ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 142 മില്യണ്‍ ഡോളര്‍ നിക്ഷേപ സഹായവുമായി ഹബ്ബ് 71

ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 142 മില്യണ്‍ ഡോളര്‍ നിക്ഷേപ സഹായവുമായി ഹബ്ബ് 71

സോഫ്റ്റ്ബാങ്ക് പങ്കാളിത്തത്തോടെയുള്ള അബുദബി സംരംഭം

അബുദബി: ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പുമായി സഹകരിച്ച് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി പുതിയ കേന്ദ്രം ആരംഭിക്കാന്‍ അദുദബി സര്‍ക്കാര്‍ തീരുമാനിച്ചു. ഹബ്ബ് 71 എന്നറിയപ്പെടുന്ന പുതിയ ടെക് ഹബ്ബ് ടെക്‌നോളജി രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 142 മില്യണ്‍ ഡോളര്‍ (520 ദശലക്ഷം ദിര്‍ഹം) നിക്ഷേപമാണ് നല്‍കുക.

അബുദബിയുടെ 225 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സോവറീന്‍ വെല്‍ത്ത് ഫണ്ടായ മുബദാല നിക്ഷേപ കമ്പനിയുടെ അമേരിക്ക ആസ്ഥാനമായുള്ള ടെക് സംരംഭമായ മുബദാല വെന്‍ച്വേഴ്‌സ് ആണ് യുഎഇയില്‍ പുതിയ ടെക് ഹബ് ആരംഭിക്കുന്നത്. ഈ ഹബ്ബില്‍ മൈക്രോസോഫ്റ്റിനും പങ്കാളിത്തമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

യുഎഇ രാജ്യം നിലവില്‍ വന്ന 1971 വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടെക് ഹബ്ബിന് ഹബ്ബ് 71 എന്ന പേര് നല്‍കാന്‍ തീരുമാനിച്ചത്. സോഫ്റ്റ്ബാങ്ക്, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ടെക് ഹബ്ബില്‍ ആരംഭിക്കും. ഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട ടെക്‌നോളജിയും ക്ലൗസ് സേവനങ്ങളും ഒരുക്കുന്നത് മെക്രോസോഫ്റ്റ് ആയിരിക്കും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുമായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 13.6 ബില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജായ ഗാദന്‍ 21ന്റെ പരിധിയില്‍ പെടുന്നതാണ് പുതിയ ടെക് ഹബ്ബ്. ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികളുമായി സഹകരിച്ച് ടെക് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറ്റവും മികച്ച ഇടമെന്ന നിലയിലുള്ള യുഎഇയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഗാദന്‍ 21ന് ഉണ്ട്.

യുഎഇയോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജപ്പാന്‍ ആസ്ഥാനമായുള്ള സോഫ്റ്റ് ബാങ്ക് യുഎഇയിലെ അബുദബിയിലും സൗദി അറേബ്യയിലെ റിയാദിലും കഴിഞ്ഞ വര്‍ഷം ഓഫീസ് തുറന്നിരുന്നു. അബുദബിയില്‍ ഓഫീസ് തുടങ്ങുന്നത് സംബന്ധിച്ച് സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ടില്‍ നിന്നും നിക്ഷേപം സ്വീകരിച്ച ഇംപ്രോബബിള്‍, ഒയൊ, പ്ലെന്റി, സെന്‍സ്‌ടൈം, വിവര്‍ക്ക് തുടങ്ങിയ കമ്പനികളുമായി മുബദാല ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ടില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് മുബദാല തീരുമാനിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ശേഷം വിഷന്‍ ഫണ്ടിലേക്ക് ലഭിച്ച രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. അതേസമയം ഈ തുകയുടെ പകുതി 400 മില്യണ്‍ ഡോളറിന്റെ മുബദാലയുടെ യൂറോപ്യന്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിന് നല്‍കുമെന്ന് സോഫ്റ്റ്ബാങ്ക് അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Tech startup