ടാറ്റ മോട്ടോഴ്‌സും കാവസാക്കിയും വില വര്‍ധന പ്രഖ്യാപിച്ചു

ടാറ്റ മോട്ടോഴ്‌സും കാവസാക്കിയും വില വര്‍ധന പ്രഖ്യാപിച്ചു

വിവിധ ടാറ്റ മോഡലുകള്‍ക്ക് 25,000 രൂപ വരെയും കാവസാക്കി ബൈക്കുകള്‍ക്ക് ഏഴ് ശതമാനം വരെയും വില വര്‍ധിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. വിവിധ മോഡലുകള്‍ക്ക് 25,000 രൂപ വരെ വില വര്‍ധിക്കും. ഏപ്രില്‍ ഒന്നിന് വില വര്‍ധന പ്രാബല്യത്തില്‍ വരും. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതും മറ്റ് സാമ്പത്തിക സാഹചര്യങ്ങളുമാണ് കാരണങ്ങളെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയ ഹാരിയര്‍ എസ്‌യുവി ഉള്‍പ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും വില വര്‍ധിച്ചേക്കും.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് വില വര്‍ധന പ്രഖ്യാപിക്കുന്നത്. ജനുവരിയില്‍ ഇന്ത്യയിലെ ടാറ്റ കാറുകള്‍ക്ക് 40,000 രൂപ വര്‍ധിച്ചിരുന്നു. ടിയാഗോ ഹാച്ച്ബാക്കിന്റെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്. കൂടാതെ മാരുതി സുസുകി ബലേനോയുടെ എതിരാളിയായി ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് വൈകാതെ പുറത്തിറക്കും. ടാറ്റ ഹാരിയറിന്റെ 7 സീറ്റര്‍ വേര്‍ഷനും വിപണിയിലെത്തിക്കും.

അതേസമയം, തെരഞ്ഞെടുത്ത മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് (ഐകെഎം) അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ശതമാനം വരെയാണ് വില വര്‍ധിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് പ്രധാന കാരണമായി ഐകെഎം ചൂണ്ടിക്കാട്ടുന്നത്. എതെല്ലാം മോഡലുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നതെന്ന് കാവസാക്കി വ്യക്തമാക്കിയില്ല. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച 300 മോഡലിന്റെ വിലയില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.

ഇസഡ്250, നിഞ്ച 300, വെഴ്‌സിസ്-എക്‌സ് 300, നിഞ്ച 400, നിഞ്ച 650, ഇസഡ്650, വെഴ്‌സിസ് 650, വള്‍ക്കന്‍ എസ്, വെഴ്‌സിസ് 1000, നിഞ്ച 1000, നിഞ്ച ഇസഡ്എക്‌സ്-6ആര്‍, നിഞ്ച ഇസഡ്എക്‌സ്-10ആര്‍, നിഞ്ച ഇസഡ്എക്‌സ്-10ആര്‍ആര്‍ എന്നീ കാവസാക്കി മോഡലുകള്‍ പുണെയ്ക്കു സമീപം ചാകണ്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്. സൂപ്പര്‍സ്‌പോര്‍ട്‌സ്, നേക്കഡ്, സ്‌പോര്‍ട്‌സ് ടൂറര്‍, ക്രൂസര്‍, ഓഫ് റോഡ് വിഭാഗങ്ങളിലായി 29 മോഡലുകളാണ് കാവസാക്കി വില്‍ക്കുന്നത്.

Comments

comments

Categories: Auto