നു.

മനുഷ്യനെ രോഗാവസ്ഥയിലേക്ക് തള്ളിവിടുന്ന അണുക്കള്‍ (പാത്തോജനുകള്‍) എണ്ണത്തില്‍ ഏകദേശം ആയിരത്തി നാനൂറിലധികം വരും. ഇവയെല്ലാം പണ്ടുമുതലേ ഉള്ളവയാണ്. മനുഷ്യന്‍ അവയെ എണ്ണിത്തിട്ടപ്പെടുത്താനും ഇനം തിരിക്കാനും തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും മുഴുവനും എണ്ണിയെത്തിയോ എന്ന് ഇനിയും ഉറപ്പില്ല. കണ്ടിടത്തോളം കണ്ടെത്തി എന്ന് മാത്രം. ഇവയില്‍ എണ്ണൂറ്റിപ്പതിനാറ് അണുക്കള്‍ പക്ഷിമൃഗാദികളില്‍ നിന്ന് മനുഷ്യനിലേക്ക് (zoonotic) പടര്‍ന്നെത്തുന്നവയാണ്. പേവിഷബാധ മുതല്‍ പക്ഷിപ്പനി, പന്നിപ്പനി തുടങ്ങി നടപ്പ് കാലത്ത് വരുന്ന പനിലക്ഷണമുള്ള അസുഖങ്ങള്‍ എല്ലാം ഈ എണ്ണൂറ്റിപ്പതിനാറില്‍ ഏതെങ്കിലും ഒരണുവിന്റെ സൃഷ്ടിയാണ്.

ഉഗാണ്ട എന്ന രാജ്യം ലോക(കു)പ്രസിദ്ധമായത് അവിടത്തെ കിരാത ഭരണാധികാരി ആയിരുന്ന മനുഷ്യമാംസഭോജി ഇദി അമീന്റെ കാലത്താണ്. കോംഗോയോടും സുഡാനോടും അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന വടക്ക്-പടിഞ്ഞാറന്‍ ഉഗാണ്ടന്‍ പ്രദേശമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. പ്രദേശത്തിന്റെ കിഴക്ക് ഭാഗത്ത് കൂടി നൈല്‍ നദി ശാന്തമായും ചിലപ്പോള്‍ രൗദ്രമായും ഒഴുകുന്നു. നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ആ ഭൂപ്രദേശത്തെ പൊതുവെ വെസ്റ്റ് നൈല്‍ എന്ന് പറയുന്നു. ഇദി അമീന്റെ ജനനം മൂലം മാത്രമല്ല വെസ്റ്റ് നൈല്‍ അറിയപ്പെട്ടത്. 1937 ല്‍ അവിടത്തെ ഗ്രാമീണ ആശുപത്രിയിലെ അര്‍ദ്ധ വിചക്ഷണനായ ഭിഷഗ്വരന്റെ മുന്‍പില്‍ പനി ലക്ഷണത്തോടെ വന്ന ഒരു രോഗിയുടെ ദീനം പിടികൊടുക്കാതെ ഒളിച്ചുകളിച്ചു. ഒടുവില്‍ രോഗിയുടെ സ്രവങ്ങള്‍ എലിയില്‍ കുത്തിവച്ച് നടത്തിയ പരീക്ഷണങ്ങളില്‍ ദ്വന്ദഭാവമുള്ള ഒരു വൈറസ് സാന്നിദ്ധ്യം അറിയിച്ചു. തലച്ചോറില്‍ വീക്കത്തിന് കാരണമാക്കുന്ന സെയിന്റ് ലൂയിസ്, ജാപ്പനീസ്-ബി എന്നീ രണ്ട് ഫഌവി വൈറസുകളുടെ ഭൗതികവും രോഗാണുശാസ്ത്രപരവുമായ ഗുണവിശേഷങ്ങള്‍ (physical and pathological properties) ഉള്ള, പരസ്പരം പ്രതിരോധ ബന്ധങ്ങള്‍ ഉള്ള ഒരു വൈറസ്. അവരതിന് വെസ്റ്റ് നൈല്‍ വൈറസ് എന്ന് പേരിട്ടു.

കൊതുകുകള്‍ ആണ് വെസ്റ്റ് നൈല്‍ വൈറസിന്റെ വാഹനം. ഒളിച്ചിരിക്കാനുള്ള സുരക്ഷിത സങ്കേതം പക്ഷികളും ചിലപ്പോള്‍ മൃഗങ്ങളും. പക്ഷികള്‍ക്ക്, പ്രത്യേകിച്ച് കാക്കകള്‍ക്ക്, പക്ഷേ ഇവയില്‍ നിന്ന് ഉപദ്രവമൊന്നും വരില്ല. കാരണം ഈ വൈറസുകളെ പ്രതിരോധിക്കാനുള്ള സ്വയാര്‍ജ്ജിത ശക്തി അവയുടെ ശരീരത്തിനുണ്ട്. മൃഗങ്ങള്‍ക്ക് ആ കഴിവില്ല. പ്രത്യേകിച്ച് കുതിര വര്‍ഗ്ഗത്തിലുള്ള മൃഗങ്ങള്‍ക്ക്. അവ വൈറസ് ബാധ മൂലം പലപ്പോഴും ചത്തുവീഴുന്നു. 1937 ല്‍ കണ്ടെത്തിയെങ്കിലും 1999 ല്‍ ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇവനെ കൊതുകില്‍ നിന്ന് ഒറ്റതിരിച്ച് കസ്റ്റഡിയില്‍ എടുക്കാനായത്. പക്ഷികളിലും മൃഗങ്ങളിലും ഒളിച്ചിരിക്കുന്ന വൈറസ്, അവയെ കടിക്കുന്ന കൊതുകുകളിലേക്ക് കയറുന്നു. അവയുമായി കൊതുക് മറ്റ് പക്ഷികളിലും മൃഗങ്ങളിലും എത്തുന്നു. വൈറസ് അവിടെ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങി കൂട് കൂട്ടുന്നു. അവിടെ പെറ്റ് പെരുകുന്നു. അടുത്ത തവണ കൊതുക് വരുമ്പോള്‍ വീണ്ടും ഹെലികോപ്റ്റര്‍ യാത്രയ്ക്ക് കുറെയെണ്ണം ബോര്‍ഡിങ് പാസ് എടുത്ത് നില്‍ക്കുന്നുണ്ടാവും. ആ കൊതുക് മനുഷ്യശരീരത്തില്‍ ഇറങ്ങുമ്പോള്‍ മാത്രമാണ് പ്രശ്‌നം. അവിടെ സുരക്ഷിതത്വമില്ല. മൃഗങ്ങളില്‍, അമാനവ-സസ്തനികളില്‍ മാത്രമേ വെസ്റ്റ് നൈല്‍ വൈറസിന് താവളമുള്ളൂ. അതിനാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് അവയ്ക്ക് ടൂറടിക്കാനാവില്ല. എന്നാല്‍ രക്തദാനത്തിലൂടെയോ മുലപ്പാലിലൂടെയോ പടരാനാവും.

ആ വൈറസ് കഴിഞ്ഞ ദിവസം നമ്മുടെ കേരളത്തിലെ മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടു. അഥവാ അവനിവിടെ എത്തിപ്പെട്ടതായി അറിഞ്ഞു. കാരണം വൈറസ് എത്തിപ്പെട്ട ആളുകളില്‍ എണ്‍പത് ശതമാനത്തിനും യാതൊരു രോഗലക്ഷണവും തോന്നിക്കില്ല. ഇരുപത് ശതമാനത്തിനാണ് പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയവ അനുഭവപ്പെടുക. അതായത്, നമ്മില്‍ എത്രപേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതുപോലെ കേരളത്തിലെ ഒരു മലപ്പുറത്ത് മാത്രമാണോ എന്നും തീര്‍ച്ചയില്ല. നമുക്കറിയാവുന്നത് ഇവിടെ ഒരു കുട്ടി വെസ്റ്റ് നൈല്‍ വൈറസ് ബാധ മൂലം മരിച്ചു എന്നത് മാത്രമാണ്. ആരോഗ്യപരിപാലന രംഗത്ത് രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ ആയതും അടുത്ത കാലത്ത് പടര്‍ന്ന് പിടിച്ച നിപ്പ വൈറസ് മൂലം ഊര്‍ജസംഭരണം ചെയ്ത നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ സദാ കണ്ണും കാതും തുറന്നിരിക്കുന്നത് കൊണ്ടും കേരളം ചാരനെ തിരിച്ചറിഞ്ഞു എന്ന് മാത്രം കരുതിയാല്‍ മതി. മറ്റ് സംസ്ഥാനങ്ങളില്‍ ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാതെ പോലും പോയേക്കാം.

വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചാല്‍ അത്ര മരണഭയമൊന്നും വേണ്ട. ഏകദേശം മൂന്ന് ശതമാനം ആള്‍ക്കാര്‍ മാത്രമേ മരണത്തെ അഭിമുഖീകരിക്കാറുള്ളൂ. പക്ഷേ പ്രശ്‌നം അതല്ല. വൈറസിനെതിരെ കുതിരകള്‍ക്ക് പ്രതിരോധ മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യനുള്ളത് ഇനിയും ആയിട്ടില്ല. അതായത്, സംക്രമണ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുക മാത്രമേ രക്ഷയുള്ളൂ. കൊതുകിനെ തുരത്തണം, കൊതുകുകടി കൊള്ളാതെ സൂക്ഷിക്കണം എന്നെല്ലാം കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ ഏത് എയര്‍ടൈറ്റ് എസി ഹാളില്‍ നിന്ന് പ്രസംഗിച്ചാലും വായപൂട്ടുമ്പോള്‍ കൊതുക് അകത്ത് പെടാതെ നോക്കണം. നടക്കാത്ത കാര്യം അധികം സംസാരിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ക്ഷീണമേ വരുത്തൂ.

നമ്മളെ സംബന്ധിച്ച് ഇത് ആദ്യ അനുഭവമൊന്നുമല്ല. നിപ്പയ്ക്ക് മുന്‍പ് പന്നിപ്പനിയും പക്ഷിപ്പനിയും ഡെങ്കുവും ഒക്കെയായി നിരവധി വെറൈറ്റി പനികള്‍ നമ്മള്‍ കേരളീയര്‍ അഭിമുഖീകരിച്ച് കഴിഞ്ഞു. ഇപ്പോള്‍ തഴക്കവും പഴക്കവുമായി. അവയില്‍ മിക്കതും സൂനോട്ടിക് വിഭാഗത്തില്‍ പെട്ട (പക്ഷിമൃഗാദികളില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന) പനികള്‍ ആണ്. പ്രധാന കാരണം നമ്മള്‍ വ്യാവസായികമായി കൊതുകുവളര്‍ത്തല്‍ കൃഷി നടത്തുന്നതാണ്. രാവിലെ വൃത്തിയായി കുളിച്ച് കുട്ടപ്പനായി സുഗന്ധദ്രവ്യങ്ങള്‍ എല്ലാം പൂശി കാറെടുത്ത് പുറത്തിറങ്ങി പോകുന്ന വഴിയില്‍ നോക്കുന്നത് കയ്യില്‍ കരുതിയ വീട്ട് മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമാണ്. വ്യക്തി ശുചിത്വം കര്‍ശനമായും നിഷ്‌കര്‍ഷിക്കുന്ന നമ്മള്‍ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് പെരുമാറുന്നത്. ശ്രീനിവാസന്റെ ‘നഗരവാരിധി നടുവില്‍ ഞാന്‍’ എന്ന സിനിമ ഓര്‍ക്കുക.

അതുതന്നെയാണ് പ്രശ്‌നം; നഗരവാരിധി! അതിന് നടുവിലാണ് നമ്മള്‍. നഗരവല്‍ക്കരണത്തിന്റെ ഫലമായി വനമേഖല മാത്രമല്ല, നാട്ടിലെ വൃക്ഷ പ്രദേശങ്ങളും കുറഞ്ഞു. പിന്നെ എവിടെയാണ് പക്ഷികള്‍ ചേക്കേറുക? മുന്‍പ്, ഗൃഹങ്ങള്‍ പറമ്പുകള്‍ക്ക് നടുവില്‍ വിശാലമായ മുറ്റത്താല്‍ അതിരിട്ട് നിന്നു. മുറ്റത്തിനപ്പുറമാണ് പറമ്പ്. അവിടെയാണ് ഉയരമുള്ള വൃക്ഷങ്ങള്‍. അതിന് മുകളിലാണ് കാക്ക മുതല്‍ കുയില്‍ വരെയുള്ള പക്ഷികള്‍ കൂടുവെക്കുന്നത്. മനുഷ്യനും പക്ഷികളും തമ്മില്‍ പ്രകടമായ ദൂരം കാത്തുസൂക്ഷിക്കപ്പെട്ടു. എന്നാല്‍ ജനസംഖ്യാ വിസ്‌ഫോടനവും അണുകുടുംബ സംവിധാനവും ഓരോ ഗ്രാമത്തേയും നഗരമാക്കി മാറ്റി. അഞ്ച് സെന്റിലും മൂന്ന് സെന്റിലും വീട്. മരങ്ങള്‍ കട്ടിളകളും ജനലുകളും വാതിലുകളുമായി. അല്‍പ്പം കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ ആകാശചുംബികളായ ബഹുനില അപാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍. കേരളം കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ മൊത്തമൊന്ന് നോക്കൂ. തിരുവനന്തപുരത്ത് മാത്രമാണ് നഗര ഹൃദയത്തില്‍ പോലും മരങ്ങളുള്ളത്. അതിന് നന്ദി പറയേണ്ടത് സുഗതകുമാരിയോടാണ്.’വെള്ളിമൂങ്ങ’യില്‍ അജു വര്‍ഗീസിന്റെ കഥാപാത്രം ഇന്ത്യാഗേറ്റ് കണ്ട് ചിന്തിച്ചത് പോലെ, മറ്റെല്ലായിടത്തും നിറയെ മരം നട്ടു; റബ്ബര്‍ ആണെന്ന് മാത്രം.

ഞാനിപ്പോള്‍ ഹരിയാനയിലെ ഗുര്‍ഗോണില്‍ ആണ്. ദ്വാപര യുഗത്തില്‍ സാന്ദീപനി മഹര്‍ഷിയും ദ്രോണാചാര്യരും ജീവിച്ചു എന്ന് കരുതപ്പെടുന്ന ഇവിടം ഔദ്യോഗികമായി ‘ഗുരുഗ്രാം’ എന്നും ഹരിയാണിയില്‍ ഗുഡ്ഗാവ് എന്നും അറിയപ്പെടുന്നു. ഇന്ന് ഗൂഗിള്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ബഹുനില ഓഫിസുകളും ഒട്ടനേകം ഇന്ത്യന്‍ ഭീമന്മാരുടെ കോര്‍പ്പറേറ്റ് കാര്യാലയങ്ങളും നടപ്പുകാല രാജാക്കന്മാരുടെ വന്‍ കൊട്ടാരങ്ങളും നിറഞ്ഞ ഇവിടെ ഇപ്പോള്‍ പുറത്തേക്ക് നോക്കിയാല്‍ മരങ്ങളില്‍ കുരങ്ങനും ടെറസ്സിന് മുകളില്‍ മയിലും വന്നിരിക്കുന്നത് കാണാം. ഇവിടെയെല്ലാം കാല്‍ നൂറ്റാണ്ട് കാലം മുന്‍പ് വരെ കൃഷിഭൂമിയും വനവുമായിരുന്നു. ഈ വാനരനും മയൂരവും എവിടെ പോകും? അവര്‍ മനുഷ്യന്റെ സമീപത്തേക്ക് കൂടുതല്‍ വരുന്നു. ഓരോ വീട്ടിലും അടുക്കള എവിടെയാണെന്നും ഫ്രിഡ്ജ് എങ്ങിനെയാണ് തുറക്കുക എന്നും അവന് അറിയാം. തരം കിട്ടുമ്പോള്‍ ഫ്രിഡ്ജ് തുറന്ന് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കട്ടെടുത്ത് ഓടുന്നു. മയിലിന് വാട്ടര്‍ ടാപ്പ് എവിടെയാണെന്ന് അറിയാം. മനുഷ്യനും പക്ഷിമൃഗാദികളും തമ്മിലുള്ള ഭൗതിക അടുപ്പം കൂടുന്നു. ഇത് കൊതുകിന് വലിയ സൗകര്യമാവുന്നു; വെസ്റ്റ് നൈല്‍ പോലുള്ള അനേകായിരം രോഗാണുക്കള്‍ക്കും.

പുലി അല്ലെങ്കില്‍ ആന നാട്ടില്‍ ഇറങ്ങിയെന്ന് പത്രവാര്‍ത്തകള്‍. എന്നാല്‍ അവയോട് ചോദിച്ചുനോക്കൂ; അവര്‍ പറയും മനുഷ്യന്‍ അവരുടെ വനം വെട്ടിത്തെളിച്ച് അവരുടെ സ്ഥലം കയ്യേറിയെന്ന്. ഇത് കേരളം മുഴുവനുണ്ട്. പക്ഷികളുടെ ആവാസ വ്യവസ്ഥയെ നമ്മള്‍ വളരെയധികം അസ്ഥിരപ്പെടുത്തി. അവ നിലനില്‍പ്പനുള്ള പങ്കപ്പാടില്‍ നമ്മുടെ അടുത്തേക്ക് വരുന്നു. വേണ്ടീട്ടല്ല, വേറെ നിവര്‍ത്തിയില്ല. തെങ്ങോളമുയരത്തില്‍ ഫ്‌ളാറ്റ് പണിതത് നിങ്ങളാണ്. പനയോട് ചേര്‍ന്ന് മേല്‍ക്കൂര പണിതത് നിങ്ങളാണ്. മാവും പ്ലാവും വെട്ടിക്കളഞ്ഞത് നിങ്ങളാണ്. ഞാന്‍ നടന്ന വെളിമ്പറമ്പുകള്‍ അളന്ന് മുറിച്ച് കൊച്ചുകൊച്ചു പ്ലോട്ടുകള്‍ ആക്കി മതില്‍ കെട്ടിത്തിരിച്ച് വീട് പണിത് എന്റെ താമസസ്ഥലം കൈയേറിയത് നിങ്ങളാണ് എന്ന് പന്നികള്‍. നമ്മള്‍ തമ്മിലുള്ള ദൂരം നിങ്ങള്‍ കുറയ്ക്കുന്നു. അതിനിടയില്‍ എന്നില്‍ അര്‍പ്പിതമായ ചില രോഗാണുക്കള്‍ നിങ്ങള്‍, മനുഷ്യര്‍ വളര്‍ത്തുന്ന കൊതുകുകള്‍ക്കൊപ്പം പറന്ന് നിങ്ങളില്‍ എത്തുന്നു. ഇതാണ് പക്ഷികള്‍ക്ക്, പന്നികള്‍ക്ക് പറയാനുള്ള ന്യായം. നിഷേധിക്കാനാവില്ല ആര്‍ക്കും.

എല്ലാം തന്ന മരത്തിന് മഴുവും തീയുമല്ലാതെ മറ്റൊന്നും നല്‍കാതിരുന്ന നമ്മള്‍ക്കിടയില്‍ ഒരു പക്ഷിശാസ്ത്രജ്ഞന്‍ കൂട്ടിലടച്ച തത്തയുമായി നടപ്പുണ്ട്. ഇന്നയാള്‍ക്ക് കൂട് തുറക്കാന്‍ ഭയമാണ്. പക്ഷിയില്‍ നിന്ന് പ്രവചനം മാത്രമല്ലാതെ രോഗാണുവും പുറത്ത് വന്നാലോ.

Categories: FK Special, Slider