മേയുടെ രാജിക്ക് മുറവിളി; ഇനിയും വ്യക്തതയില്ലാതെ ബ്രക്‌സിറ്റ്

മേയുടെ രാജിക്ക് മുറവിളി; ഇനിയും വ്യക്തതയില്ലാതെ ബ്രക്‌സിറ്റ്

മേയുടെ ബ്രക്‌സിറ്റ് കരാറിന് അവര്‍ രാജിവെച്ചൊഴിഞ്ഞാല്‍ പിന്തുണയേറുമെന്ന് വിലയിരുത്തല്‍. എന്നാല്‍ അത്തരമൊരു നീക്കം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍

  • 2016 ജൂണ്‍ 23ന് നടന്ന ഹിതപരിശോധനയില്‍ ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തത് 51.9% പേര്‍
  • പുതിയൊരു ജനഹിത പരിശോധന കൂടി വേണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങുന്നു
  • ബ്രക്‌സിറ്റ് കരാറിന് അംഗീകാരം നേടിയെടുക്കാന്‍ മേക്ക് സാധിക്കുമോയെന്നത് ഇനിയും വ്യക്തമല്ല
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബ്രിട്ടന്‍ നീങ്ങുമെന്ന് മുന്നറിയിപ്പ്
  • തെരേസ മേക്കെതിരെയുള്ള എതിര്‍പ്പുകള്‍ ശക്തമാകുന്നു

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്ന പ്രക്രിയ ആയ ബ്രക്‌സിറ്റിനെ ചൊല്ലിയുള്ള അവ്യക്തതകള്‍ നീങ്ങുന്നില്ല. കഴിഞ്ഞ ദിവസമാണ് ബ്രക്‌സിറ്റ് തീയതി മാര്‍ച്ച് 29നല്‍ നിന്ന് നീട്ടി നല്‍കാന്‍ മേയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തത്.

മേയ് 22ലേക്ക് ബ്രക്‌സിറ്റ് തീയതി നീട്ടിക്കിട്ടിയത് ബ്രിട്ടന് ആശ്വാസം പകര്‍ന്നെങ്കിലും വ്യവസ്ഥകളോടെയാണിത്. തെരേസ മേ തയാറാക്കിയ പുറത്തുപോകല്‍ കരാര്‍ ബ്രിട്ടീഷ് എംപിമാര്‍ വീണ്ടും തള്ളിയാല്‍ ഏപ്രില്‍ 12ന് തന്നെ ബ്രിട്ടന്‍ പുറത്തുപോകേണ്ടി വരും.

മേയുടെ ബ്രക്‌സിറ്റ് കരാര്‍ രണ്ട് തവണ എംപിമാര്‍ തിരസ്‌കരിച്ചിരുന്നു. മൂന്നാം തവണ നടക്കുന്ന വോട്ടെടുപ്പിലും തിരിച്ചടി നേരിട്ടാല്‍ പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടാകും കാര്യങ്ങള്‍. മേയ് 23നാണ് യൂറോപ്യന്‍ യൂണിയ(ഇയു)നില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുമ്പ് ബ്രക്‌സിറ്റ് വിഷയത്തില്‍ തീരുമാനം വേണമെന്ന ഉറച്ച നിലപാടിലാണ് ഇയു.

രാജിയോ പരിഹാരം

തെരേസ മേ രാജിവെച്ചൊഴിഞ്ഞാല്‍ അവരുടെ ബ്രക്‌സിറ്റ് കരാറിന് കൂടുതല്‍ പിന്തുണ ലഭിച്ചേക്കുമെന്നാണ് കണ്‍സര്‍വേറ്റിവ് എംപിമാര്‍ വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള അടുത്ത ഘട്ട ചര്‍ച്ചകളില്‍ മേ ഇല്ലെന്ന് മനസിലാക്കിയാല്‍ എംപിമാര്‍ താല്‍പ്പര്യമില്ലാതെയാണെങ്കിലും ബ്രക്‌സിറ്റ് കരാറിനെ പിന്തുണച്ചേക്കുമെന്നാണ് ചിലരുടെ നിലപാട്.

ഈ ആഴ്ച്ച പുറത്തുപോകല്‍ കരാറില്‍ ധാരണയാകാതിരിക്കുകയോ മറ്റൊരു സമാന്തര പദ്ധതി അവതരിപ്പിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ ഏപ്രില്‍ 12ന് തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനോട് വിട പറയേണ്ടി വരും. മേയുടെ കരാര്‍ പാസായാല്‍ ബ്രക്‌സിറ്റ് മേയ് 22 വരെ ബ്രിട്ടന് സമയമുണ്ടാകും.

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് തെരേസ മേയെ പുറത്താക്കാന്‍ ചില കാബിനറ്റ് മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എംപിമാരുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സാധ്യതയില്ലെന്നാണ് മറുപക്ഷം വ്യക്തമാക്കിയത്.

പുതിയൊരു ഇയു ജനഹിത പരിശോധന വേണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് പേരാണ് സെന്‍ട്രല്‍ ലണ്ടനില്‍ ശനിയാഴ്ച്ചയും തെരുവിലിറങ്ങിയത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതുണ്ടോയെന്ന ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ 51.9 ശതമാനം പേര്‍ പുറത്തുപോകണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 2016 ജൂണിലായിരുന്നു ചരിത്രപരമായ ഹിത പരിശോധന. 48.1 ശതമാനം പേര്‍ ബ്രിട്ടന്‍ ഇയുവില്‍ തുടരണമെന്ന് പറഞ്ഞു. 4.64 കോടി വോട്ടര്‍മാരില്‍ 71.8 ശതമാനം പേരാണ് ഹിതപരിശോധനയില്‍ വോട്ടു രേഖപ്പെടുത്തിയത്. 28 രാഷ്ട്രങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമോ വേണ്ടയോ എന്ന ഒരു ചോദ്യം മാത്രമേ ബാലറ്റ് പേപ്പറില്‍ ഉണ്ടായിരുന്നുള്ളൂ.

യൂണിയനില്‍ നിന്ന് പുറത്തുപോകേണ്ടെന്ന തീരുമാനമാകും ബ്രിട്ടന്‍ ജനത കൈക്കൊള്ളുകയെന്നായിരുന്നു പ്രവചനങ്ങളെങ്കിലും അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് ബ്രിട്ടന്‍ നവയുഗ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.

1957ല്‍ രൂപംകൊണ്ട യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയുടെ പരിഷ്‌കരിച്ച രൂപമാണ് യൂറോപ്യന്‍ യൂണിയന്‍. 1982ല്‍ ഗ്രീന്‍ലന്‍ഡ് യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ എന്ന പേരു സ്വീകരിച്ച ശേഷം ആദ്യമായി യൂണിയനില്‍ നിന്നു പുറത്തുപോകുന്ന രാജ്യമാണ് ബ്രിട്ടന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബ്രക്‌സിറ്റ് യുകെയെ തള്ളിവിടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: Teresa may